റാന്നി: അദ്ധ്യായനം തുടങ്ങി ആദ്യമാസം പിന്നിട്ടിട്ടും കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ അദ്ധ്യാപകര്‍ വലയുന്നു. സന്നദ്ധ സംഘടനകളുടെയും സ്വകാര്യ വ്യക്തികളുടെയും സഹായത്തിലാണ് നിലവില്‍ ഭക്ഷണ വിതരണം നടത്താന്‍ വിഭവങ്ങള്‍ കണ്ടെത്തുന്നത്. എന്നാല്‍ അടിസ്ഥാന ചിലവുകള്‍ക്ക് നല്‍കിവരുന്ന ഫണ്ട് കഴിഞ്ഞ വര്‍ഷത്തേതുപോലും അദ്ധ്യാപകര്‍ക്ക് കിട്ടിയിട്ടില്ല. ഇതോടെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളിലെ തുക നവംബറിലാണ് അനുവദിച്ചത്. നവംബറിലെ തുക ജനുവരിയിലും, ഡിസംബറിലേത് ഫെബ്രുവരിയിലുമാണ് ലഭിച്ചത്. ഈ അധ്യയന വര്‍ഷം ആരംഭിച്ചതു മുതലുള്ള ചെലവുകള്‍ക്ക് മുന്‍കൂറായി കയ്യില്‍നിന്നു പണം മുടക്കുകയാണ് അധ്യാപകര്‍. ഒരു കുട്ടിക്ക് 8 രൂപ നിരക്കിലാണ് ഉച്ചഭക്ഷണ ഫണ്ട് നല്‍കുന്നത്. ആഴ്ചയില്‍ ഒരു ദിവസം മുട്ട, 2 ദിവസം പാല്‍ എന്നിവയും നല്‍കണം. വിറകടുപ്പില്‍ പാകം ചെയ്യാനും അനുവാദമില്ല. പാചകവാതക വില കൂടിയ സാഹചര്യത്തില്‍ ഭക്ഷണം ഗ്യാസ് അടുപ്പില്‍ പാകം ചെയ്യുകയെന്നതും ചെലവു കൂട്ടുന്നു. അതത് സ്‌കൂളുകളാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. ഒരു കുട്ടിക്ക് ഏറ്റവും ചുരുങ്ങിയത് 15 രൂപയോളം ചെലവു വരുന്നുണ്ട്. മുട്ടയും പാലും നല്‍കേണ്ട ദിവസങ്ങളില്‍ തുക പിന്നെയും കൂടും. അതിനു പ്രത്യേക ഫണ്ടില്ല. അരി മാത്രം മാവേലി സ്റ്റോറുകളില്‍നിന്ന് കൃത്യമായി എത്തുന്നുണ്ട്.
8 വര്‍ഷം മുന്‍പ് നിലവില്‍വന്ന അതേ നിരക്കാണ് ഇപ്പോഴും പിന്തുടരുന്നത്. തുക പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യം ശക്തമാണ്.പാചകത്തൊഴിലാളികള്‍ക്ക് ദിവസം 600 രൂപയാണ് കൂലി.അതത് മാസത്തെ കണക്ക് പിറ്റേമാസമാദ്യം തന്നെ എഇ ഓഫിസുകളില്‍ കൃത്യമായി എത്തിക്കുകയും പാസാക്കുകയും ചെയ്യുന്നുണ്ടെങ്കിലും തുക ലഭ്യമാകാന്‍ വൈകുകയാണ്. മാര്‍ച്ചിലെ തുകയാണ് ഇനിയും ലഭിക്കാനുള്ളത്. ദിനംപ്രതി സാധനങ്ങള്‍ക്കു വിലകൂടുന്ന സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പ് സ്‌കൂളുകള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: