Categories: Samskriti

മിഥുനം കടന്നുവരുമ്പോള്‍…

മലയാളമാസങ്ങളില്‍ പതിനൊന്നാമത്തേതാണ് മിഥുനം. ഉത്തരായനത്തിലെ ആറ് മാസങ്ങളില്‍ ഒടുവിലത്തേതുമാണ്. ചരം, സ്ഥിരം, ഉഭയം എന്നീ രാശി വിഭജനങ്ങളില്‍ ഉഭയരാശിയാണ് മിഥുനം. ഉഭയരാശികളിലെ മാസാദ്യത്തെ 'ഷഡശീതി പുണ്യകാലം' എന്ന് പറയുന്നു.

Published by

ജ്യോതിഷ ഭൂഷണം

എസ് ശ്രീനിവാസ് അയ്യര്‍

രാശി തത്ത്വങ്ങള്‍

ലയാളമാസങ്ങളില്‍ പതിനൊന്നാമത്തേതാണ് മിഥുനം. ഉത്തരായനത്തിലെ ആറ് മാസങ്ങളില്‍ ഒടുവിലത്തേതുമാണ്. ചരം, സ്ഥിരം, ഉഭയം എന്നീ രാശി വിഭജനങ്ങളില്‍ ഉഭയരാശിയാണ് മിഥുനം. ഉഭയരാശികളിലെ മാസാദ്യത്തെ ‘ഷഡശീതി  പുണ്യകാലം’ എന്ന് പറയുന്നു.

മേടത്തില്‍ തുടങ്ങുന്ന രാശിചക്രത്തിലെ മൂന്നാം രാശിയാണ് മിഥുനം. 60 ഡിഗ്രി മുതല്‍ 90 ഡിഗ്രി വരെ മിഥുനം വ്യാപിച്ചിരിക്കുന്നു. മകയിരം 3,4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1,2,3 പാദങ്ങള്‍ എന്നിവ മിഥുനം രാശിയിലെ അഥവാ മിഥുനക്കൂറിലെ നക്ഷത്രങ്ങള്‍.

ഗദയേന്തിയ പുരുഷനും വീണയേന്തിയ സ്ത്രീയുമാണ് മിഥുനംരാശിസ്വരൂപം. ‘വീണാ ഗദാധാരിയായ് ആണും പെണ്ണും ഉടല്‍ കലര്‍ന്ന് മിഥുനം’ എന്ന് ‘ജ്യോതിഷ ദീപമാല’ വിവരിക്കുന്നു. കാമനാണ് രാശിയുടെ ദേവത. പ്രണയത്തിന്റെ, സ്ത്രീപുരുഷ സമന്വയത്തിന്റെ, അന്യോന്യപൂരകത്വത്തിന്റെ ഒക്കെ രാശിയാണ് മിഥുനം. ആ പേരില്‍ തന്നെ അതെല്ലാം ഉണ്ടല്ലോ! രാശികളുടെ വാസ/വിഹാരസ്ഥാനങ്ങളില്‍ ശയ്യാഗൃഹം ആണ് മിഥുനത്തിന് കല്പിച്ചിരിക്കുന്നത്. ഓജം, യുഗ്മം എന്നീ രാശിവിഭജനങ്ങളില്‍ ഓജരാശി അഥവാ പുരുഷരാശിയാണ് മിഥുനം. മൂര്‍ധോദയം, രാത്രിരാശി തുടങ്ങിയ വിശേഷണങ്ങളുമുണ്ട്. നീളം കൂടിയ പകലുകളാണ് മിഥുനമാസത്തില്‍ എന്നതും പ്രസ്താവ്യം.

മിഥുനം രാശിയുടെ നാഥന്‍ ബുധന്‍. മറ്റുഗ്രഹങ്ങള്‍ക്ക് മിഥുനത്തില്‍ സ്വക്ഷേത്രാദി അവകാശങ്ങളില്ല. മിഥുനക്കൂറിന് മകരക്കൂറ് അഷ്ടമരാശി. വൃശ്ചികക്കൂറിനാകട്ടെ, മിഥുനക്കൂറാണ് അഷ്ടമരാശി. ധനുവാണ് മിഥുനത്തിന്റെ ബാധാരാശി. ബാധാഗ്രഹം വ്യാഴവും. അതുപോലെ ധനുരാശിയുടെ ബാധാരാശി മിഥുനമാകുന്നു. ധനുവിന്റെ ബാധകഗ്രഹം ബുധനുമത്രെ!

മകയിരം ഞാറ്റുവേല ഇയ്യാണ്ട് മിഥുനം ഏഴ് വരെയുണ്ട്. തുടര്‍ന്ന് പഴയ കേരളത്തിന്റെ മഴക്കാലപ്പെരുമയായ, ഇടവപ്പാതിയുടെ ഉച്ചണ്ഡഘട്ടമായ തിരുവാതിര ഞാറ്റുവേല. കുരുമുളക് വള്ളികള്‍ വിദേശീയര്‍ കപ്പലില്‍ കൊണ്ടുപോകുന്നതുകൊണ്ട് ഭാവിയില്‍ ‘കറുത്ത മുത്തില്‍’ നിന്നുമുള്ള വിദേശധനം ഇല്ലാതാവുമോ എന്ന് ആശങ്കപ്പെട്ട മന്ത്രിയായ മങ്ങാട്ടച്ചനോട് സാമൂതിരി പറഞ്ഞില്ലേ, ‘തിരുവാതിര ഞാറ്റുവേല അവര്‍ക്ക് കൊണ്ടുപോകാനാവില്ലല്ലോ’ എന്ന്. ഞാറ്റുവേലകളും കൃഷിയും തമ്മിലുള്ള ബന്ധം അതില്‍ നിന്നും സ്പഷ്ടമാണ്. മിഥുനം ഇരുപത്തൊന്നിന് പുണര്‍തം ഞാറ്റുവേല കടന്നുവരുന്നു..

മിഥുനത്തിന്റെ ദുഷ്‌പ്പേര് പഞ്ഞമാസം എന്നാണ്. പേമാരി മൂലം കൃഷിപ്പണിയില്ല. അങ്ങനെ കാര്‍ഷികകേരളത്തിലെ സാധാരണക്കാര്‍ക്ക് മുണ്ടുമുറുക്കി ജീവിക്കേണ്ട സ്ഥിതിയുണ്ടാവുന്നു. ഇന്ന് അത്തരത്തിലുള്ള ദാരിദ്ര്യം പറയാനില്ല. തുലാം മുതല്‍ ഇടവം വരെയുള്ള കേരളത്തിന്റെ ഉത്സവകാലം സമാപിച്ചുകഴിഞ്ഞു. മിഥുനം ഒന്നിനും രണ്ടിനും പഴയ തിരുവിതാംകൂറില്‍ ‘ഓച്ചിറക്കളി’ നടക്കുന്നു; പ്രസിദ്ധമാണ് അത്. ഇത്തവണ കൊട്ടിയൂര്‍ വൈശാഖമഹോത്സവം സമാപിക്കുന്നത് മിഥുനം പകുതിയോടുകൂടിയാണ് എന്നതും സ്മരിക്കാം. മിഥുനം 18 ന് ജലമഹോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം വള്ളംകളിയുണ്ട്. ചില ഉത്സവങ്ങള്‍ അവിടവിടെ കണ്ടേക്കാം എന്നത് മറക്കുന്നില്ല.

മിഥുനം 2,3 തീയതികളില്‍ അമാവാസി. മിഥുനം 4ന്, ശുക്ല പ്രഥമയില്‍ ആഷാഢം തുടങ്ങുന്നു. ‘ആഷാഢസ്യ പ്രഥമദിനേ’ ആണ് കാളിദാസന്റെ വിരഹിയായ യക്ഷന്‍ മേഘത്തിന് സന്ദേശം കൈമാറാന്‍ തുടങ്ങുന്നത്. അതും ഓര്‍മ്മിക്കാം.  

പൂരാടം ഉത്രാടം നക്ഷത്രങ്ങളെ പൂര്‍വ്വ ആഷാഢം, ഉത്തര ആഷാഢം എന്ന് പറയുന്നു. ആഷാഢ നക്ഷത്രങ്ങളില്‍  പൗര്‍ണമി വരുന്നതിനാല്‍ ആ മാസം ആഷാഢമായി. ആഷാഢ പൗര്‍ണമി ഗുരുപൂര്‍ണ്ണിമാദിനം, വേദവ്യാസ ജയന്തി കൂടിയാണ്. മിഥുനം വിശേഷങ്ങളില്‍ പ്രധാനം ഇവയൊക്കെയാവാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by