ന്യൂ ഡൽഹി: കരട് ഡിജിറ്റൽ ഇന്ത്യ നിയമം ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇതര രാജ്യങ്ങൾക്കും പിന്തുടരാവുന്ന തരത്തിൽ മാതൃകാപരമായ നിയമമാകും നടപ്പിലാവുകയെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ഡിജിറ്റൽ ഇന്ത്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പുതുതായി രൂപം കൊള്ളുന്ന ഡിജിറ്റൽ ഇന്ത്യ ബില്ല് ഈ മേഖലയിൽ നിലവിലുള്ള വിവിധ നിയമങ്ങൾ ഏകോപിപ്പിക്കുകയും നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ബ്ലോക്ക് ചെയിൻ, വെബ് 3.0 നിയന്ത്രണങ്ങൾ മുതലായ നൂതന സാങ്കേതിക മേഖലകളിലേതടക്കമുള്ള തെറ്റായ പ്രവണതകളിൽ നിന്ന് ഡിജിറ്റൽ പൗരന്മാരെ സംരക്ഷിക്കുന്നതിന് മതിയായ വ്യവസ്ഥകൾ ഉൾപ്പെടുത്തുകയും ചെയ്യും.
ആഗോള നിലവാരമുള്ള സൈബർ നിയമത്തിന്റെ നല്ല ഒരു ചട്ടക്കൂടാകും ഡിജിറ്റൽ ഇന്ത്യ ബിൽ. 23 വർഷം പഴക്കമുള്ള ഇൻഫർമേഷൻ ടെക്നോളജി (ഐടി) ആക്റ്റിന് പകരമുള്ളതാണ് ഈ ബിൽ. ഇന്ത്യൻ ഐ ടി വ്യവസായ രംഗം ഏറെക്കാലമായി കാംക്ഷിക്കുന്നതും ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതുമായ ഒന്നാണിത് . ബില്ലിന്റെ കരട് തയ്യാറാക്കുന്നതിന് മുമ്പ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഭിഭാഷകർ, ഉപയോക്താക്കൾ, കമ്പനികൾ, സ്റ്റാർട്ടപ്പുകൾ എന്നിവരുമായി ബില്ലിനെക്കുറിച്ച് മൂന്ന് വട്ടം ആഴത്തിലുള്ള കൂടിയാലോചനകൾ നടത്തി അവരുടെ അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമാണ് ബില്ലിന് രൂപം കൊടുത്തതെന്ന് മന്ത്രി പറഞ്ഞു. .
23 വർഷം പഴക്കമുള്ള ഇൻഫർമേഷൻ ടെക്നോളജി നിയമമാണ് നിലവിൽ ഈ മേഖലയെ നിയന്ത്രിക്കുന്നത്. പുതിയ നിയമത്തിന്റെ ഭാഗമായി, സോഷ്യൽ മീഡിയ കമ്പനികൾ അവരുടെ പ്ലാറ്റ്ഫോമുകളിലൂടെ മൂന്നാം കക്ഷികൾ പ്രചരിപ്പിക്കുന്ന ഉള്ളടക്കത്തിനെതിരെ പ്രതിരോധം നേടുന്ന ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെ 79 വകുപ്പ് (സേഫ് ഹാർബർ വ്യവസ്ഥ) ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നു.
“സേഫ് ഹാർബർ നിയമങ്ങൾ വളരെ പുരാതനമാണ്. ഉപഭോക്താക്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേവലം പൈപ്പുകൾ ആയി മാത്രം ഇന്റർനെറ്റ് നിലനിന്നിരുന്ന കാലത്താണ് അവ രൂപം കൊണ്ടത്. അതിലൂടെ കടന്നുപോകുന്നത് എന്തെല്ലാമെന്നതിനെ സംബന്ധിച്ച് അക്കാലത്ത് ആരും ഏറെയൊന്നും ആശങ്കാകുലരായിരുന്നില്ല. എന്നാൽ അതിന് സമാനമായ അവസ്ഥയല്ല ഇന്ന് ഇന്റർനെറ്റ് ലോകത്ത് നിലവിലുള്ളത് . അതിനാൽത്തന്നെ രാജ്യത്തെ നിയമങ്ങൾ കാലാനുസൃതമായി പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്”, രാജീവ് ചന്ദ്രശേഖർ പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: