ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ആദ്യ ഈജിപ്ത് പര്യടനത്തിന്റെ ഭാഗമായി പതിനൊന്നാം നൂറ്റാണ്ടിലെ അല്‍-ഹക്കീം പള്ളി സന്ദര്‍ശിക്കുമെന്നും ഒന്നാം ലോക മഹായുദ്ധത്തില്‍ ഈജിപ്തിനുവേണ്ടി പോരാടി വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര പറഞ്ഞു. പ്രധാനമന്ത്രിയുടെ യുഎസ്, ഈജിപ്ത് സന്ദര്‍ശനത്തെക്കുറിച്ചുള്ള പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കവെയാണ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി ജൂണ്‍ 24, 25 തീയതികളില്‍ ഈജിപ്ത് സന്ദര്‍ശിക്കും. പ്രധാനമന്ത്രി ആയതിനു ശേഷം നരേന്ദ്രമോദി നടത്തുന്ന ആദ്യ ഈജിപ്ത് സന്ദര്‍ശനം കൂടിയാണിത്. 1997ന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഈജിപ്തിലെ ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദര്‍ശനം എന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്. ഇടയ്ക്ക് സന്ദര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവ കൂടുതലും ബഹുമുഖമായ പരിപാടികള്ക്കായിരുന്നുവെന്നും വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര പറഞ്ഞു.
ജൂണ്‍ 24 ന് കെയ്റോയില്‍ എത്തുന്ന പ്രധാനമന്ത്രി ആദ്യം ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഈജിപ്ത് പ്രസിഡന്റ് രൂപീകരിച്ച ഉന്നതതല മന്ത്രിമാരുടെ തിരഞ്ഞെടുത്ത യൂണിറ്റായ ഇന്ത്യന്‍ യൂണിറ്റുമായി കൂടിക്കാഴ്ച നടത്തും. ഈജിപ്റ്റ് സര്‍ക്കാരില്‍ നിന്ന് കുറഞ്ഞത് മൂന്നോ നാലോ മന്ത്രിമാരെങ്കിലും ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. സ്യൂസ് കനാല്‍ അതോറിറ്റി ചെയര്‍പേഴ്സന്റെ നേതൃത്വത്തിലുള്ള മന്ത്രിതല പ്രതിനിധി സംഘം നിലവിലും ഇന്ത്യയില്‍ ഉണ്ട്. ഇന്ത്യയും ഈജിപ്തും തങ്ങളുടെ ബന്ധത്തിന്റെ എല്ലാ വശങ്ങളും ശക്തിപ്പെടുത്തുന്നതില്‍ വളരെ നിശിതമായ ശ്രദ്ധ ചെലുത്തുന്നുവെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
ഇന്ത്യന്‍ യൂണിറ്റുമായുള്ള ആശയവിനിമയത്തിന് ശേഷം, ഈജിപ്തിലുള്ള ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നും ഈജിപ്തിലെ ചില പ്രമുഖരെയും കാണും. രണ്ടാം ദിവസം അല്‍-ഹക്കീം പള്ളി സന്ദര്‍ശനത്തോടെ ആരംഭിക്കും. 11ാം നൂറ്റാണ്ടില്‍ ബൊഹ്റ സമൂഹം നവീകരിച്ചതും പുതുക്കിപ്പണിയിച്ചതുമായ പള്ളിയാണിത്. അല്‍-ഹക്കിം പള്ളി സന്ദര്‍ശനത്തിന് ശേഷം ഹീലിയോപോളിസ് വാര് ഗ്രേവ് സെമിത്തേരി സന്ദര്‍ശിച്ച് ഒന്നാം ലോകമഹായുദ്ധസമയത്ത് ഈജിപ്തിനായി വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. ഇതിന് ശേഷം പ്രധാനമന്ത്രി ഈജിപ്ത് പ്രസിഡന്റുമായി ഔദ്യോഗിക ചര്‍ച്ച നടത്തും. ഈജിപ്ത് പ്രസിഡന്റുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളും വിവിധ ധാരണാപത്രങ്ങളിലും കരാറുകളിലും തുടര്‍ന്ന് ഒപ്പുവെക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: