ഭീമാദ്യുപാപാഖ്യാനം
ഭീമനെന്നും ഭാസനെന്നും ദൃഢനെന്നും ആ മൂന്നുപേര്‍ക്കും നാമം. ഈ ലോകമെല്ലാം അവരൊരു പുല്ലെന്നപോലെ കാണുന്നവരാണ്. അത്യന്തം ഉത്തമന്മാരാകും അവര്‍. പെട്ടെന്ന് ദൈത്യാധിപനായ ശംബരന് പറഞ്ഞതുകൊണ്ട് നിര്ജ്ജരന്മാരോട് അനേകവര്‍ഷം ഘോരമായി യുദ്ധം ചെയ്തു. ഞാനാണിത്, ഇതെന്റേതാണ് എന്നുള്ള ഭാവം ആ ദാനവന്മാര്‍ക്ക് ഉള്ളിലുണ്ടായിവരും വിധത്തില്‍ ആരാണ് ഞാനിതെന്ന വിചാരത്താല്‍ തീരെ അതിരില്ലാതെയായി ചമഞ്ഞീടുന്നു. രാഗവും ദ്വേഷവും ഞാനെന്ന ഭാവവും രോഗജരാമരണാദികളില് ഭീതിയും ദൂരെക്കളഞ്ഞിട്ട് സന്തതം പ്രാപ്താര്ത്ഥകാരികളായി സമദര്ശികളായി, മാനസം അല്പംപോലും ചലിക്കാതെ വര്ത്തമാനാനുവര്ത്തികളായി മരുവീടുന്ന വീരരാകുന്ന ദാനവന്മാരാല് സുരസൈന്യമറിയാതെ ധൂര്ത്തരായുള്ള ധനങ്ങളാല്‍ മട്ടുവിട്ട്, ഏറ്റം ഭജിച്ച,് പലവിധ ദുഷ്ക്കൃത്യത്തിനായിക്കൊണ്ട് ഉപയോഗിക്കുന്ന പുഷ്ടമായ ധനംപോലെ നഷ്ടമായിവന്നെന്നു രാമചന്ദ്ര ! നീ ധരിക്കുക. ഭീമഭാസാദികളോട് എതിര്‍ത്ത് ഏറ്റവും ദുഃഖിതയായ ഗീര്വാണവാഹിനി നല്ല ഭംഗിയോടെ ഹിമാദ്രിയില്‍ നിന്നൊഴുകീടുന്ന ഗംഗയാണെന്നു തോന്നും വിധം അപ്പോള്‍ വേഗത്തില്‍ പാഞ്ഞുചെന്ന് കാറ്റിനാല്‍ വിഷമിക്കുന്ന മേഘാവലി പര്വ്വതത്തെയെന്നപോല് ക്ഷീരാബ്ധിയില്‍ പള്ളിനിദ്രകൊള്ളുന്ന നാരായണനെ ശരണം പ്രാപിച്ചു.
കാരുണ്യസാഗരനാകുന്ന നാഥന് അനന്തരം ഘോരമാകുന്ന യുദ്ധത്തില്‍ ആ അസുരരെ ചക്രവഹ്നിജ്വാലകൊണ്ട് ദഹിപ്പിച്ച് പെട്ടെന്ന് വൈകുണ്ഠലോകത്തില്‍ പ്രവേശിപ്പിച്ചു. ആകയാല്‍ മാനസം വാസനയാല്‍ രാഘവ! ബദ്ധമാകുന്നുവെന്നു നീ ധരിക്കുക. വാസനയില്ലാത്ത മാനസം മുക്തമാകുന്നെന്നു സംശയമില്ല. കല്യാണവാരിധേ! നീ വിവേകംകൊണ്ട് അല്പവും വാസനയില്ലാതെയാകണം. സത്യമായുള്ളത് നന്നായി അറിഞ്ഞീടില്‍ ഉള്ളില്‍ വാസനയില്ലാതെയായിടും. വാസന നന്നായി നീങ്ങിയെന്നാകില് എണ്ണയില്ലാത്ത വിളക്കെന്നപോലെ മനസ്സ് നിശ്ചയമായും ഉപശാന്തി വന്നിടും. ഇത് മാനസത്തില്‍ നന്നായി ധരിച്ചീടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: