ആലപ്പുഴ: ബികോമിനു പരാജയപ്പെട്ട എസ്എഫ്‌ഐ നേതാവ് എംകോമിന് പഠിക്കുന്നതില്‍ കോളജ് മാനേജ്‌മെന്റ് നിലപാടിലും ദുരൂഹത. കായംകുളം എംഎസ്എം കോളജ് മാനേജ്‌മെന്റിന് എതിരെയാണ് ആക്ഷേപം ഉയരുന്നത്. എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് ബികോം ജയിക്കാതെ എംകോമിന് ചേര്‍ന്നത് മാനേജ്‌മെന്റ് ക്വാട്ടയിലാണ്. സിപിഎം നേതാക്കളുടെ ശിപാര്‍ശയിലാണ് പ്രവേശനം നല്കിയതെന്നാണ് കോളജ് മാനേജ്‌മെന്റ് പറയുന്നത്. എന്നാല്‍ ഇതേ കോളജില്‍ പഠിച്ച് പരാജയപ്പെട്ട വിദ്യാര്‍ഥി മറ്റൊരു കോളജില്‍ പഠിച്ച് നേടിയ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോള്‍ യാതൊരു പരിശോധനയും നടത്താതെ പ്രവേശനം നല്കിയതിലാണ് ദുരൂഹത.
എംഎസ്എം കോളജില്‍ പഠിച്ച കാലയളവില്‍ തന്നെയാണ് കലിംഗയിലും പഠിച്ചതായി നിഖില്‍ അവകാശപ്പെടുന്നത്. സിപിഎം ജില്ലാ നേതാവിന്റെ സമ്മര്‍ദ്ദത്തിലാണ് മാനേജ്‌മെന്റ്പ്രവേശനം നല്കിയതെന്ന ആക്ഷേപമാണ് ഉയരുന്നത്. കേരള സര്‍വകലാശാലയില്‍ ഉന്നത സ്ഥാനം അലങ്കരിക്കുകയാണ് ഈ നേതാവ്.
2017 -20 കാലഘട്ടത്തിലാണ് നിഖില്‍ എംഎസ്എം കോളജില്‍ ബികോമിനു പഠിച്ചത്. 2019ല്‍ എസ്എഫ്‌ഐയുടെ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായും, 2020ല്‍ കേരള സര്‍വകലാശാലാ യൂണിയന്‍ ജോയിന്റ് സെക്രട്ടറിയായി. അതേ കാലയളവിലുള്ള കലിംഗ സര്‍വകലാശാലയുടെ ബിരുദസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എംഎസ്എം കോളജില്‍ തന്നെ 2021 -2023 ബാച്ചില്‍ എംകോമിന് ചേര്‍ന്നത്.
കൃത്യമായ അന്വേഷണം നടന്നാല്‍ നിഖിലിനെ കൂടാതെ കോളേജ് മാനേജ്‌മെന്റും, ശുപാര്‍ശ ചെയ്ത സിപിഎം നേതാവും പ്രതിപട്ടികയില്‍ വരാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: