പത്തനംതിട്ട: വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന എസ്ഐക്ക് നേരെ ആക്രോശവുമായി സിപിഎം ലോക്കല്‍ സെക്രട്ടറി. വാഹനപരിശോധനയില്‍ ഇഷ്ടക്കാരുടെ വാഹനങ്ങള്‍ പരിശോധിച്ചതാണ് സിപിഎം നേതാവിനെ ചൊടിപ്പിച്ചത്. വാക്കേറ്റം അഭ്യം പറച്ചിലില്‍ വരെ എത്തി. കോന്നി എസ്ഐ സജു ഏബ്രഹാമും സിപിഎം അരുവാപ്പുലം ലോക്കല്‍ സെക്രട്ടറി ദീദു ബാലനുമാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അരുവാപ്പുലം തേക്കുതോട്ടം ജങ്ഷനില്‍ വാക്പയറ്റ് നടന്നത്.
നിരവധി പേര് നോക്കി നില്‍ക്കേയാണ് എസ്ഐയെ ലോക്കല്‍ സെക്രട്ടറി വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചത്. എസ്ഐയും തിരിച്ച് മറുപടി കൊടുത്തു. ഇവര്‍ തമ്മിലുളള വാക്കേറ്റത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. വിവരം അറിഞ്ഞ് കോന്നി ഡിവൈഎസ്പി ടി. രാജപ്പന് റാവുത്തര്‍ സ്ഥലത്തു വന്ന് ഇരുകൂട്ടരെയും അനുനയിപ്പിച്ച് വിട്ടു. കഴിഞ്ഞ 25 ന് വകയാറില്‍ എസ്ഐ സജു വാഹനം പരിശോധിക്കുമ്ബോള്‍ ദീദു ബാലനുമായി തര്‍ക്കം ഉണ്ടായിരുന്നു. പാറമടയില്‍ നിന്ന് അമിത ലോഡ് കയറ്റി വന്ന വാഹനങ്ങള്‍ വേബ്രിഡ്ജില്‍ വച്ച് തൂക്കി നോക്കി എസ്ഐ ജിയോളജി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ലോറിക്ക് 30,000 രൂപ വരെ പിഴയിനത്തില്‍ ഈടാക്കി. അന്നും ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കു തര്‍ക്കം നടന്നു. വാക്കേറ്റത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍ ആയതിന് പിന്നാലെ എസ്ഐക്കെതിരേ നാട്ടുകാരന് മുഖ്യമന്ത്രിക്ക് പരാതിയും നല്കി. ഇന്റര്‍സെപ്റ്റര്‍ വാഹനവുമായി വാഹന പരിശോധന നടത്തുകയായിരുന്നു എസ്ഐയും സംഘവും. ഈ സമയം സ്ഥലത്ത് വന്ന ലോക്കല്‍ സെക്രട്ടറി എസ്ഐയ്ക്ക് നേരെ തിരിയുകയായിരുന്നു. ഇരുവരും തമ്മില്‍ നടുറോഡില്‍ വാക്കേറ്റം നടത്തി. തന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയിട്ടും ദീദുവിനെതിരേ പരാതി നല്കാന് എസ്ഐ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: