കൊച്ചി: അവയവം തട്ടിയെടുക്കാനായി യുവാവിനെ മരണത്തിലേക്കു തള്ളിവിട്ട കേസില്‍ ഡോക്ടര്‍മാരുടെ നടപടികളില്‍ അടിമുടി ദുരൂഹതയെന്നു കോടതി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എബിനെ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 2009 നവംബര്‍ 29 വൈകിട്ട് 8.30ന്. പിറ്റേന്ന് അതിരാവിലെ ലേക്ഷോര് ആശുപത്രിയിലേക്ക് മാറ്റിയ എബിന്റെ മസ്തിഷ്ക മരണം രാവിലെ ഏഴിനു സ്ഥിരീകരിച്ചു. മസ്തിഷ്ക മരണമെന്നു വിധിയെഴുതിയ ഡോക്ടര്‍ സംഘത്തിലെ ന്യൂറോ സര്ജന് അതിനായി രൂപീകരിച്ച ന്യൂറോ സര്ജന്മാരുടെ പാനലിലെ അംഗമല്ല. മറ്റൊരു ഡോക്ടര്‍ ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് ആക്ട് 1956 പ്രകാരം രേഖയില്‍ ഒപ്പിടാനുള്ള യോഗ്യതയില്ലാത്ത ആളാണെന്നും കോടതി വിലയിരുത്തി. സംഘത്തിലെ വേറൊരാള് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍ അല്ല, കര്‍ണാടകയിലാണ് രജിസ്ട്രേഷന്.
അവയവമാറ്റം നടത്താനായി എബിന്റെ നെഞ്ചിന്‍കൂട് തുറന്നതായും ഹൃദയത്തിനു ക്ഷതം ഏല്‍പ്പിച്ചതായും കോടതി കണ്ടെത്തി. അവയവക്കൊള്ള നടത്താനായി, എബിനെ ചികിത്സിക്കാന്‍ തയാറാവാതെ മരണത്തിന് വിട്ടുനല്‍കുകയായിരുന്നു എന്നുതന്നെയാണ് കോടതിയുടെ വിലയിരുത്തല്‍.
പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതിനു ശേഷം മാത്രമേ അവയവങ്ങള്‍ നീക്കം ചെയ്യാവൂ എന്ന നിയമവും പാലിച്ചില്ല. വിദേശിയില്‍ അവയവം വച്ചുപിടിപ്പിക്കണമെങ്കില്‍ ഇന്റേണല്‍ ഓതറൈസേഷന്‍ കമ്മിറ്റിയുടെ അനുമതി വേണം. ഇതു നേടിയതായി രേഖകളില്‍ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു.
മെഡിക്കല്‍ എത്തിക്സിനു വിരുദ്ധമായ നടപടിയാണ് ലേക്ഷോറിലെ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന കൊല്ലം സ്വദേശി ഡോ. ഗണപതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടതിനെ തുടര്‍ന്നാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എല്‍ദോസ് മാത്യു ഡോക്ടര്‍മാര്‍ക്ക് സമന്‍സ് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: