പാലക്കാട്: പാസഞ്ചര്‍ അമിനിറ്റി കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സ്റ്റേഷന് സന്ദര്‍ശനം ഇന്നലെ സമാപിച്ചു. റെയില്‍വെ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, യാത്രക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍, നിര്‍മാണ പുരോഗതി എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായാണ് ഒമ്പതംഗ സംഘം നാല് ദിവസങ്ങളിലായി വിവിധ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചത്. മംഗളൂരു സെന്‍ട്രല്‍, കാസര്‍കോട്, പയ്യന്നൂര്‍, പഴയങ്ങാടി, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, കുറ്റിപ്പുറം, ഷൊര്‍ണൂര്‍, പാലക്കാട് ജങ്ഷനുകളാണ് സംഘം സന്ദര്‍ശിച്ചത്.
ഇന്നലെ ഡിവിഷണല്‍ ഓഫീസില്‍ ഡിആര്‍എം യശ്പാല്‍ സിങ് ടോമറുമായി വിശദമായ ചര്‍ച്ച നടത്തി. എഡിആര്എമാരായ എസ്. ജയകൃഷ്ണന്, സി.ടി. സക്കീര്‍ഹുസൈന്‍, സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ അരുണ്‍ തോമസ് കളത്തിക്കല്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് അമൃത് ഭാരതില്‍ ഉള്‍പ്പെട്ട സ്റ്റേഷനുകളിലെ വികസന പുരോഗതി വിലയിരുത്തുന്നതിനായി സംഘം എത്തിയത്.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ടും ജനങ്ങളില്‍നിന്നും യാത്രക്കാരില്‍നിന്നും ലഭിച്ച നിര്‍ദേശങ്ങളും സ്റ്റേഷനുകളിലെ ആവശ്യമായ സൗകര്യങ്ങളും സംബന്ധിച്ച് റെയില്‍വെ ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: