കാഞ്ഞാണി: ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, ബേക്കറി പലഹാര നിര്‍മാണ യൂണിറ്റ്, മറ്റു ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയില്‍ പഞ്ചായത്ത്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ ബേക്കറി പലഹാരങ്ങള്‍ ഉത്പാദിപ്പിക്കുന്ന നേതാജി ബേക്കറി യൂണിറ്റില്‍ പലഹാരങ്ങളില്‍ ചേര്‍ക്കുന്ന വസ്തുക്കള്‍ വൃത്തിഹീനമായ രീതിയില്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ യൂണിറ്റിന്റെ പിന്‍വശത്ത് കൂട്ടിയിട്ട് കത്തിക്കുന്നതായും കണ്ടെത്തി. ഈ യൂണിറ്റ് അടച്ചുപൂട്ടുകയും 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
ബഹ്വാന്‍ വെജിറ്റേറിയന്‍ റസ്റ്റോറന്റിന് പിന്‍വശത്ത് വൃത്തിഹീനമായ രീതിയില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതായും മലിന ജലം സംസ്‌കരിക്കാന്‍ ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കാത്തതും കണ്ടെത്തിയതിനെ തുടര്‍ന്ന് 25,000 രൂപ പിഴ ചുമത്തി. ബഹ്വാന്‍ നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലില്‍ മലിനജലം സംസ്‌കരിക്കാനുള്ള ശാസ്ത്രീയ സംവിധാനം ഇല്ലാത്തതിന്റെ പേരില്‍ 5000 രൂപയും പിഴ ചുമത്തി.
ഗണേശമംഗലത്തുള്ള ചിക്ക് കിംഗ് എന്ന സ്ഥാപനത്തില്‍ മൂന്ന് ദിവസം പഴക്കമുള്ള പിസ്സ ബേസ് കണ്ടെത്തി നശിപ്പിച്ചു. ഇവരില്‍ നിന്ന് 2000 രൂപ പിഴ ചുമത്തി. ഗണേശമംഗലത്തുള്ള യെല്ലോസ് ഹോട്ടലില്‍ വൃത്തിഹീനമായ രീതിയില്‍ ഭക്ഷണവസ്തുക്കള്‍ സൂക്ഷിച്ചത് ശ്രദ്ധയില്‍പ്പെടുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞതായി കണ്ടെത്തുകയും ചെയ്തു. ഇതുകൂടാതെ മലിനജലം സംസ്‌കരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടില്ലായിരുന്നു. ഈ സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിതകര്‍മ സേന പ്രവര്‍ത്തകര്‍ക്ക് നല്‍കാതെ അലക്ഷ്യമായി കൂട്ടിയിടുകയോ കത്തിക്കുകയോ ചെയ്യുന്നത് 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും സെക്രട്ടറി അറിയിച്ചു. ഹരിതകര്‍മ സേന പ്രവര്‍ത്തകര്‍ക്ക് യൂസര്‍ ഫീ നല്‍കുന്ന വിവരങ്ങള്‍ അടങ്ങിയ ഹരിത കാര്‍ഡ് ഹാജരാക്കാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇനി മുതല്‍ ഗ്രാമപഞ്ചായത്ത് സേവനങ്ങള്‍ ലഭ്യമാവുകയില്ലെന്ന് സെക്രട്ടറി അറിയിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലിന്‍സ് ഡേവിഡ്, വാടാനപ്പിള്ളി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രിന്‍സ്, ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരായ ബാബു തോമസ്, ടി. ജി. സുഭാഷ്, മുഹമ്മദ് അസ്ലം, മുഹമ്മദ് ജസീല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: