ഉപാസനാ സമയത്തെ പരിപാടികളെ 6 പടികളിലായി തിരിച്ചതില്‍ നാലാമത്തേത് :
പ്രാര്‍ത്ഥന
നമ്മുടെ കഴിവില്ലായ്മയോ, ദോഷങ്ങളോ, ആകാംക്ഷയോ സര്‍വ്വശക്തനായ ഈശ്വരനോടു പറയുകയും സഹായത്തിനുവേണ്ടി അഭ്യര്‍ത്ഥിക്കുകയും ചെയ്യുക എന്നതാണു പ്രാര്‍ത്ഥന. ആത്മക്ഷേമത്തിനും വിശ്വക്ഷേമത്തിനും വേണ്ടിയുള്ള രണ്ടു പ്രാര്‍ത്ഥനകള്‍ താഴെ കൊടുത്തിരിക്കുന്നു. ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കുക.
ശുദ്ധമനസ്സോടും ശരണാഗത ഭാവത്തോടും പതുക്കെ പ്രാര്‍ത്ഥന ചൊല്ലുക.
ഒന്നാമത്തെ പ്രാര്‍ത്ഥന:
ദൈവമേ നിന് കൃപാവര്‍ഷം ഞങ്ങളില്‍ ചൊരിയേണമേ,
ദോഷബുദ്ധി മാറ്റി ഞങ്ങള്‍ക്കേകണേ സല്‍ഭാവന!
ഞങ്ങള്‍ നിന്റെ പുത്രരായി വാണീടട്ടെ സര്‍വ്വദാ,
നിന്നില്‍ നിന്നും നേടീടട്ടെ സര്‍വ്വദാ സദ്ഭാവന!
പുണ്യ കര്‍മ്മം ചെയ്തു ഞങ്ങള്‍ വാണീടട്ടെ നിത്യവും,
പാപകര്‍മ്മങ്ങളില്‍ ഞങ്ങള്‍ പെട്ടീടാതെ കാക്കണേ!
ദുഃഖങ്ങളില്‍ പങ്കു കൊള്ളാന്‍ സുഖത്തില്‍ പങ്കെടുപ്പിക്കാന്‍,
സന്മനസ്സേകണേ ഞങ്ങള്‍ക്കെപ്പോഴും കരുണാനിധേ!
നല്പെഴുന്ന സ്വഭാവശുദ്ധി ഞങ്ങളില്‍ വളരേണമേ,
ഉജ്വലമാം ഭാവി ഞങ്ങള്‍ക്കാകെയും നല്കേണമേ!
രണ്ടാമത്തെ പ്രാര്‍ത്ഥന:
ദൈവമേ, എന്റെ തെറ്റായ ബുദ്ധി ശരിയാക്കിത്തരൂ!
ദൈവമേ, ഞാന്‍ ആരെപ്പറ്റിയും നിന്ദയോ ഏഷണിയോകേള്ക്കുകയോ, പറയുകയോ ചെയ്യാതിരിക്കട്ടെ!
ദൈവമേ, ഞാന്‍ ആര്‍ക്കും ദോഷം ചിന്തിക്കാതിരിക്കട്ടെ,
ആര്‍ക്കും ദോഷം ചെയ്യാതിരിക്കട്ടെ!
ദൈവമേ, ഞാന്‍ പാപങ്ങളില്‍ നിന്നും വിട്ടുമാറി നില്ക്കട്ടെ!
ദൈവമേ, ഈശ്വരാ, എനിക്കു സദ്ബുദ്ധി നല്‍കൂ!
ദൈവമേ, ഞാന്‍ എല്ലാവരോടും മധുരവചനം ചൊല്ലട്ടെ,
എല്ലാവര്ക്കും നന്മ കാംക്ഷിക്കട്ടെ, എല്ലാവര്ക്കും നന്മ ചെയ്യുമാറാകട്ടെ!
ദൈവമേ, ഞാന്‍ നിത്യവും എന്തെങ്കിലും പുണ്യകര്‍മ്മം ചെയ്യുമാറാകണമേ!
ദൈവമേ, ഞങ്ങളെല്ലാം ഒത്തു ചേര്‍ന്നു കഴിയുമാറകണമേ!
5. സൂര്യാര്ഘ്യദാനം
ഉപാസന മുഖേന ലഭിച്ച ആദ്ധ്യാത്മിക ഊര്‍ജ്ജത്തിന്റെ ഒരംശം ഭക്തിയോടും വിനയത്തോടും കൂടെ ഈശ്വരനു സമര്‍പ്പിക്കുന്നതിനായി സൂര്യദേവനു അര്‍ഘ്യം നല്കുന്നു.
പൂജാവേദിയില്‍ വച്ചരിക്കുന്ന ജലത്തിന്റെ പാത്രം രണ്ടുകൈകള്‍കൊണ്ടും പിടിച്ചു പുറത്തു വരിക.
സൂര്യനു അഭിമുഖമായി തുളസീദേവിയുടെ സമീപം നില്ക്കുക.
വളരെ ഭക്തിയോടും വിനയത്തോടും കൂടെ അര്ഘ്യമന്ത്രമോ, ജപമന്ത്രമോ ചൊല്ലിക്കൊണ്ടു മന്ത്രീകരിച്ച ജലം തുളസിയുടെ ചുവട്ടില്‍ പതുക്കെ ഒഴിക്കുക.
അര്‍ഘ്യം സമര്‍പ്പിച്ചു കഴിയുമ്പോള്‍ കൈകൂപ്പി സൂര്യഭഗവാനെ നമസ്ക്കരിക്കുക; തുളസീദേവിയെ നമസ്ക്കരിക്കുക.
ഇപ്രകാരം സങ്കല്പിക്കുക നമ്മുടെ ഇഷ്ടദേവനാണു സൂര്യന് മുഖേന ദിവ്യപ്രാണന്‍ വിതരണം ചെയ്യുന്നത്. അര്ഘ്യരൂപത്തില് അര്‍പ്പിച്ച പരിമിതമായ ജലം സൂര്യന്റെ സ്ഥൂല ഊര്‍ജ്ജത്താല്‍ വിരാടമായ പ്രകൃതിയില്‍ വ്യാപിക്കുന്നു. ഇതുപോലെതന്നെ നാം അര്‍പ്പിച്ച സദ്ഭാവങ്ങളും ഇഷ്ടദേവന്റെ പ്രഭാവത്താല്‍ വിരാടവിശ്വത്തില് വ്യാപിക്കട്ടെ.
6. ദാന പുണ്യം
ഉപാസനയും യജ്ഞവും സഫലമാകുന്നത് ദക്ഷിണ കൊടുത്തിട്ടാണ്. അതിനാല്‍ ദാന പുണ്യം ചെയ്താണു ഉപാസന സമര്‍പ്പിക്കേണ്ടത്.
ദാനപുണ്യത്തിനായി ധര്മ്മഘടത്തിന്റെ സംവിധാനം പൂജാസ്ഥലത്തു മഞ്ഞനിറവും സ്വസ്തി ചിഹ്നവും കൊണ്ടു അലങ്കരിച്ച മണ്‍കലം തടികൊണ്ടുള്ള പീഠത്തിന്മേലോ, ഇഷ്ടിക ചേര്‍ത്തുവച്ചുണ്ടാക്കിയ പീഠത്തിന്മേലോ വയ്ക്കുക. ഇതു ധര്മ്മഘടമാണ്.
പീഠത്തിനടുത്തു മറ്റൊരു പാത്രത്തില്‍ പാറ്റിപ്പെറുക്കി വൃത്തിയാക്കിയ എന്തെങ്കിലും ഭക്ഷ്യധാന്യം നിറച്ചു താഴെ വയ്ക്കുക. അര്‍ഘ്യം അര്‍പ്പിച്ചതിനു ശേഷം വീട്ടിലെ ചെറിയ കുട്ടികളില്‍ ഏറ്റവും മുതിര്‍ന്ന കുട്ടിയെ (ആണ് കുട്ടിയോ, പെണ്‍കുട്ടിയോ ആരുമാകാം) ധര്മ്മഘടത്തിനു സമീപം സ്നേഹപൂര്‍വ്വം കൂട്ടികൊണ്ടു പോകുക. ധര്മ്മഘടത്തിന്റെ അടപ്പു മാറ്റുക. താഴെ വച്ചിരിക്കുന്ന പാത്രത്തിലെ ധാന്യം എടുത്തു കുട്ടിയുടെ കൈകുമ്പിള്‍ നിറയ്ക്കുക. പിന്നീടു സ്വന്തം കൈയ്യിലും എടുക്കുക. ഇനി ഭക്തി പുരസ്സരം ഇങ്ങനെ പറയുക ആദ്യം മറ്റുളളവര്‍ക്കു ആഹാരം, അതു കഴിഞ്ഞു തനിക്ക് ആഹാരം, തന്റെ കൈകുമ്പിളിലെ ധാന്യം ധര്മ്മഘടത്തില് അര്‍പ്പിക്കുക.
ഇതുപോലെ പറയുവാനും ചെയ്യുവാനും കുട്ടിയോടും സ്നേഹപൂര്‍വ്വം പറയുക. കുട്ടിയും പറയട്ടെ ആദ്യം മറ്റുള്ളവര്‍ക്കു ആഹാരം, അതു കഴിഞ്ഞു തനിക്കു ആഹാരം പിന്നീടു അതിന്റെ കൈക്കുമ്പിളിലെ ധാന്യം പതുക്കെ ധര്മ്മഘടത്തില് അര്‍പ്പിക്കുക.
അടപ്പു വയ്ക്കുക. സ്നേഹപൂര്‍വ്വം കുട്ടിയെയും കൂട്ടി മടങ്ങുക. ഈ ദാനപുണ്യം ചെയ്തു കഴിയുന്നതോടെ ജപസമയത്തെ പരിപാടി തീരുന്നു.
ശ്രദ്ധിക്കുക:
അന്നത്തിന്റെയും ധര്മ്മഘടത്തിന്റെയും ഏര്‍പ്പാടു ഏറ്റവും ഉത്തമമാണ്. എന്നാല്‍ ഇതിനു പ്രയാസമുള്ള പക്ഷം അതിനു പകരം നാണയങ്ങളും അടഞ്ഞ വഞ്ചികയും ഉപയോഗിക്കാം. നാണയം ഇടുമ്പോള്‍ കുട്ടിയെക്കൊണ്ടു ഇങ്ങനെ പറയിക്കുക ഞങ്ങളുടെ സാധനങ്ങള്‍ ആദ്യം ശ്രേഷ്ഠമായ കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കപ്പെടട്ടെ, അതു കഴിഞ്ഞിട്ടാവാം സ്വന്തം കാര്യം.
ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ ഭേദഭാവം കാട്ടരുത്. ചെറിയ കുട്ടികള്‍ ഇല്ലെങ്കില്‍ ഈ ദാനപുണ്യം തനിയെ ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: