ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ ചേരാന്‍ തനിക്ക് ക്ഷണം ലഭിച്ചിരുന്നതായും അതിലും ഭേദം കിണറ്റില്‍ ചാടുന്നതാണെന്ന് മറുപടി നല്‍കിയെന്നും കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി. മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയില്‍ നടന്ന പൊതുയോഗത്തിലാണ് ഗഡ്ക്കരിയുടെ വെളിപ്പെടുത്തല്‍. ഗഡ്ക്കരി ബിജെപി വിടുമെന്ന തരത്തില്‍ നിരന്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കുള്ള മറുപടി കൂടിയായി നിതിന്‍ ഗഡ്ക്കരിയുടെ വാക്കുകള്‍ മാറി.
നാഗ്പൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായിരുന്ന ശ്രീകാന്ത് ജിച്കറാണ് തന്നോട് കോണ്‍ഗ്രസില്‍ ചേരാന്‍ ആവശ്യപ്പെട്ടതെന്ന് ഗഡ്ക്കരി പറഞ്ഞു. മികച്ച പാര്‍ട്ടി പ്രവര്‍ത്തകനും നേതാവുമാണ് താങ്കളെന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ മികച്ച ഭാവി ലഭിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നതായി കേന്ദ്രമന്ത്രി വെളിപ്പെടുത്തി. എന്നാല്‍ അതിലും ഭേദം കിണറ്റില്‍ ചാടി മരിക്കുന്നതാണെന്ന് താന്‍ മറുപടി നല്‍കിയെന്നും ഗഡ്ക്കരി പറഞ്ഞു.
ബിജെപിയിലും പാര്‍ട്ടിയുടെ തത്വശാസ്ത്രത്തിലും പൂര്‍ണ വിശ്വാസമുള്ള പ്രവര്‍ത്തകനാണ് താന്‍. പാര്‍ട്ടിയെ വളര്‍ത്താനായി തുടര്‍ന്നും പരിശ്രമിക്കും. വിദ്യാര്‍ഥി സംഘടനയായ എബിവിപിയില്‍ പ്രവര്‍ത്തിച്ചിരുന്നകാലം മുതല്‍ തന്നില്‍ മൂല്യങ്ങള്‍ നല്കി വളര്‍ത്തിയത് ആര്‍എസ്എസ് ആണ്. ആ പാതയില്‍ തന്നെ മരണം വരെ തുടരും, ഗഡ്ക്കരി പറഞ്ഞു. അറുപത് വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് ചെയ്ത കാര്യങ്ങള്‍ ഒമ്പത് വര്‍ഷം കൊണ്ട് നടപ്പാക്കിയ പാര്‍ട്ടിയാണ് ബിജെപിയെന്നും ഇന്ത്യയെ ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയാക്കി വളര്‍ത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്നും നിതിന്‍ ഗഡ്ക്കരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: