തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യല്‍ മീഡിയ പ്രചാരകര്‍ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ വിദ്യാഭ്യാസ ഓഫീസുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ സ്വാധീനിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ തെറ്റുകളിലേക്ക് നയിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഇക്കാര്യങ്ങളില്‍ അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വലിയ ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞദിവസം ഒരു യൂട്യൂബര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിയമനടപടികള്‍ ഇനിയും ഉണ്ടാകും. സാമൂഹിക മാധ്യമങ്ങളിലൂടെ പൊതു വിദ്യാഭ്യാസ വകുപ്പിനെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടി ഉണ്ടാകും. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല.
വിദ്യാഭ്യാസ ഓഫീസുകള്‍ വൃത്തിയായി സൂക്ഷിക്കണം. ഒരോ ഓഫീസിലും ശുചിത്വത്തിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്ന നയം സൃഷ്ടിക്കേണ്ടതുണ്ട് . എല്ലാ ജീവനക്കാരെയും ഈ നയം അറിയിക്കുകയും അവരുടെ ഉത്തരവാദിത്തങ്ങള്‍ ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.ട്രാഷ് ക്യാനുകള്‍, റീസൈക്ലിംഗ് ബിന്നുകള്‍, ക്ലീനിംഗ് സൊല്യൂഷനുകള്‍, പേപ്പര്‍ ടവലുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍ എന്നിവ പോലെ ആവശ്യമായ ശുചീകരണ സാമഗ്രികള്‍ ഓഫീസില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
ദൈനംദിന, പ്രതിവാര, പ്രതിമാസ ജോലികള്‍ ഉള്‍പ്പെടുന്ന ഒരു ക്ലീനിംഗ് ഷെഡ്യൂള്‍ ഓരോ ഓഫീസും വികസിപ്പിക്കണം. ജീവനക്കാര്‍ അവരുടെ മേശകളും പരിസരവും വൃത്തിയായും ചിട്ടയായും സൂക്ഷിക്കേണ്ടതുണ്ട് . ശരിയായ മാലിന്യ നിര്‍മാര്‍ജനം, ഹാന്‍ഡ് സാനിറ്റൈസറുകളുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള സൂചനകളും ഓര്‍മ്മപ്പെടുത്തലുകളും വിശ്രമമുറികളിലും പൊതുസ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കണം. വ്യക്തിഗത ശുചിത്വം പാലിക്കാനും സോപ്പ്, ഹാന്‍ഡ് സാനിറ്റൈസറുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും വേണം.വേസ്റ്റ് ബിന്നുകള്‍ പതിവായി ശൂന്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആനുകാലിക പരിശോധനകള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: