2016ല്‍ കരൂരില്‍ സ്റ്റാലിന്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്:
”ഈ ജില്ലയില്‍ നിന്നൊരു മന്ത്രിയുണ്ടായിരുന്നു, സെന്തില്‍ ബാലാജി. അയാളെക്കുറിച്ചു പറയാതിരിക്കുന്നതാണ് ഭേദം. മുതിര്‍ന്ന മന്ത്രിമാരെ വരെ മാറ്റി 15 തവണ മന്ത്രിസഭ അഴിച്ചു പണിതപ്പോഴും ഈ ജൂനിയര്‍ മന്ത്രിയെ മാറ്റിയില്ല. അത്രയ്‌ക്ക് പ്രധാനിയാണ് അയാള്‍. അമ്മ (ജയലളിത) ജയിലില്‍ പോയപ്പോള്‍ മുഖ്യമന്ത്രിയാകുമെന്ന് കരുതിയ ആളുകളുടെ പട്ടികയിലും ഈ സെന്തില്‍ ബാലാജിയുടെ പേരുണ്ടായിരുന്നു എന്നതാണ് കഷ്ടം. ബാലാജി മാത്രമല്ല അയാളുടെ സഹോദരനും ഈ പ്രദേശത്തെ കൊള്ളയടിക്കുകയാണ്. എന്തിനും കൈക്കൂലി വാങ്ങുകയാണ്. തട്ടിക്കൊണ്ടുപോകല്‍ അടക്കം നിരവധി കേസുകളാണ് കോടതി പരിഗണിക്കുന്നത്. സെന്തില്‍ ഗതാഗത മന്ത്രിയായിരിക്കേ ബസുകളില്‍ ടിക്കറ്റ് മെഷീന്‍ വാങ്ങാന്‍ നടത്തിയ അഴിമതി, ഞാനാ
ണ് തെളിവുസഹിതം നിയമസഭയില്‍ അവതരിപ്പിച്ചത്. പക്ഷേ, നടപടിയൊന്നുമെടുത്തില്ല. കണ്ടക്ടര്‍ ജോലിക്ക് മൂന്നു ലക്ഷവും മെക്കാനിക് ജോലിക്ക് ആറു ലക്ഷവും കോഴ വാങ്ങി ലക്ഷക്കണക്കിന് ആളുകളെയാണ് വഞ്ചിച്ചത്. തട്ടിപ്പിനിരയായി 48 പേര്‍ പരാതി നല്കിയിട്ടുണ്ട്.”
‘പഴയ പ്രസംഗം സ്റ്റാലിനെ വിനയപൂര്‍വം ഓര്‍മിപ്പിക്കുന്നു’ എന്ന കുറിപ്പോടെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ ട്വീറ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ തിരിഞ്ഞുകുത്തുന്നത്. ജോലിക്കു കോഴക്കേസില്‍ മന്ത്രി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തതിന് കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രംഗത്തു വന്നതിനു പിന്നാലെയാണ് 2016ലെ തെരഞ്ഞെടുപ്പു കാലത്ത് കരൂര്‍ ജില്ലാ കേന്ദ്രത്തില്‍ നടത്തിയ പ്രസംഗം അണ്ണാമലൈ ട്വീറ്റ് ചെയ്തത്.
കരൂര്‍ ജില്ലയിലെ അണ്ണാ ഡിഎംകെയുടെ ഏറ്റവും പ്രധാന നേതാവായിരുന്നു അന്ന് സെന്തില്‍ ബാലാജി. കരൂര്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ച സെന്തില്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതേ ജില്ലയിലുള്ള അരുവാക്കുറിച്ചി മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്. കള്ളക്കടത്ത്, ആളുകളെ തട്ടിക്കൊണ്ടുപോകല്‍, കൈക്കൂലി തുടങ്ങി സെന്തിലും സഹോദരനും ചേര്‍ന്നു നടത്തുന്ന അക്രമങ്ങള്‍ സ്റ്റാലിന്‍ പ്രസംഗത്തില്‍ വിവരിക്കുന്നു. ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്ന സെന്തില്‍ ടിക്കറ്റ് മെഷീന്‍ വാങ്ങിയപ്പോള്‍ നടത്തിയ അഴിമതി തെളിവുസഹിതം നിയമസഭയില്‍ അവതരിപ്പിച്ചത് താനാണെന്ന് ഊറ്റം കൊണ്ട സ്റ്റാലിന്‍ ഇപ്പോള്‍ അറസ്റ്റ് ബിജെപിയുടെ പകപോക്കലെന്ന് വിമര്‍ശിച്ച്, വിലപിക്കുന്ന ഗതികേടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: