കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്‌പ് കേസില്‍ മാതൃഭൂമിയ്‌ക്കെതിരെ കേസെടുത്തത് ഒരു പൊലീസ് ഓഫീസറെ കുടുക്കാനെന്ന് മാതൃഭൂമി എംഡിയും ഇടത് മുന്നണി നേതാവുമായ എം.വി. ശ്രേയംസ് കുമാര്‍. ഇതിന് വേണ്ടി മാതൃഭൂമി ജീവനക്കാരുടെ മേല്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയെന്നും ശ്രേയംസ് കുമാര്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നതിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം.വി. ശ്രേയംസ് കുമാര്‍. പക്ഷെ ഈ പൊലീസ് ഓഫീസര്‍ സര്‍ക്കാര്‍ സസ്പെന്‍റ് ചെയ്ത ഐജി പി.വിജയനാണെന്ന് പരാമര്‍ശിച്ചില്ലെങ്കിലും ശ്രേയംസ് കുമാര്‍ ഉദ്ദേശിച്ചത് പി.വിജയനെത്തന്നെയാണെന്നാണ് കരുതുന്നു. ഇതോടെ എലത്തൂര്‍ കേസില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഐജിയായിരുന്ന പി.വിജയനെ പൊലീസ് ഗൂഢാലോചന നടന്നുവെന്ന വാദം വീണ്ടും ശക്തമാവുകയാണ്.
മികച്ച അന്വേഷണ ഉദ്യോഗസ്ഥൻ, ചേലാമ്പര ബാങ്ക് കവർച്ച ഉൾപ്പെടെ പ്രമാദമായ കേസുകൾ തെളിയിച്ച ഉദ്യോഗസ്ഥൻ, രാജ്യത്തിന് മാതൃകയായ സ്റ്റുഡന്‍റ് പൊലിസ് പദ്ധതിയുടെ നോഡൽ ഓഫീസർ, പ്രധാന മന്ത്രി പോലും പ്രശംസിച്ച ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയുടെ ചുമതലക്കാരൻ, അങ്ങനെ സേനയെ പല മേഖലയിൽ പ്രശസ്തിയിലേക്ക് നയിച്ച പി വിജയനെ പിണറായി സര്‍ക്കാര്‍ സസ്പെന്‍റ് ചെയ്തതില്‍ കടുത്ത അമ്പരപ്പിലാണ് പൊലീസുകാർ.
നടപടിക്ക് പിന്നാലെ സേനയിലെ ചേരിതിരിവും പടലപിണക്കങ്ങളും വീണ്ടും ചർച്ചയാവുകയാണ്. എലത്തൂർ ആക്രമണമുണ്ടായതിന് പിന്നാലെ തീവ്രവാദ വിരുദ്ധ സേനയുടെ തലവനായ വിജയനും കോഴിക്കോടെത്തിയിരുന്നു. എടിഎസ് അന്വേഷണം തുടങ്ങിയ ശേഷമായിരുന്നു എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചത്. അന്വേഷണം തുടങ്ങിയ ശേഷവും ഏകോപനത്തെ ചൊല്ലി എഡിജിപിയും ഐജിയും തമ്മിൽ തർക്കങ്ങളുമുണ്ടായി. ഇതിനിടെയാണ് പ്രതിയെ കൊണ്ടുവന്നതിന്റെ ദൃശ്യങ്ങൾ മാതൃഭൂമി പകർത്തിയത്. ഇതിനാണ് മാതൃഭൂമിയ്‌ക്കെതിരെ കേസെടുത്തത്.
എടിഎസ് ഉദ്യോഗസ്ഥരാണ് പ്രതിയെ രത്നനഗിരിയിൽ നിന്ന് കൊണ്ടു വന്നത്. ഇവരെ അന്വേഷണ ചുമതലയില്ലാത്ത ഐജിയും , ഗ്രേഡ് എസ്ഐയും വിളിച്ചത് സംശയാസ്പദമെന്നാണ് എഡിജിപിയുടെ റിപ്പോർട്ട്. ഇതിനിടെ കെബിപിഎസ് എംഡിയുടെ ചുമതലയുണ്ടായിരുന്ന പി വിജയൻ ലോട്ടറി അച്ചടിച്ചതിൽ വീഴ്ച വരുത്തിയ 6 കുടുംബശ്രീ താൽക്കാലിക തൊഴിലാളി കളെ പിരിച്ചു വിട്ടു. ഇതിൽ യൂണിയനുകളുമായും തർക്കമുണ്ടായി.
പ്രധാന മന്ത്രിയുടെ മൻകിബാദിന്റെ കോൺക്ലേവിൽ പങ്കെടുക്കാനുള്ള അനുമതി നിരസിച്ചതിന് പിന്നാലെയാണ് എല്ലാ ചുമതല കളിൽ നിന്നും ഐജി പി.വിജയനെ സർക്കാർ മാറ്റിയ ശേഷം എഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. വിവര ചോർച്ചയിലെ സംശയത്തിന്റെ മറവിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥനോട് കടുത്ത നടപടി വേണ്ടിയിരുന്നില്ലെന്ന് ഐഎഎസ് തലത്തിലും അഭിപ്രായമണ്ട്. സസ്പെന്‍റ്ചെയ്യാൻ ചീഫ് സെക്രട്ടറിയും ശുപാർശ ചെയ്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: