നെടുമ്പാശേരി: കള്ളക്കടത്തിന് പുതിയ മാര്‍ഗങ്ങളുമായി സ്വര്‍ണക്കടത്ത് സംഘം. കാര്‍ഗോ വഴി അയച്ച ഈന്തപ്പഴത്തിന്റെ കുരുവായ് സ്വര്‍ണം ഒളിപ്പിച്ചതും പിടികൂടി. ദുബായില്‍ നിന്ന് സലാഹുദ്ദീന് എന്നൊരാള്‍ കോഴിക്കോട് കുന്നമംഗലം സ്വദേശി മുഹമ്മദ് സെയ്ദിന്റെ പേരില്‍ അയച്ചതാണ് കാര്‍ഗോ. സ്കാനറിലെ പരിശോധനയില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പാക്കറ്റ് അഴിച്ച് പരിശോധിച്ചപ്പോഴാണ് ഈന്തപ്പഴത്തിന്റെ ഉള്ളില്‍ കുരുവിന്റെ രൂപത്തിലും വലുപ്പത്തിലും സ്വര്‍ണം ഒളിപ്പിച്ചിരുന്നതു കണ്ടെത്തിയത്.
ഈന്തപ്പഴം പൊളിച്ച് പേപ്പറില്‍ പൊതിഞ്ഞ സ്വര്‍ണം ഒളിപ്പിച്ച ശേഷം അടച്ചു വച്ചിരിക്കുകയായിരുന്നു. 6 സ്വര്‍ണ കുരുവാണ് ലഭിച്ചത്. യഥാര്‍ഥ കുരുവുള്ള ഈന്തപ്പഴങ്ങളും പാക്കറ്റില്‍ ഉണ്ടായിരുന്നു. ആകെ 60 ഗ്രാം തൂക്കമാണ് പിടിച്ചെടുത്ത സ്വര്‍ണത്തിന്. 3 ലക്ഷം രൂപ വില വരും. ഫ്ലോഗോ ലോജിസ്റ്റിക്സ് എന്ന ഏജന്‍സി വഴിയാണ് കാര്‍ഗോ അയച്ചിരിക്കുന്നത് മുഹമ്മദ് സെയ്ദിന് വേണ്ടി മറ്റ് 2 പേര് ആണ് കാര്‍ഗോ വാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയത്. ഇത്തരത്തില്‍ കാര്‍ഗോ വഴി സ്വര്‍ണം അയച്ചാല്‍ പിടിക്കപ്പെടുമോ എന്ന് മനസ്സിലാക്കാനുള്ള സ്വര്‍ണക്കടത്ത് സംഘത്തിന്റെ ടെസ്റ്റ് ഡോസ് മാത്രമാകും ഇതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: