അഡ്വ. കെ.രാംകുമാര്‍
ജനാധിപത്യവിശ്വാസം രൂഢമൂലമായി ഉള്‍ക്കൊള്ളുന്ന ഭാരതീയ ജനത ഒരിക്കലും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത ഒരുദിവസമാണ് ജൂണ്‍ 26. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്വന്തം സ്ഥാനത്തിന് ഭീഷണി നേരിട്ടപ്പോള്‍ എന്തുകുത്സിതമാര്ഗവും ഉപയോഗിച്ച് അത് നിലനിര്‍ത്താന്‍ പരിശ്രമിച്ച ഒരു രാഷ്ട്രനേതാവും അവരുടെ കക്ഷിയും നിഷ്കളങ്കരായ ഇന്ത്യന്‍ ജനതയുടെ മേല്‍ അടിച്ചേല്‍പ്പിച്ചതാണ് കുപ്രസിദ്ധി നേടിയ അടിയന്തിരാവസ്ഥ.
ഭാരതത്തിലെ ജനങ്ങള്‍ വിലപ്പെട്ടതാണെന്ന് കരുതുന്നതും അമൂല്യമാണെന്ന് അഭിമാനിക്കുകയും ചെയ്യുന്ന എല്ലാ അവകാശങ്ങളും ഒരൊറ്റ വിജ്ഞാപനം വഴി അടിയന്തിരാവസ്ഥയുടെ ഉപജ്ഞാതാക്കള്‍ എടുത്തുകളഞ്ഞു. കോടതികള്‍ നിര്‍ജീവമാക്കി. പത്രങ്ങളുടെ വായമൂടിക്കെട്ടി. ജനങ്ങള്‍ ആരാധിച്ചിരുന്ന ജനനേതാക്കള്‍ ജയലിലുമായി.
എന്നിട്ടും പ്രബുദ്ധരായ ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തിറങ്ങി. അവര്‍ക്ക് ഭീകരമായ മര്‍ദ്ദനവും തടവുശിക്ഷയും മരണം വരെയും നേരിടേണ്ടിവന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം ജനങ്ങളും ഭയചകിതരായി മാറി. കുനിയാന്‍ മാത്രം പറഞ്ഞപ്പോള്‍ ഇഴയാന്‍ വരെ തയ്യാറായ മനഃസ്ഥിതിയാണ് ഒരുവിഭാഗം പ്രകടിപ്പിച്ചത്. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അടിയന്തിരാവസ്ഥ ജനനന്മയ്ക്ക് എന്ന മുദ്രാവാക്യം വിളിക്കാനും ചുമരെഴുത്ത് നടത്താനും ചിലര്‍ തയ്യാറായി. വിചിത്രമെന്ന് പറയട്ടെ പാവപ്പെട്ട വിഭാഗത്തെ പ്രതിനിധീകരിക്കുന്നൂവെന്ന് വീമ്പടിക്കുന്ന ചില അഖിലലോക രാഷ്ട്രീയകക്ഷികള്‍ പോലും ജനനന്മയ്ക്ക് എന്ന പ്രചാരണത്തില്‍ സജീവ പങ്കാളികളായി.
ഭാഗ്യവശാല്‍ ഭാരതത്തിലെ ജനതശക്തമായി തിരിച്ചടിച്ചു. വോട്ടവകാശം വിനിയോഗിക്കാനുള്ള അവസരം വന്നപ്പോള്‍ രാജ്യത്തെ വലിയ ഭൂപ്രദേശമാകെ ഒറ്റക്കെട്ടായി വിധിയെഴുതി. ജനാധിപത്യവും പഠനാവകാശങ്ങളും പുനരുജ്ജീവിക്കപ്പെട്ടു. അടിയന്തിരാവസ്ഥയുടെ ഉപജ്ഞാതാക്കളും അവയ്ക്ക് ചൂട്ട് പിടിച്ചവരും എറ്റുപറഞ്ഞു ഞങ്ങള്‍ക്ക് പാളിച്ചപറ്റി എന്ന്. അവസരവാദരാഷ്ട്രീയം മറനീക്കി പുറത്തുവന്നു. ഇന്നിപ്പോള്‍ അവരില്‍ ചിലര്‍ തന്നെ പരിഹാസത്തോടുകൂടി പദപ്രയോഗം നടത്തുന്നു മിനി അടിയന്തിരാവസ്ഥ നിലവിലുണ്ട് എന്ന്.
ഈ രാജ്യം എപ്പോഴെങ്കിലും മറ്റൊരടിയന്തിരാവസ്ഥ സഹിക്കാന്‍ തയ്യാറാകുമോ ? ഒരിക്കലുമില്ല. ജനാധിപത്യവും സ്വാതന്ത്ര്യബോധവും ശക്തമായ രീതിയില്‍ ഇവിടുത്തെ ജനങ്ങളെ മനസ്സിലുണ്ട്. ഒരു സാധാരണ അലക്കുകാരന് രാജപത്നിയെ വരെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന രാജ്യമാണിത്. സിംഹാസനം കൈയില്‍ കിട്ടിയപ്പോഴും ജ്യേഷ്ഠന്റെ പാദുകം വച്ച് പൂജിക്കാന്‍ മാതൃക കാണിച്ച രാജാക്കന്മാരുടെ രാജ്യമാണിത്.
അതുകൊണ്ട് ഇനി ഒരിക്കലും അടിയന്തിരാവസ്ഥ ഈ രാജ്യത്ത് നടപ്പാക്കാന്‍ പോകുന്നില്ല. അതാഗ്രഹിക്കുന്നവര്‍ ദയനീയമായി പരാജയപ്പെടും എന്നുള്ളത് ഉറപ്പാണ്. മറ്റൊരു ജൂണ്‍ 26 ന്റെ ആവര്‍ത്തനം ഇനി ഒരിക്കലും ഉണ്ടാകാന്‍ പോകുന്നില്ല.
ബ്രിട്ടീഷ് രാജിനെ പോലും ലജ്ജിപ്പിക്കുന്ന, നാസി-ഫാസിസ്റ്റ് ഭരണകൂടങ്ങളെ ഓര്‍മ്മിപ്പിക്കുന്ന, ആ കരിദിനങ്ങള്‍ ഭാരതീയ ജനത ഇനി ഒരിക്കലും ആഗ്രഹിക്കില്ല.
രാജ്യത്ത് ജനാധിപത്യ സംരക്ഷണത്തിനും പുഃസ്ഥാപനത്തിനും വേണ്ടി രാജ്യത്തിനകത്തും പുറത്തും നടന്ന മഹത്തായ രണ്ടാം സ്വാതന്ത്ര്യസമരത്തില്‍ എളിയ പങ്കുവഹിച്ച എനിക്ക് നേരിട്ട് അറിയാവുന്ന ചില സംഭവങ്ങള്‍ വിവരിക്കട്ടെ. കോഴിക്കോടുകാരനായ അത്തോളി ശിവദാസ് അറസ്റ്റുചെയ്യപ്പെട്ടത് ആലപ്പുഴയിലാണ്. തികച്ചും നിരപരാധിയായ അദ്ദേഹത്തെ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ വച്ച് ഭീകരമായ മര്‍ദ്ദനമുറകള്‍ക്ക് വിധേയനാക്കി. അദ്ദേഹം പുറത്തുവന്നത് ഒരു ജീവച്ഛവമായിട്ടായിരുന്നു. വൈക്കം ഗോപകുമാര്‍ അനുഭവിച്ച ശാരീരിക പീഡനങ്ങള്‍ വിവരിക്കുക എന്നതുതന്നെ വേദനാജനകമാണ്. നാലുവര്ഷങ്ങള്ക്കുമുമ്പുള്ള അദ്ദേഹത്തിന്റെ അന്ത്യം ഇഞ്ചിഞ്ചായ മരണമായിരുന്നു. കൊച്ചിയിലെ പുരുഷോത്തമ പൈ വാക്കുകള്‍ക്കതീതമായ മര്‍ദ്ദനമുറകള്‍ക്ക് വിധേയനായത് ‘അടിയന്തിരാവസ്ഥ പിന്‍വലിക്കുക’ എന്ന മുദ്രാവാക്യം വിളിച്ചതിന് മാത്രമാണ്. നിരവധി പേര് കടുത്ത മര്‍ദ്ദനങ്ങളുടെ ഫലമായി മരണതുല്യജീവിതം സഹിച്ച് മരിച്ചു. ഇനിയും പലര് അതേ രീതിയില്‍ ദയനീയ ജീവിതം നയിക്കുന്നു. വിസ്താരഭയത്താല്‍ അതിലേക്ക് കടുതല്‍ കടക്കുന്നില്ല. കിരാത മര്‍ദ്ദനഫലമായി നരകതുല്യം ജീവിക്കുന്ന എം.എ. സുകുമാരനെയും ഈയവസരത്തില്‍ ഓര്‍ക്കുന്നു.
ഒന്നുതീര്‍ച്ച; ജനാധിപത്യ വിശ്വാസികളായ ഭാരതജനത അത്തരത്തിലുള്ള അതിക്രൂരമായ ഏകാധിപത്യം ഒരിക്കലും അര്‍ഹിച്ചിരുന്നില്ല. ഇനിയും അത്തരം ഒരു ഫാസിസ്റ്റ് കുടുംബവാഴ്ച നമുക്ക് വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: