ഭുവനേശ്വര്‍: ഇന്റര്‍ കോണ്‍ടിനെന്റല്‍ കപ്പ് കിരീടം ഇന്ത്യക്ക്. ഇന്നലെ നടന്ന ആവേശ ഫൈനലില്‍ ലെബനനിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ കപ്പില്‍ മുത്തമിട്ടത്. നാല്‍പത്തിയാറാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും 66-ാം മിനിറ്റില്‍ ലാലിയന്‍സുല ചാങ്‌തെയുമാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്.
സുനില്‍ ഛേത്രിയെ ഒന്നാം പകുതിയില്‍ തന്നെ ഇറക്കിയ ഇന്ത്യ നിരന്തരം ആക്രമിക്കുന്നതാണ് ആദ്യ നിമിഷങ്ങളില്‍ കണ്ടത്. സഹലും ആഷിഖും ചേര്‍ന്നതോടെ ഏത് നിമിഷവും ഗോള്‍ വീഴാമെന്ന അവസ്ഥയായിരുന്നു. ചില ആശയക്കുഴപ്പങ്ങളും നിസാര പിഴവുകളുമാണ് ഒന്നാം പകുതിയില്‍ ഇന്ത്യയുടെ വഴിയടച്ചത്. പ്രത്യാക്രമണമായിരുന്നു ലെബനനന്റെ ആയുധം. എന്നാല്‍ അവരുടെ മുന്നേറ്റങ്ങളെ പ്രതിരോധത്തിലെ ഉരുക്കുകോട്ടയായ സന്ദേശ് ജിംഗനും ഗോളി ഗുര്‍പ്രീതും കോട്ട കെട്ടി തടഞ്ഞു. ഇതോടെ ആദ്യ പകുതി ഗോള്‍രഹിതമായി.
എന്നാല്‍ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ തന്നെ ഇന്ത്യ സമനിലക്കെട്ട് പൊട്ടിച്ചു. ലക്ഷ്യം കണ്ടത് ഛേത്രിയാണെങ്കിലും ഈ ഗോളിന്റെ എല്ലാ ക്രെഡിറ്റും നല്‍കേണ്ടത് ലാലിയന്‍സുല ചാങ്തെയ്‌ക്കും നിഖില്‍ പൂജാരിക്കുമാണ്. പൂജാരിയില്‍ നിന്ന് ലഭിച്ച പാസ് ചാങ്തെ ഡിഫന്‍ഡറുടെ കാലിനിടയിലൂടെ ബാക്ക് ഹീല്‍ ചെയ്ത് വീണ്ടും പൂജാരിക്ക് നല്‍കി. പൂജാരി വിങ്ങിലേയ്‌ക്ക് കയറി പന്ത് ഛേത്രിക്ക് കൊടുത്തു. ബോക്സില്‍ പൊസിഷന്‍ ചെയ്തു നിന്ന ഛേത്രി പന്ത് ഒന്ന് കണക്ട് ചെയ്യേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ കൂടുതല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ഇന്ത്യ 66-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. ലാലിയന്‍സുല ചാങ്‌തെയാണ് ലക്ഷ്യം കണ്ടത്. ഛേത്രിയാണ് രണ്ടാമത്തെ ഗോളിന്റെ ശില്‍പി. ഛേത്രി നകില്‍ പന്ത് മഹേഷ് സിങ് പോസ്റ്റിലേയ്‌ക്ക് നിറയൊഴിച്ചെങ്കിലും ഗോളി തടഞ്ഞിട്ടു. റീബൗണ്ട് കിട്ടിയ പന്ത് ചാങ്‌തെ ലെബനന്‍ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയിലെത്തിച്ചു.
തുടര്‍ന്ന് ലെബനന്‍ ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഇന്ത്യന്‍ പ്രതിരോധം പൊളിച്ച് ലക്ഷ്യം കാണാനായില്ല. ഇതോടെ ഇന്ത്യ ഇന്റര്‍ കോണ്‍ടിനെന്റല്‍ കപ്പില്‍ മുത്തമിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: