പാലക്കാട് : കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അരവിന്ദ് ഇതിനുള്ളില്‍ പെട്ടുപോയതാണെന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച രാവിലെ 5.30ഓടെയാണ് സംഭവം. അപകടത്തില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ഫോഴ്സ് സ്ഥത്തെത്തി തീ നിയന്ത്രവിധേയമാക്കിയെങ്കിലും ഫാക്ടറിക്കുള്ളില്‍ കൂടുതല്‍ പേര് കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്. എത്ര പേര് കമ്പനിയില്‍ ഉണ്ടായിരുന്നതായി വ്യക്തമല്ല. അതിനാല്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് തെരച്ചില്‍ നടത്തി വരികയാണ്.
മരിച്ചയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. പരിക്കേറ്റ രണ്ടുപേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. രാത്രി വൈകിയും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. പുലര്‍ച്ചെ ഉള്‍പ്പെടെ ജീവനക്കാരുള്ള കമ്പനിയാണ്. അപകടകാരണം എന്തെന്ന് പരിശോധിച്ചു വരികയാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ച അരവിന്ദ് രണ്ട് മാസം മുമ്പാണ് ജോലിക്കെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: