ഭുവനേശ്വര്‍: അറുപത്തിരണ്ടാമത് ദേശീയ അന്തര്‍ സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനം കേരളത്തിന് മൂന്ന് സ്വര്‍ണം. പുരുഷ ലോങ്ജമ്പില്‍ എം. ശ്രീശങ്കര്‍, വനിതകളില്‍ ആന്‍സി സോജന്, പുരുഷ 1500 മീറ്ററില്‍ ജിന്സണ് ജോണ്സണ് എന്നിവരാണ് കേരളത്തിനായി പൊന്നണിഞ്ഞത്.
കഴിഞ്ഞ ദിവസം യോഗ്യതാ പോരാട്ടത്തില്‍ 8.41 മീറ്റര്‍ ചാടി ബുഡാപെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത സ്വന്തമാക്കിയ എം. ശ്രീശങ്കറിന് ആ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 8.29 മീറ്റര്‍ ചാടി പൊന്നണിഞ്ഞു. ആദ്യ ചാട്ടത്തില്‍ 8.03 മീറ്റര്‍ ചാടിയ ശ്രീശങ്കര്‍ രണ്ടാം അവസരത്തിലാണ് സ്വര്‍ണദൂരമായ 8.29 മീറ്റര്‍ ചാടിയത്. ഈ ദൂരവും ലോക, ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മാര്‍ക്കിനേക്കാള്‍ കൂടുതലാണ്. തമിഴ്നാടിന്റെ ദേശീയ റിക്കോര്‍ഡ് ജേതാവ് ജെസ്വിന് ആള്ഡ്രിന് 7.98 മീറ്റര്‍ ചാടി വെള്ളി നേടി. ജെസ്വിനും ഏഷ്യന്‍ ഗെയിംസ് യോഗ്യത സ്വന്തമാക്കി. തമിഴ്നാടിന്റെ തന്നെ പി.
ഡേവിഡ് 7.94 മീറ്റര്‍ ചാടി വെങ്കലവും സ്വന്തമാക്കി.
ഏഷ്യന്‍ ഗെയിംസ് യോഗ്യതയോടെയാണ് ജിന്സണ് ജോണ്സണ് കേരളത്തിനായി സ്വര്‍ണമണിഞ്ഞത്. 3:42.77 സെക്കന്‍ഡിലാണ് ജിന്സണ് 1500 മീറ്റര്‍ ഫിനിഷ് ചെയ്തത്. 3:42.96 സെക്കന്‍ഡില്‍ ഉത്തര്‍പ്രദേശിന്റെ അജയ്കുമാര്‍ സരോജ് വെള്ളിയും 3:43.93 സെക്കന്‍ഡില്‍ ബീഹാറിന്റെ സാഷി ഭൂഷണ് സിങ് വെങ്കലവും നേടി. ഈയിനത്തില്‍ ആദ്യ പതിനൊന്ന് സ്ഥാനങ്ങളില്‍ എത്തിയവരെല്ലാം ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മാര്‍ക്ക് പിന്നിട്ടു.
വനിതാ ലോങ്ജമ്പില്‍ 6.51 മീറ്റര്‍ ചാടിയാണ് കേരളത്തിന്റെ ആന്‍സി സോജന് സ്വര്‍ണവും ഏഷ്യന്‍ ഗെയിംസ് യോഗ്യതയും നേടിയത്. ഉത്തര്‍പ്രദേശിന്റെ ഷൈലി സിങ് 6.49 മീറ്റര്‍ ചാടി വെള്ളി നേടി. ഷൈലിയും ഏഷ്യന്‍ ഗെയിംസ് യോഗ്യത നേടി. ആന്ധ്രപ്രദേശിന്റെ ഭവാനി യാദവ് 6.44 മീറ്റര്‍ ചാടി വെങ്കലം നേടിയപ്പോള്‍ കേരളത്തിന്റെ മെഡല്‍ ്രപതീക്ഷയായ നയന ജെയിംസ് 6.41 മീറ്റര്‍ ചാടി നാലാമതും വി. നീന 6.14 മീറ്റര്‍ ചാടി എട്ടാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
പുരുഷ 4-400 മീറ്റര്‍ റിലേയില്‍ കേരളം 3:06.87 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി മെഡല്‍ സ്വന്തമാക്കി. മുഹമ്മദ് അനസ്, ജെ. റിജോയ്, മുഹമ്മദ് അജ്മല്‍, രാഹുല്‍ ബേബി എന്നിവരാണ് കേരളത്തിനായി ട്രാക്കിലിറങ്ങിയത്. എസ്. ആരോക്യ രാജീവ്, ടി. ന്തോഷ്കുമാര്‍, കെ. സതീഷ്, അരുള്‍ രാജലിങ്കം എന്നിവരടങ്ങിയ തമിഴ്നാട് ടീം 3:06.75 സെക്കന്‍ഡില്‍ പുതിയ മീറ്റ് റിക്കോര്‍ഡോടെ പൊന്നണിഞ്ഞു. ഹരിയാനയ്ക്കാണ് വെങ്കലം. ആദ്യ മൂന്ന് സ്ഥാനക്കാരും നിലവിലെ മീറ്റ് റെക്കോര്‍ഡ് മറികടന്നു. 2006-ല്‍ ചെന്നൈയില്‍ കേരളം സ്ഥാപിച്ച 3:09.29 സെക്കന്‍ഡാണ് നിലവിലെ മീറ്റ് റിക്കോര്‍ഡ്.
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര്. അനുവും പുരുഷന്മാരില് എം.പി. ജാബിറും വനിതാ 200 മീറ്ററില്‍ പി.ഡി. അഞ്ജലിയും പുരുഷ പോള്‍വോള്‍ട്ടില്‍ എ.കെ. സിദ്ധാര്‍ത്ഥും കേരളത്തിനായി വെങ്കലം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: