ചെന്നൈ: പണം വാങ്ങി ജോലി നല്‍കിയെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി സെന്തില്‍ ബാലാജി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായി.
നെഞ്ചുവേദനയെ തുടര്‍ന്ന് ആദ്യം തമിഴ്നാട് സര്‍ക്കാര്‍ മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലാജിയെ ഈ മാസം 15ന് മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ബുധനാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ ബാലാജിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും നേരത്തേ ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന് വെളിപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ സെന്തില്‍ ബാലാജിയെ ചോദ്യം ചെയ്യുന്നത് വൈകും. ഏതാനും ദിവസം മന്ത്രിക്ക് ആശുപത്രിയില്‍ തുടരേണ്ടി വരും.സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ തളളി ഇ ഡി കസ്റ്റഡിയില്‍ വിട്ടെങ്കിലും ചികിത്സ തുടരാന്‍ കോടതി അനുമതി നല്‍കിയിരുന്നു.
2011-15 കാലഘട്ടത്തില്‍ എഐഎഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായിരിക്കെയാണ് സെന്തില്‍ ബാലാജി അഴിമതി നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇ ഡി അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും പരിശോധന നടത്തിയ ശേഷമാണ് അറസ്റ്റ് ചെയ്ത ത്. തുടര്‍ന്ന് കുഴഞ്ഞ വീണ മന്ത്രിക്ക് ഹൃദ്രോഗമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ സെന്തില്‍ ബാലാജിയുടേത് അഭനയമാണെന്നാണ് ഇ ഡി വാദിച്ചത്. ബാലാജിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി ബുധനാഴ്ച വിസമ്മതിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: