ലഖ്നൗ: ബിഎസ്പി നേതാവും മുന്‍ യുപി മുഖ്യമന്ത്രിയുമായ മായാവതിയുടെ സഹോദരനും ഭാര്യയും 46 ശതമാനം വിലക്കുറവില്‍ 261 ഫ്ളാറ്റുകള്‍ സ്വന്തമാക്കിയതായും ഇതിന്റെ മറവില്‍ വന്‍ ക്രമക്കേട് നടന്നതായും ഓഡിറ്റ് റിപ്പോര്‍ട്ട്.
ലോജിക്സ് ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് നോയിഡയിലെ അപ്പാര്‍ട്ടുമെന്റ് കോംപ്ലക്സില്‍ ഇവര്‍ ഫ്ളാറ്റുകള്‍ കരസ്ഥമാക്കിയതെന്നും ആ സമയത്ത് മായാവതി മുഖ്യമന്ത്രിയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ മറവില്‍ വലിയ തട്ടിപ്പും വഞ്ചനയും വില വലിയ തോതില്‍ കുറച്ചുകാണിക്കലും നടന്നതായും റിപ്പോര്‍ട്ടിലുണ്ട്.
പന്ത്രണ്ട് കൊല്ലം കൊണ്ട് നടന്ന സംഭവങ്ങളിലെ അഴിമതിയുടെ ഞെട്ടിക്കുന്ന കഥകളാണ് ചുരുളഴിയുന്നത്. റിയല്‍ എസ്റ്റേറ്റ് കമ്പനി തുടങ്ങിയതു മുതല്‍ പാപ്പരായി എന്ന് പ്രഖ്യാപിക്കുന്നതുവരെ അരങ്ങേറിയ സംഭവങ്ങള്‍ വന്‍ ക്രമക്കേടാണ് കാണിക്കുന്നതെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മായാവതി 2007ല്‍ മുഖ്യമന്ത്രിയായ സമയത്താണ് ലോജിക്സ് ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡും തുടങ്ങിയത്. തുടങ്ങി രണ്ടു മാസത്തിനകം മായാവതിയുടെ സഹോദരന് ആനന്ദ് കുമാര്‍, ഭാര്യ വിചിതേര് ലത എന്നിവരുമായി നോയിഡയിലെ രണ്ടു ലക്ഷം ചതുരശ്ര അടി സ്ഥലം വില്ക്കാന് കരാറായി.
മൊത്തം 93 കോടി രൂപയുടെതായിരുന്നു കരാര്‍. മൂന്നു മാസത്തിനകം ഇവിടെ 22 ടവറുകള്‍ പണിയാന്‍ കമ്പനിക്ക് അനുമതിയായി. മൊത്തം 944 ഫ്ളാറ്റുകള്‍. ഇതില്‍ 135 ഫ്ളാറ്റുകള്‍ ആനന്ദ് കുമാറിനും 126 എണ്ണം ലതയ്ക്കും യഥാക്രമം 28.24 കോടി, 28.19 കോടി എന്നിങ്ങനെയുള്ള തുകകള്‍ക്ക് വിറ്റതായി കാട്ടിയാണ് രേഖകള്‍. പിന്നീട് പല പലകാരണങ്ങള്‍ കാണിച്ച് തങ്ങള്‍ ഭീമമായ നഷ്ടത്തിലാണെന്നു ചൂണ്ടിക്കാട്ടി പാപ്പരായി പ്രഖ്യാപിച്ചുകിട്ടാന് കമ്പനി നടപടി തുടങ്ങി. പിന്നീട് കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: