അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് കരതൊടുമെന്ന മുന്നറിയിപ്പിനിടെ ഗുജറാത്തിലെ കച്ച്, ജുനഗഢ്, ദ്വാരക തുടങ്ങിയ മേഖലകളില്‍ കടല്‍ക്ഷോഭം ഉണ്ടായി. വളരെ ഉയരത്തിൽ തിരമാലകൾ തീരത്തേയ്‌ക്ക് അടിച്ചുകയറി. ജുനഗഢില്‍ മത്സ്യത്തൊഴിലാളികള്‍ അടക്കം താമസിക്കുന്ന ഇടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.
ചുഴലിക്കാറ്റിന്റെ സമയത്ത് മൂന്ന് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സൗരാഷ്‌ട്ര, കച്ച് മേഖലകളില്‍നിന്ന് 75000ല്‍ അധികം പേരെ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. തീരത്ത് പൊതുഗതാഗതം നിരോധിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയും കേന്ദ്ര ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കച്ചില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് കച്ചിലെ 240 ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരായിരിക്കാന്‍ വിവിധ സേനാവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഹാരാഷ്‌ട്രയിലും ഗുജറാത്തിലുമായി 33 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
കരയിൽ നിന്നും 180 കിലോമിറ്റർ അകലെയാണ് ഇപ്പോൾ ബിപർജോയ് ഉള്ളത്. വൈകിട്ടോടെ കര തൊടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: