മുംബൈ: ശിവാജിയുടെ നാട്ടില്‍ ഔറംഗസേബിന്റെ അനുയായികളെ വളര്‍ത്താനാണ് ഉദ്ധവ് താക്കറെയും കൂട്ടരും ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഉദ്ധവിന്റെ സഖ്യകക്ഷിയായ വഞ്ചി ബഹുജന്‍ അഘാഡി (വിബിഎ) നേതാവ് പ്രകാശ് അംബേഡ്കര്‍ ഔറംഗസേബിന്റെ ശവകുടീരം സന്ദര്‍ശിച്ചത് ഇതിന്റെ ഭാഗമാണ്.
ഇന്ത്യയിലെ ഒരു മുസ്ലിമും ഔറംഗസേബിന്റെ പിന്‍ഗാമിയല്ലെന്ന് ഫഡ്നാവിസ് ചൂണ്ടിക്കാട്ടി. ഔറംഗസേബിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഉയര്‍ത്തിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രകാശ് അംബേഡ്കറുടെ നടപടി.
അകോല, സംഭാജിനഗര്‍, കോലാപൂര്‍ എന്നിവിടങ്ങളില്‍ നടന്ന സംഘട്ടനങ്ങള്‍ യാദൃച്ഛികമല്ല, അതൊരു പരീക്ഷണമാണ്. എങ്ങനെയാണ് ഔറംഗസേബിന്റെ പേരില്‍ കലാപത്തിനൊരുമ്പെടാന് ഇത്രയധികംപേര്‍ സംസ്ഥാനത്ത് ഉണ്ടായതെന്ന് അകോലയില്‍ നടന്ന പൊതു റാലിയില്‍ ഫഡ്നാവിസ് ചോദിച്ചു.
‘ഔറംഗസേബല്ല നമ്മുടെ നേതാവ്, അത് ഛത്രപതി ശിവജി മഹാരാജ് ആണ്… ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഔറംഗസേബിന്റെ പിന്‍ഗാമികളല്ല. ഔറംഗസേബും അദ്ദേഹത്തിന്റെ പൂര്‍വ്വികരും പുറത്തുനിന്ന് വന്നവരാണ്. കോണ്‍ഗ്രസുകാരന്റെ സ്ക്രിപ്റ്റിന് അനുസരിച്ചാണ് ഉദ്ധവ് പ്രവര്‍ത്തിക്കുന്നതെന്ന് ഫഡ്നാവിസ് കളിയാക്കി.
ഉദ്ധവ് ബിജെപിയെ പിന്നില്‍ നിന്ന് കുത്തി, കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ തിരിച്ചുവരുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ തിരിച്ചെത്തി എന്ന് മാത്രമല്ല, ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു.
കോണ്‍ഗ്രസുമായും എന്‍സിപിയുമായും കൈകോര്‍ക്കുന്നതിനേക്കാള്‍ നല്ലത് പാര്‍ട്ടി അടച്ചുപൂട്ടുന്നതാണെന്ന് അന്തരിച്ച ബാലാസാഹേബ് താക്കറെ ഒരിക്കല്‍ പറഞ്ഞിരുന്നു, എന്നാല്‍ ഉദ്ധവ് അദ്ദേഹത്തെയും വഞ്ചിച്ചു. വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാതെ മോദിയെയും അമിത് ഷായെയും വിമര്‍ശിക്കുകയാണ് ഉദ്ധവ് ചെയ്യുന്നത്. പുറത്ത് നടക്കുന്നതിനെപ്പറ്റിയൊന്നും അദ്ദേഹത്തിന് കാര്യമായ വിവരമില്ല.
ജൂണ്‍ 23ന് നിരവധി പ്രതിപക്ഷ നേതാക്കള്‍ പാട്നയില്‍ വേദി പങ്കിടാന്‍ പോകുന്നുവെന്നാണ് വാര്‍ത്ത. 2019ല്‍ എടുത്ത അതേ നേതാക്കളുടെ ഫോട്ടോയില്‍ 52 നേതാക്കളുണ്ടായിരുന്നു, എന്നിട്ടും കോണ്‍ഗ്രസ് നേടിയത് 48 സീറ്റുകള്‍ മാത്രമാണ്. വള്ളിച്ചെടികള്‍ കൂട്ടിക്കെട്ടിയാല്‍ ആല്മരത്തിന് പകരമാവില്ല, ഫഡ്നാവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: