ജ്യോതിഷഭൂഷണം
എസ്. ശ്രീനിവാസ് അയ്യര്‍
സ്ഥിരം, ചരം, ഉഗ്രം അഥവാ ക്രൂരം, മിശ്രം, ലഘു, മൃദു, തീക്ഷ്ണം അഥവാ ദാരുണം എന്നിങ്ങനെ ഏഴിനം നക്ഷത്ര വിഭജനങ്ങള്‍ പ്രാചീനമാണ്. പക്ഷേ അവയുടെ പ്രസക്തി നിത്യമാണ്; നിരന്തരമാണ്.
മുപ്പൂരവും (പൂരം, പൂരാടം, പൂരുരുട്ടാതി), ഭരണിയും മകവും ഉഗ്രം അഥവാ ക്രൂരം എന്ന വിഭാഗത്തില്‍ വരുന്നു. ഇവ ശുഭകാര്യങ്ങള്‍ക്ക് സ്വീകരിക്കപ്പെടുന്നില്ല. ത്യാജ്യഗണനക്ഷത്രങ്ങളാണ്. എന്നാല്‍ അഗ്നികര്‍മ്മങ്ങള്‍, ഹിംസ, ചോരണം, മാരണം എന്നിവയുമായി ഈ നാളുകളെ ബന്ധപ്പെടുത്താറുമുണ്ട്. അശുഭവാരമായ ചൊവ്വാഴ്ച സ്വതേ ശുഭകാര്യങ്ങള്‍ക്ക് വിഹിതമല്ല. ചൊവ്വാഴ്ച വിഹിതങ്ങളായിപ്പറയുന്ന കാര്യങ്ങള്‍ മിക്കവാറും ഉഗ്രകര്മ്മത്തില് വരുന്നവയാവും. അവ ചൊവ്വാഴ്ച ചെയ്താല്‍ ഫലദായകമായിത്തീരും എന്നുമുണ്ട്.
മുകളില്‍ പറഞ്ഞ സപ്തനക്ഷത്ര വിഭാഗത്തിന്റെ ആധിപത്യം സൂര്യാദി സപ്തഗ്രഹങ്ങള്‍ക്കാണ്. അവയില്‍ ഉഗ്രം അഥവാ ക്രൂരം എന്നറിയപ്പെടുന്ന നക്ഷത്രവിഭാഗങ്ങളുടെ നായകന് ചൊവ്വയാണ്. ആഴ്ചകളില്‍ ചൊവ്വാഴ്ചയുടെ ആധിപത്യവും ചൊവ്വയ്ക്കാണല്ലോ!
ഉഗ്രനക്ഷത്രങ്ങളിള് മകം ഒഴികെ എല്ലാം മനുഷ്യഗണനക്ഷത്രങ്ങളാണ്. പക്ഷേ ഈ നിയമത്തില്‍ വ്യക്തമാക്കപ്പെടുന്നത് അവര്‍ കോപശീലര് ആയിരിക്കുമെന്നാണ്. കലഹവാസനകളും ഉണ്ടാവുമത്രേ! ഗ്രഹങ്ങളില്‍ ചൊവ്വയുടെ സ്വഭാവമാവും അവരില്‍ സ്പഷ്ടമാകുന്നത്. ഉഗ്രനക്ഷത്രങ്ങള്ക്ക് ക്രൂരനക്ഷത്രങ്ങള് എന്ന പേരും ഉണ്ടെന്നത് സ്മരണീയമാണ്.
നേതൃസിദ്ധി, ചടുലമായ നീക്കങ്ങള്‍, ഉന്നമനേച്ഛ, മാനസികമായ ഊക്ക്, ആപല്ധൈര്യം, ശക്തമായ പ്രതികരണശേഷി എന്നിവ അവരില്‍ കണ്ടേക്കാം. ഗ്രഹങ്ങളില്‍ ചൊവ്വയ്ക്ക് സേനാനായകത്വമുണ്ട്. പോലീസ്, സൈന്യം, അഗ്നിരക്ഷാസേന, വിദ്യുച്ഛക്തി തുടങ്ങിയ വകുപ്പുകളില്‍ ഇവര്‍ക്ക് ജോലിസാധ്യതയുമുണ്ട്.
ക്രൂരമായ നോട്ടം, നിത്യതാരുണ്യം, ഉദാരത, ചാപല്യം, പിത്തപ്രകൃതം, കൃശമായദേഹം എന്നിവയാണ് ചൊവ്വയുടെ പ്രകൃതമായി വരാഹമിഹിരന് ചൂണ്ടിക്കാട്ടുന്നത്. അവയും പാര്‍ശ്വികമായി, ചിലപ്പോള്‍ കൂടുതലായി ഉഗ്രനക്ഷത്രക്കാരില് കണ്ടേക്കാം.
അശ്വതി മുതല്‍ രേവതി വരെ ഇരുപത്തിയേഴ് നക്ഷത്രങ്ങളെ ഒമ്പത് ഗ്രഹങ്ങള്‍ക്കായി വിഭജച്ചിരിക്കുന്ന രീതിയും ഇവിടെ പ്രസ്താവ്യമാണ്. അതില്‍ ചൊവ്വയുടെ ആധിപത്യത്തില്‍ വരുന്ന മൂന്ന് നക്ഷത്രങ്ങള്‍ മകയിരം, ചിത്തിര, അവിട്ടം എന്നിവയാണ്. അവയില്‍ ഒന്നുപോലും ഉഗ്രനക്ഷത്രത്തിന്റെ പരിധിയില്‍ വരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: