ഷിജു കുമാര്‍ എരുമേലി
(ജനറല്‍ സെക്രട്ടറി, അഖില കേരള പണ്ഡിതര്‍ മഹാജനസഭ )
സാമൂഹ്യപരിഷ്കര്‍ത്താവും അഖില കേരള പണ്ഡിതര്‍ മഹാജനസഭ സ്ഥാപകനുമായ ശ്രീരാമ ക്യഷ്ണ പണ്ഡിതരുടെ സമാധി ദിനം ഇന്ന്. 1907 ജൂണ്‍ എട്ടിന് എറണാകുളം മുളവുകാട് തെരുവില്‍ പറമ്പില്‍ അയ്യപ്പന്റെയും കടവന്ത്ര ലക്ഷ്മിയുടെയും പുത്രനായി ശ്രീരാമ ക്യഷ്ണ പണ്ഡിതര്‍ ജനിച്ചു. ചെറുപ്രായത്തില്‍ തന്നെ സംസ്കൃത അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം നേടി. പിന്നീട് മദ്രാസ് മെട്രിക്കുലേഷന്‍ പ്രൈവറ്റായി പാസ്സായി.
പൊതുവഴിയിലൂടെ നടക്കാനും വിദ്യാഭ്യാസം ചെയ്യാനും ആരാധന സ്വാതന്ത്ര്യം ഇല്ലായ്മ എന്നിങ്ങനെ ജാതി മേല്‍ക്കോയ്മയുടെ കാല്ക്കീഴില് ഞെരിഞ്ഞമര്‍ന്നു പോയ ഒരു ജനതയെ സാമൂഹ്യമായും സാംസ്കാരികമായും ഉണര്‍ത്തി മനുഷ്യനെന്ന പദവിയിലേക്ക് ഉയര്‍ത്താനുള്ള പ്രായോഗ പദ്ധതികളാണ് ശ്രീരാമകൃഷ്ണ പണ്ഡിതര്‍ നടത്തിയത്.
1921ലെ ഒറ്റപ്പാലം കോണ്‍ഗ്രസ് സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു. ഗുരുവായൂര്‍ സത്യഗ്രഹം, വൈക്കം സത്യഗ്രഹം, പാലിയത്ത് സമരം എന്നിവയുടെ ഭാഗമായി. 1948ല്‍ കൊച്ചി നിയമസഭയിലേക്ക് മത്സരിച്ചു. സമുദായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് തിരിച്ചറിവില്‍ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറി. 1924ല്‍ എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ അവര്‍ണരായ ഹിന്ദുക്കളുടെ മഹാസമ്മേളനം മുതുകുളത്ത് കൂടി അവര്‍ണ മഹാസഭ രൂപീകരിച്ചപ്പോള്‍ അതിന്റെ ഭാഗമായി.
1951ല്‍ അഖില കേരള പണ്ഡിതര്‍ മഹാജനസഭ സ്ഥാപിച്ച് കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ള പണ്ഡിതര്‍ സമുദായാംഗങ്ങളെ സംഘടിപ്പിച്ചു. സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ സന്ദേശം മാസിക ആരംഭിച്ചു. ശ്രീരാമകൃഷ്ണ പണ്ഡിതരുടെ അക്ഷീണമായ പ്രവര്‍ത്തനമാണ് 1955ല്‍ തിരുക്കൊച്ചി സംസ്ഥാനത്ത് ഒബിസി ആനുകൂല്യം പണ്ഡിതര്‍ സമുദായത്തിന് ലഭിച്ചത്. സമുദായാചാര്യന്‍ അമ്പത്താറാമത്തെ വയസില്‍ 1963 ജൂണ്‍ 19ന് മഹാസമാധി പ്രാപിച്ചു. സമുദായത്തിന്റെ ശക്തിയും ചൈതന്യവും അദ്ദേഹത്തിന്റെ കാലാതീതമായ ദര്‍ശനങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: