തിരുവനന്തപുരം: യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍മാരെ അയോഗ്യരാക്കേണ്ടി വന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് പുതിയ മാര്‍ഗനിര്‍ദ്ദേശം നടപ്പിലാക്കുമെന്ന് കേരള സര്‍വകലാശാല വിസി മോഹനന് കുന്നുമ്മല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 28 വയസ് എന്നത് കൃത്യമായി പരിശോധിക്കാന്‍ കോളേജ് പ്രിന്‍സിപ്പല്‍മാരെ ചുമതലപ്പെടുത്തും. പ്രിന്‍സിപ്പല്‍മാര്‍ മത്സരിക്കുന്നവരുടെ വയസ് അടക്കമുള്ള മാനദണ്ഡങ്ങള്‍ പരിശോധിച്ച് സത്യവാങ്മൂലം നല്‍കണം. ബിഎഡ് കോളേജുകളില്‍ വയസ് പരിധി കടന്നവരാണ് വിദ്യാര്‍ത്ഥികളില്‍ അധികവും. അതിനാല്‍ അത്തരം കോളേജുകളിലേക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശം നല്‍കും.
യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ് സംബന്ധിച്ച് 30 കോളേജുകള്‍ മറുപടി നല്‍കിയിട്ടില്ല. ഈമാസം 20 വരെ സമയം അനുവദിച്ചിട്ടുണ്ട്. അതിനകം മറുപടി നല്‍കിയില്ലെങ്കില്‍ ആ കോളേജുകളില്‍ നിന്നും പ്രതിനിധി ഉണ്ടാകില്ല. പിഴ അടയ്ക്കാത്ത കോളേജുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിസി പറഞ്ഞു.
കേരള സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുപയോഗിച്ച് കെഎസ്യു നേതാവ് പ്രമുഖ പണമിടപാട് സ്ഥാപനത്തില്‍ ജോലി സമ്പാദിച്ചതിച്ചെന്ന സംഭവത്തില്‍ നിയമനടപടി സ്വീകരിക്കും. കേരള സര്‍വകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ് ചാന്‍സിലറുടെ ഒപ്പും ഉള്ള സര്‍ട്ടിഫിക്കറ്റിലെ രജിസ്റ്റര്‍ നമ്പര്‍ സര്‍വ്വകലാശാല നല്‍കുന്നതെന്ന് വിസി പറഞ്ഞു. രജിസ്ട്രാറുടെ അന്വേഷണത്തില്‍ ഇങ്ങനെ ഒരു രജിസ്റ്റര്‍ നമ്പരില്ല. ഈസംഭവത്തില്‍ നിയമ നടപടി സ്വീകരിക്കും.അതേസമയം ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്ത മാത്രമേ തെളിവായി സര്‍വകാലശാലയുടെ മുന്നിലുള്ളൂ. മറ്റാരും പരാതി തന്നിട്ടില്ലെന്നും വിസി പറഞ്ഞു. കെഎസ്യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നാണ് വാര്‍ത്ത പുറത്ത് വന്നത്. കേരള സര്‍വകലാശാലയില്‍ നിന്ന് 2016ല്‍ ബികോം ബിരുദം നേടിയതായാണ് സര്‍ട്ടിഫിക്കറ്റ് പ്രചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: