തിരുവനന്തപുരം: റായ്പൂർ, കലിംഗ സർവകലാശാലയുടെതായി വ്യാജ ഡിഗ്രി സമ്പാദിച്ച് കായംകുളം എംഎസ്എം കോളേജിൽ കഴിഞ്ഞ വർഷം എം.കോമിന് പ്രവേശനം നേടിയ നിഖിൽ തോമസിന്റെ എം.കോം പ്രവേശനം റദ്ദാക്കാൻ കേരള വിസി ഡോ: മോഹൻകുന്നുമ്മൽ ഉത്തരവിട്ടു.
നിഖിൽ കലിംഗ സർവകലാശാലയുടെ വിദ്യാർത്ഥിയായിരുന്നില്ലെന്നും നിഖിൽ തോമസിന്റെ ഡിഗ്രി വ്യാജമാണെന്നും, സർവ്വകലാശാലയുടെ വിശ്വാസതയ്‌ക്ക് കളങ്കം വരുത്താൻ ശ്രമിച്ച നിഖിൽ തോമസിനെതിരെ നടപടി കൈക്കൊള്ളണമെന്നും കേരള സർവകലാശാല രജിസ്ട്രാറോട് കലിംഗ സർവകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളസർവ്വകലാശാലയിൽ നിഖിൽ കലിംഗ സർവകലാശാലയുടെതെന്ന രീതിയിൽ സമർപ്പിച്ച സിലബസിന്റെ അടിസ്ഥാനത്തിൽ നൽകിയ ബികോം തുല്യതാ സർട്ടിഫിക്കറ്റ് പിൻവലിക്കുവാനും വിസി ഉത്തരവിട്ടു. പ്രവേശനം സംബന്ധിച്ച് എം എസ് എം കോളേജ് അധികൃതരുടെ വിശദീകരണം ഇന്ന് തന്നെ ലഭിക്കണമെന്ന് സർവ്വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം ലഭിച്ചശേഷം കോളേജിനെതിരെ നടപടി കൈക്കൊള്ളും.
അന്യ സംസ്ഥാനങ്ങളിൽനിന്നുള്ള ഡിഗ്രികൾ വച്ച് കേരളയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ ഡിഗ്രികൾ പരിശോധിക്കുന്നത് സംബന്ധിച്ച് സിൻഡിക്കേറ്റ് തീരുമാനം കൈക്കൊള്ളുമെന്ന് അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: