കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന് ആശ്വാസം.കേസിലെ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് നല്കിയ ഹര്‍ജിയിലാണ് നടപടി.
പരാതിക്കാരിയുമായി സംസാരിച്ച് ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ക്ക് സ്റ്റേ ലഭിച്ചത്.
2017ല്‍ സിനിമയുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് ഉണ്ണി മുകുന്ദനെ സന്ദര്‍ശിച്ചപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിനിയുടെ പരാതി. ഇവരുടെ രഹസ്യമൊഴി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തിയിരുന്നു.
വിചാരണ മുന്നോട്ട് പോകവെ കേസ് റദ്ദാക്കാന്‍ ഉണ്ണി മുകുന്ദന് ഹൈക്കോടതിയെ സമീപിച്ചു. കേസുമായി മുന്നോട്ടു പോകുന്നില്ലെന്ന് പരാതിക്കാരി അറിയിച്ചെന്നും താരത്തിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ഹൈക്കോടതി 2021 മേയ് ഏഴിന് വിചാരണ നടപടികളില്‍ രണ്ട് മാസത്തേയ്ക്ക് സ്റ്റേ അനുവദിച്ചു. പിന്നീട് 2022 ഓഗസ്റ്റ് 22ന് കേസ് ഒത്തുതീര്‍പ്പായതായി ഉണ്ണിമുകുന്ദന്റെ അഭിഭാഷകന് അറിയിച്ചു. തുടര്‍നടപടി പിന്നീട് പരിഗണിക്കുമെന്ന് അറിയിച്ച് കോടതി സ്റ്റേ നീട്ടി.
ഈ വര്‍ഷം ആദ്യം കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ താന്‍ ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിട്ടിട്ടില്ലെന്നും രേഖ വ്യാജമാണെന്നും പരാതിക്കാരി വെളിപ്പെടുത്തി. ഈ സാഹചര്യത്തില്‍ കേസ് റദ്ദാക്കണമെന്ന നടന്റെ ഹര്‍ജി കഴിഞ്ഞ മാസം തള്ളി. വീണ്ടും പരാതിക്കാരിയുമായി ഒത്തുതീര്‍പ്പുണ്ടായെന്ന് അറിയിച്ചതോടെയാണ് കേസിന്റെ തുടര്‍നടപടികള്‍ക്ക് സ്റ്റേ അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: