കെ. സുരേന്ദ്രന്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍
1975 ജൂണ്‍ 25 അര്‍ദ്ധരാത്രി ഇന്ത്യയുടെ ജനാധിപത്യത്തെ ഇന്ദിരാഗാന്ധി കാശാപ്പ് ചെയ്ത ദിനം. പ്രതിപക്ഷ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കുകയും ഏകാധിപത്യത്തിന്റെ കീഴില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തെ കൊണ്ടെത്തിക്കുകയും ചെയ്തിട്ട് ഇന്നേക്ക് 48 വര്‍ഷം തികയുന്നു. പാര്‍ലമെന്റ് സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ബംഗലൂരുവില്‍ എത്തിയ അടല്‍ ബിഹാരി വാജ്‌പേയിയേയും എല്‍.കെ.അദ്വാനിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ‘1975 ജൂണ്‍ 26 നമ്മുടെ ധാരണയിലുള്ള ഭാരത ജനാധിപത്യത്തിന്റെ അവസാന ദിനമെന്ന് തെളിഞ്ഞേക്കാം. അത് അങ്ങനെയല്ലെന്ന് വരട്ടെയെന്ന് ആശിക്കാനേ നിര്‍വാഹമുള്ളു’ എന്നായിരുന്നു തന്റെ അറസ്റ്റിനോടുള്ള പ്രതികരണമായി എല്‍.കെ.അദ്വാനി ഡയറിയില്‍ കുറിച്ചത്. സര്‍ക്കാരിന്റെ അഴിമതിക്കും സ്വേച്ഛാധിപത്യത്തിനുമെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങളായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചത്.
അടിയന്തരാവസ്ഥയുടെ കിരാത ദിനരാത്രങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് അടുത്ത കാലത്ത് കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍. അടിയന്തരാവസ്ഥ എന്ന മനോഭാവം ആദ്യം ആക്രമിക്കുക ജനാധിപത്യത്തിന്റെ നാലാംതൂണായ മാദ്ധ്യമങ്ങളെയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാത്രിയില്‍ ഇന്ദിരാഗാന്ധി ആദ്യം ചെയ്തത് ദല്‍ഹിയിലെ പത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന റോഡിലെ വൈദ്യുതിബന്ധം വിഛേദിക്കുകയായിരുന്നു. അതിന് ശേഷം നടന്ന സെന്‍സര്‍ഷിപ്പുകളും പത്രമാരണ നിയമങ്ങളും ലോകത്തിന് മുമ്പില്‍ നമ്മുടെ നാടിന്റെ മാനംകെടുത്തി. ഇന്ന് പിണറായി വിജയനും ചെയ്യുന്നത് സമാനമായ കാര്യങ്ങളാണ്. മാദ്ധ്യമങ്ങളുടെ വാമൂടികെട്ടാനാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണന കൊടുക്കുന്നത്. സര്‍ക്കാരിന്റെ അഴിമതികള്‍ ചോദ്യം ചെയ്യുന്നവരെ കള്ളക്കേസില്‍ കുടുക്കുകയും തട്ടിപ്പും ക്രമക്കേടും പുറത്തുകൊണ്ടുവരുന്ന മാദ്ധ്യമ പ്രവര്‍ത്തകരെ വേട്ടയാടുകയുമാണ് പിണറായിസം. കമ്മ്യൂണിസ്റ്റുകാര്‍ എവിടെയൊക്കെ ഭരണത്തില്‍ എത്തിയിട്ടുണ്ടോ അവിടെയെല്ലാം ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. തുടര്‍ഭരണത്തിന്റെ ഹുങ്കില്‍ അവര്‍ കേരളത്തിലും സമാനമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
കേരളത്തിലെ പിണറായി വിജയന്റെ സര്‍ക്കാരും ഇന്ദിരാഗാന്ധിയുടെ സര്‍ക്കാരും തമ്മില്‍ വലിയ സാമ്യമുണ്ട്. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളാണ് ഫാസിസ്റ്റ് സര്‍ക്കാരിന് നേരിടേണ്ടി വന്ന ആദ്യത്തെ വെല്ലുവിളി. വിദ്യാര്‍ത്ഥി പരിഷത്തിന്റെ നേതൃത്വത്തില്‍ ബീഹാറിലും ഗുജ്‌റാത്തിലും നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ നേരിടാനായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വ്യാജരേഖ ചമച്ച് കേരളത്തിലെ ക്യാമ്പസുകളില്‍ എസ്എഫ്‌ഐ നേതാക്കള്‍ ജോലി നേടുകയാണ്. അതോടൊപ്പം പരീക്ഷ എഴുതാതെ പാസാവുന്ന സംസ്ഥാന സെക്രട്ടറിയാണ് അവരുടെ അലങ്കാരം. എസ്എഫ്‌ഐ നേതാക്കള്‍ വ്യാജസര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി കേരളത്തില്‍ ഏതു കോളജിലും ഏത് കോഴ്‌സിനും ചേരുന്ന സഹാഹചര്യവുമുണ്ടായി. ഇതിനെതിരെ കേരളത്തിലെ തെരുവുകളില്‍ വിദ്യാര്‍ത്ഥി പരിഷത്തിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമാവുകയാണ്. പഠിച്ച് മാര്‍ക്ക് വാങ്ങുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് കേരളത്തിലെ കോളജുകളില്‍ അഡ്മിഷന്‍ ലഭിക്കാതിരിക്കുമ്പോഴാണ് എസ്എഫ്‌ഐക്കാരന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി പഠിക്കാനെത്തുന്നത്. ആയിരക്കണക്കിന് യുവാക്കള്‍ അര്‍ഹതയുണ്ടായിട്ടും ജോലി കിട്ടാതെ കഷ്ടപ്പെടുമ്പോഴാണ് എസ്എഫ്‌ഐക്കാര്‍ വ്യാജരേഖയുണ്ടാക്കി ജോലിയില്‍ കയറുന്നത്.
കേരളത്തിലെ പ്രധാന നഗരങ്ങളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് അടിച്ചു കൊടുക്കുന്ന കേന്ദ്രങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടന നടത്തുന്നുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. മുമ്പ് പിഎസ്‌സിയില്‍ വരെ ക്രമക്കേട് നടത്തി ജോലി നേടിയവരാണ് ഇവരെന്ന് മറക്കരുത്. ഈ അനീതിക്കെതിരായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് എസ്എഫ്‌ഐക്കെതിരെ ഗൂഢാലോചന നടത്തുന്നവരെ കൈകാര്യം ചെയ്യുമെന്നാണ്. സര്‍ക്കാരിനെതിരെ ശബ്ദിച്ചാല്‍ ആ ശബ്ദം അടിച്ചമര്‍ത്തുമെന്ന ഭീഷണി എം.വി.ഗോവിന്ദന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. അടിയന്തരാവസ്ഥ 1977ല്‍ അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം സെക്രട്ടറിയുടെ നിലപാട്.
പിണറായി സര്‍ക്കാര്‍ ഏഴുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സമ്പൂര്‍ണ്ണമായ ഭരണതകര്‍ച്ചയാണ് കേരളത്തിലുള്ളത്. ഇനി ഒരിക്കലും അധികാരത്തില്‍ തിരിച്ചെത്താന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ സിപിഎം അതുകൊണ്ട് തന്നെ കടുംവെട്ട് നടത്തുകയാണ്. എഐ ക്യാമറ അഴിമതിയും കെ-ഫോണ്‍ തട്ടിപ്പും ആസൂത്രിതമായ അഴിമതികളാണ്. അഴിമതിയോടൊപ്പം ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം അടിച്ചേല്‍പ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. 4000 കോടിയോളം രൂപയുടെ അധിക നികുതിയാണ് പിണറായി സര്‍ക്കാരിന്റെ എട്ടാം വര്‍ഷത്തില്‍ ചുമത്തിയത്. പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയതോടെ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും വിലകൂടി. തൊട്ടടുത്ത സംസ്ഥാനങ്ങളിലും മാഹിയിലും കേരളത്തിനെ അപേക്ഷിച്ച് 12-15 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും കുറവു വരുന്നത്. കെട്ടിട നിര്‍മാണ മേഖലയിലാവട്ടെ റോക്കറ്റ് നികുതി വര്‍ധനയാണ് പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. അരിക്കും പച്ചക്കറിക്കും ഉള്‍പ്പെടെ പൊള്ളുന്ന വിലയാണ് ഇന്ന് കേരളത്തിലുള്ളത്. വെള്ളക്കര വര്‍ധന നാട്ടുകാരുടെ നട്ടെല്ലൊടിച്ചു നില്‍ക്കുമ്പോഴാണ് അടുത്ത മാസം വീണ്ടും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. സര്‍ക്കാരിന്റെ നെറികേട് ആരും ചോദ്യം ചെയ്യാതിരിക്കാന്‍ ജനങ്ങളെ ഭയപ്പെടുത്തുകയാണ് പോംവഴി എന്നാണ് സിപിഎം കരുതുന്നത്. എന്നാല്‍ അടിയന്തരാവസ്ഥ സിപിഎം മറക്കരുത്. രാജ്ഞിയെ പോലെ രാജ്യം ഭരിച്ചിരുന്ന ഇന്ദിരാഗാന്ധിയെ ചെറുത്തു തോല്‍പ്പിച്ചവരാണ് ഈ നാട്ടുകാരെന്ന് പിണറായി വിജയന്‍ ഓര്‍ത്തുകൊണ്ടേയിരിക്കണം. ഫാസിസത്തിന് മുമ്പില്‍ മുട്ടുമടക്കാന്‍ ഈ രാജ്യം ചൈനയോ ക്യൂബയോ അല്ല, ഇത് ഇന്ത്യയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: