തിരുവനന്തപുരം : മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള പോക്‌സോ കേസുമായി ബന്ധപ്പെട്ട് പരാമര്‍ശം നടത്തിയതില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കേസ് നല്‍കാന്‍ നീക്കവുമായി കെപിസിസി. പാര്‍ട്ടി പത്രമായ ദേശാഭിമാനിയെ ഉദ്ദരിച്ചുകെണ്ട് എം.വി. ഗോവിന്ദന്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് നടപടി.
സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ തിങ്കളാഴ്ച തന്നെ കേസ് ഫയല്‍ ചെയ്‌തേക്കും. ഇതിനായി അഭിഭാഷകനെ കണ്ട് സംസാരിക്കുന്നതടക്കമുള്ള നിയമനടപടികളും പൂര്‍ത്തിയാക്കി കഴിഞ്ഞതായാണ് വിവരം. സ്വകാര്യ മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കുട്ടി മോന്‍സന്‍ മാവുങ്കലിന്റെ പീഡനത്തിനിരയാകുന്ന സമയത്ത് അവിടെ കെ. സുധാകരന്‍ ഉണ്ടായിരുന്നുവെന്നായിരുന്നു ഗോവിന്ദന്‍ നടത്തിയ ആരോപണം. ഇതുമായി ബന്ധപ്പെട്ട നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കെ. സുധാകരന്റെ തീരുമാനം.
അതിനിടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരായ കേസ് കോണ്‍ഗ്രസുകാര്‍ തന്നെ ഉണ്ടാക്കിയതെന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.കെ. ബാലന്‍ പ്രതികരിച്ചു. വസ്തുത ഇതായിരിക്കെ എന്തിനാണ് കേസിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ തലയില്‍ ഇടുന്നത്. വിളക്കിനുള്ളിലാണ് ഇരുട്ടുള്ളതെന്ന് സുധാകരന്‍ വൈകാതെ മനസിലാക്കും. കൂടെ നില്‍ക്കുന്നവരാണ് തന്നെ ഇതിലേക്ക് എത്തിച്ചതെന്ന് ഏതാനും ദിവസങ്ങള്‍ക്കകം സുധാകരന്‍ തിരിച്ചറിയുമെന്നും എ.കെ.ബാലന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: