തിരുവനന്തപുരത്ത് ട്യൂട്ടേര്‍സ് ലെയിനിലാണ് ‘അരവിന്ദം’. അവിടെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. കെ.രാമന്‍പിള്ള പ്രസിഡന്റും കെ.ജി.മാരാര്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നപ്പോള്‍ വാങ്ങിയ പഴയ കെട്ടിടത്തിലാണ് തിരുവനന്തപുരത്തുള്ളപ്പോള്‍ ഇരുവരും താമസിച്ചിരുന്നത്. 1989ല്‍ പി.പി.മുകുന്ദന് സംഘടനാ ജനറല്‍ സെക്രട്ടറിയായപ്പോള്‍ അദ്ദേഹത്തിന്റെ താമസസ്ഥലവും ഇതുതന്നെ. ഇതിന്റെ താഴത്തെ നിലയില്‍ താല്ക്കാലികമായുണ്ടാക്കിയ സ്ഥലത്താണ് ‘ജന്മഭൂമി’യുടെ ബ്യൂറോയും പ്രവര്‍ത്തിച്ചിരുന്നത്.
ഇവിടെ നിന്നും അധികം ദൂരെയല്ല പുളിമൂട് ബാങ്ക് എംപ്ലോയീസ് യൂണിയന് കെട്ടിടം. 750 രൂപ വാടകയ്ക്കെടുത്ത കെട്ടിടത്തില്‍ താമസിക്കുമ്പോഴാണ് ഒരുദിവസം മുകുന്ദേട്ടന്റെ വിളി. ‘കുഞ്ഞിക്കണ്ണന് തിരുവനന്തപുരത്തുണ്ടോ? ഉണ്ടെങ്കില്‍ ഉച്ചയ്ക്ക് ഊണിന് ഒരാള്‍കൂടി ഉണ്ടാകും. ഗുജറാത്തില്‍ നിന്നുള്ള ആളാണ്. നരേന്ദ്രമോദി. വീട്ടുകാരോട് പറഞ്ഞേക്ക്’. ഇതുകേട്ടപ്പോള്‍ ഞാനൊന്നു ഞെട്ടി. എന്തുവേണമെന്നറിയാത്ത അമ്പരപ്പ്. വീട്ടുകാരോട് പറഞ്ഞു: ‘അതിനെന്താ’ എന്ന് പ്രേമജയുടെ മറുപടി. ഭക്ഷണം കഴിക്കാന്‍ ആരു വരുന്നു എന്നുപറഞ്ഞാലും അവള്‍ക്ക് ആവേശമായിരുന്നു. ഇവിടെ ഒരു പ്രശ്നം. ഭാഷ അറിയില്ലല്ലോ. അന്നത്തെ ഞങ്ങളുടെ പ്രാരബ്ധം ആരും അറിഞ്ഞില്ല. മുകുന്ദേട്ടന് പോലും.
ഞാനന്ന് എറണാകുളത്ത് ജന്മഭൂമി ന്യൂസ് എഡിറ്ററായിരുന്നു. വീട്ടുകാര്‍ തിരുവനന്തപുരത്തും. ഏതായാലും ഭക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി. കുറച്ച് ചപ്പാത്തി, ചോറ്, പതിവ് കറികളും. അസാധാരണമായുണ്ടാക്കിയത് ചപ്പാത്തി മാത്രം. ഒരു മണിയാകുമ്പേഴേക്കും രാജേട്ടനൊപ്പം (ഒ.രാജഗോപാല്‍) നാല്പത് പിന്നിട്ട നരേന്ദ്രമോദിയെത്തി. സ്വീകരിച്ചിരുത്തി. ഇരിക്കാന്‍ പറ്റിയ നാലുകസേര കൗണ്‍സിലര്‍ പി.അശോക്കുമാറിന്റെ സംഭാവനയായി കിട്ടിയതാണ്. ഞാന്‍ പാല്‍കുളങ്ങരയില്‍ നിന്നും താമസം പുളിമൂട്ടിലേക്ക് മാറിയപ്പോള്‍ ലഭിച്ചതാണത്. പിന്നെ ഒരു മേശയും. കസേരകള്‍ നഷ്ടപ്പെട്ടെങ്കിലും മേശ ഇപ്പോഴും വീട്ടിലുണ്ട്.
മോദിജിക്ക് രാജേട്ടന് ഞങ്ങളെ പരിചയപ്പെടുത്തി. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ കണ്ണൂരില്‍ നടത്തിയ ‘ഭാരതവല്‍ക്കരണ റാലി’യെക്കുറിച്ചും തുടര്‍ന്ന് യുവമോര്‍ച്ചാ പ്രസിഡന്റായ കഥയുമെല്ലാം. രണ്ടുതവണ നിയമസഭയിലേക്ക് മത്സരിച്ചതും പറഞ്ഞു. രാജേട്ടന് കഥ പറയുന്നതിനിടയില്‍ ഭക്ഷണം റെഡി. ഇരുവരേയും വിളിച്ചിരുത്തി. പ്രേമജ തന്നെ ഭക്ഷണം വിളമ്പി. അടിയന്തിരാവസ്ഥയ്ക്ക് മുമ്പും ശേഷവും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനിടയിലുണ്ടായ അനുഭവം ഞാന്‍ അവളോട് പറഞ്ഞിരുന്നു. ഒരുപാട് ആളുകളുടെ ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന വാക്ക് ഓര്‍ത്താകും അവള് ഭക്ഷണം വിളമ്പിയത്. ഭക്ഷണം നന്നായിയെന്ന് മോദിജിയും രാജേട്ടനും പറഞ്ഞതോടെ സമാധാനമായി.
അന്ന് നരേന്ദ്രമോദി ഇന്നത്തെ നരേന്ദ്രമോദിജിയല്ല. ഡോ. മുരളീ മനോഹര്‍ ജോഷി നയിച്ച ഏകതാ യാത്രയുടെ കോഡിനേറ്റര്‍. ഈ പേര് ഞാന്‍ കേള്‍ക്കുന്നത് തന്നെ അന്നാണ്. പിന്നീടങ്ങോട്ട് നരേന്ദ്രമോദിക്ക് വച്ചടി വച്ചടി കയറ്റമാണ്. ‘നിന്റെ ഭക്ഷണത്തിന്റെ മഹിമ’യാണെന്ന് പ്രേമജയോട് പലകുറി പറഞ്ഞിട്ടുണ്ട്. അത് ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായി തിളങ്ങി. ആറ് വര്‍ഷം മുമ്പ് പ്രേമജ മരിക്കുംവരെ ഭക്ഷണക്കാര്യം ഓര്‍ക്കുമായിരുന്നു. ഒരുപക്ഷേ എന്റെ തിരുവനന്തപുരത്തെ താമസവും ദീര്‍ഘകാലം ജന്മഭൂമിയുടെ സഹയാത്രികനായതും അവള് വച്ചുവിളമ്പി തന്നതായിരിക്കാം. കേരളത്തില്‍ മറ്റൊരാളുടെ വീട്ടില്‍ നിന്ന് മോദിജി ഭക്ഷണം കഴിച്ചതായി കേട്ടിട്ടില്ല. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമെല്ലാമാകുമെന്നറിഞ്ഞിരുന്നെങ്കില് ഒരു ഉച്ച ഊണ് നല്‍കാനുള്ള അവസരം എനിക്ക് ലഭിക്കുമായിരുന്നോ? സംശയമാണ്. ഏതായാലും എനിക്ക് മുകുന്ദേട്ടനോടാണ് നന്ദി.
നരേന്ദ്രമോദിക്കും എനിക്കും ഒരുപാട് സാമ്യതകളുണ്ട്. അടിയന്തിരാവസ്ഥയ്ക്ക് തൊട്ടുമുന്‍പാണ് സംഘപ്രവര്‍ത്തനവുമായി അദ്ദേഹം ബന്ധപ്പെടുന്നത്. അടിയന്തിരാവസ്ഥയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കിരാത ഭരണത്തിനെതിരെ ലഘുലേഖകള്‍ വിതരണം ചെയ്യുന്ന ജോലി ചെയ്തിരുന്നു. അതുപോലെ വയനാടന്‍ തമ്പാനെന്ന പ്രചാരകന് എത്തിക്കുന്ന വാര്‍ത്തകള്‍ അച്ചടിച്ച് കേരളമാകെ അയയ്ക്കുന്ന ജോലി എനിക്കും കിട്ടി. നന്നേ അടിത്തട്ടിലെ ഒരു സാധാരണക്കാരനായിരുന്നു മോദി. അച്ഛനെ സഹായിക്കാന്‍ മോദിയും ‘ചായവാല’ ആയിട്ടുണ്ട്. ഞാന്‍ ജനസംഘം വഴിയാണ് സംഘത്തിലെത്തുന്നത്. 1968ല്‍ ഗുരുജി പങ്കെടുത്ത തളിപ്പറമ്പില്‍ നടന്ന പ്രാഥമിക ശിക്ഷണ ശിബിരത്തില്‍ പങ്കെടുത്തു. പ്രഥമ ശിക്ഷാവര്‍ഗ് 1975 മെയിലായിരുന്നു. അതിനുമുമ്പു തന്നെ ജനസംഘത്തിന്റെ മുഴുസമയ പ്രവര്‍ത്തകനായ എനിക്ക് കിട്ടിയ പുതിയ പ്രവര്‍ത്തന മേഖല കാസര്‍ഗോഡ് താലൂക്കായിരുന്നു. കോഴിക്കോട് സംഘശിക്ഷാവര്‍ഗിന്റെ സമാപനത്തില്‍ ലോക്മാന്യ ജയപ്രകാശ് നാരായണനാണ് പങ്കെടുത്തത്.
1992 ജനുവരി 26ന് കാശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനായി 1991 ഡിസംബര്‍ 11ന് കന്യാകുമാരിയില്‍ നിന്നാണ് ഡോ. ജോഷി യാത്ര തുടങ്ങിയത്. അതിന് ഏതാണ്ട് ഒരു മാസം മുമ്പായിരുന്നു നരേന്ദ്രമോദിയുടെ സന്ദര്‍ശനം. 1985 ലാണ് മോദി ആര്‍എസ്എസ് നിര്‍ദ്ദേശാനുസരണം ബിജെപിയില്‍ ചേര്‍ന്നത്. മൂന്നുവര്‍ഷത്തിനകം ഗുജറാത്ത് ഘടകം സംഘടനാ സെക്രട്ടറിയായിരുന്നു. 1995ല്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് നേട്ടത്തിന്റെ പ്രധാനഘടകം മോദി തന്നെയായി. 2001 മുതല്‍ മൂന്നു തവണ ഗുജറാത്ത് മുഖ്യമന്ത്രി. കേശുഭായി പട്ടേല്‍ ഒഴിഞ്ഞ സ്ഥാനത്തേക്കായിരുന്നു നിയോഗം. 2002 ലും 2007 ലും 2012 ലും മോദി തന്നെ മുഖ്യമന്ത്രിയായി. അക്കാലത്ത് മോദി കെട്ടത്ര പഴിയും തെറിയും മറ്റൊരു മുഖ്യമന്ത്രിക്കും കേള്‍ക്കേണ്ടിവന്നിട്ടില്ല.
ഗുജറാത്ത് ഉള്‍പ്പെടെ പല സംസ്ഥാനത്തും നിരവധി വര്‍ഗ്ഗീയ കലാപങ്ങള്‍ നടന്നിട്ടുണ്ട്. അതിന്റെ പേരില്‍ ഒരു മുഖ്യമന്ത്രിയും വേട്ടയാടപ്പെട്ടിട്ടില്ല. പക്ഷെ അങ്ങനെയായിരുന്നില്ല മോദി. മരണത്തിന്റെ വ്യാപാരി എന്നായിരുന്നു സോണിയയുടെ ആരോപണം. അയോദ്ധ്യാ സന്ദര്‍ശനത്തിനു ശേഷം മടങ്ങി പോയ്ക്കൊണ്ടിരുന്ന കര്‍സേവകര്‍ ഉള്‍പ്പെടെ 58 പേര് കൊല്ലപ്പെട്ട ഗോധ്ര തീവണ്ടികത്തിക്കല്‍ കേസിനെ തുടര്‍ന്നാണ് കലാപങ്ങളുടെ ആരംഭം. സബര്‍മതി എക്സ്പ്രസ്സ് തീവണ്ടി 2002 ഫെബ്രുവരി 27ന് രാവിലെ എട്ടര മണിക്ക് ഗോധ്ര സ്റ്റേഷന് വിട്ട് അധിക നേരം കഴിയും മുമ്പേ അമ്പതിനും നൂറിനും ഇടക്ക് വരുന്ന ഒരു അക്രമിക്കൂട്ടത്തിനിരയായി. മുസ്ലിം തീവ്രവാദികളാണ് ഈ കൊലപാതകത്തിനു പിന്നില്‍ എന്ന വാര്‍ത്തയ്ക്കു പുറകെ, ഒരു മുസ്ലീം വിരുദ്ധ വികാരം ഗുജറാത്തിലങ്ങോളമിങ്ങോളം വ്യാപിക്കുകയും ചെയ്തു. മോദി സര്‍ക്കാര്‍ പ്രധാന നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു, കൂടാതെ പ്രശ്നക്കാരെ കണ്ടാലുടന്‍ വെടിവെക്കാനും ഉത്തരവു നല്കി, പ്രശ്നം കൂടുതല്‍ ഗുരുതരമാവാതിരിക്കാന്‍ കേന്ദ്ര സേനയെ അയക്കണമെന്നും അഭ്യര്‍ത്ഥിച്ചു. മനുഷ്യാവകാശ കമ്മീഷനുകളും, പ്രതിപക്ഷ പാര്‍ട്ടികളും, മാധ്യമങ്ങളും എല്ലാം ഗുജറാത്ത് സര്‍ക്കാരിന്റെ നിഷ്ക്രിയതയെന്ന് രൂക്ഷമായി വിമര്‍ശിച്ചു. ഗോധ്രയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അഹമ്മദാബാദിലേക്കു കൊണ്ടു വരുവാനുള്ള മോദിയുടെ തീരുമാനം ഏറെ വിമര്‍ശനത്തിനിടയാക്കി.
2009 ഏപ്രിലില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ കമ്മീഷനെ സുപ്രീം കോടതി നിയോഗിച്ചു. ഗുജറാത്ത് കലാപത്തില്‍ മോദിക്കു പങ്കൊന്നുമില്ലെന്ന് പ്രത്യേക അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും, മോദിക്കെതിരേ കേസെടുക്കാന്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് കോടതി തന്നെ നിയോഗിച്ച അമിക്കസ് ക്യൂറി രാജുരാമചന്ദ്രന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. അമിക്കസ് ക്യൂറി പ്രധാന തെളിവായി സ്വീകരിച്ചിരിക്കുന്ന ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിന്റെ സത്യവാങ്മൂലം കെട്ടിച്ചമച്ചതാണെന്ന് പ്രത്യേകാന്വേഷണ കമ്മീഷന് വാദിക്കുന്നു. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായ ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സക്കീറ ജഫ്രി സമര്‍പ്പിച്ചിരുന്ന ഒരു ഹര്‍ജി കോടതി തള്ളി. പ്രത്യേക അന്വേഷണ കമ്മീഷന് തെളിവുകള്‍ മൂടിവെക്കുകയാണെന്നും, മോദി കുറ്റവിമുക്തനാക്കുന്നത് തടയണമെന്നുമായിരുന്നു ഹര്‍ജി. 26 ഡിസംബര്‍ 2013 ന് അഹമ്മദാബാദ് കോടതി നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചു. എന്നാലും മോദി വിരോധം ഉപേക്ഷിക്കില്ല എന്നുവന്നാല്‍ എന്തു ചെയ്യും.
ലോകം മുഴുവന്‍ മോദി വിരുദ്ധതയാണ് പ്രകടമാക്കിയത്. അമേരിക്ക പലതവണ വിസ നിഷേധിച്ചു. എന്നാല്‍ മോദി പ്രധാനമന്ത്രിയായതോടെ സ്ഥിതി മാറിമറിഞ്ഞു. ഇന്ന് ലോകരാജ്യങ്ങളുടെ തലവന്മാരെല്ലാം മോദിയുടെ ആരാധകരാണ്. ജൂണ്‍ 21ന് അമേരിക്കയില്‍ യോഗാദിനത്തിന് നേതൃത്വം നല്‍കിയത് മോദിയാണ്. അതാകട്ടെ ചരിത്രസംഭവമായി. 135 രാജ്യങ്ങളുടെ പ്രതിനിധികളാണ് യോഗയില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം 114 രാജ്യങ്ങള്‍ മാത്രമായിരുന്നു. മോദി ഭരണത്തില്‍ അതിവേഗം രാജ്യം മാറുകയാണ്. ലോകവും. നന്മയുടെയും മേന്മയുടെയും പുതു ചരിത്രം സൃഷ്ടിക്കാന്‍ വീണ്ടും മോദിജി തന്നെ അധികാരത്തില്‍ തിരിച്ചെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: