‘ധാക്കയിലെ സൂര്യോദയം’ എന്നാണ് ഭാരതത്തെ വെട്ടിമുറിച്ച മുസ്ലീം ലീഗിന്റെ സ്ഥാപനചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. മുസ്ലീംലീഗിന്റെ നുറുവര്‍ഷം എന്നു പറയുമ്പോള്‍ വിഭജനാനന്തരം ഇവിടെയുള്ള ഇന്ത്യന്‍ യൂണിയന് മുസ്ലീംലീഗ് പഴയ പാക്കിസ്ഥാന് വാദികളായവര്‍ തന്നെ എന്നു പ്രഖ്യാപിക്കുകയാണ്. സ്വാതന്ത്ര്യത്തിനുമുമ്പ് അവര്‍ പ്രഖ്യാപിച്ച ‘മുസ്ലീം ഇന്ത്യ’ എന്ന സ്വപ്നം സാക്ഷാത്കരിക്കലാണ് ലക്ഷ്യം. ആ ലക്ഷ്യം നിറവേറ്റാനുള്ള വിവിധ ഉപകരണങ്ങള്‍ മാത്രമാണ് തീവ്രവാദ സംഘടനകളും മതമൗലികവാദ സംഘടനകളും എല്ലാം. അവര്‍ പിന്നാലെ വരും. മുന്നില്‍ അണിയിട്ടുവരുക ലീഗ് ആയിരിക്കും. ആത്യന്തികമായി, സന്ദര്‍ഭം വരുമ്പോള്‍ മുഴുവന്‍ ഭാരതത്തെയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്ഥാന് ആക്കാന്‍ അവരെല്ലാം ഒത്തുചേരുക തന്നെ ചെയ്യും. അതിന്റെ അടയാളങ്ങള്‍ പൗരത്വ നിയമ വിരുദ്ധ സമരത്തിലും മറ്റും നാം കണ്ടു. വിയോജിപ്പുള്ള പ്രസ്ഥാനങ്ങളുടെ പരിപാടിയില്‍ പങ്കെടുത്ത ചില നേതാക്കളെക്കൊണ്ടു മാപ്പു പറയിപ്പിച്ചതും വിലക്കിയതുമൊക്കെ മുസ്ലീം ലീഗിന്റെ ശരിയായ തീവ്രവാദ മുഖത്തെയാണ് തുറന്നുകാട്ടിയത്. ആ ലീഗിനെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മതേതരത്വമെന്ന മൂടുപടമിട്ട് മറയ്ക്കാന്‍ ശ്രമിക്കുന്നത്.
ഭാരതത്തിലെന്നല്ല ലോകത്തൊരിടത്തും മുസ്ലീമിന് ഒരു അമുസ്ലീം ഭരണത്തിന്‍കീഴില്‍ ജീവിക്കുക സാദ്ധ്യമല്ല എന്നു പ്രഖ്യാപിച്ച പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. 1857ലെ സ്വാതന്ത്ര്യ സമരത്തിനെത്തുടര്‍ന്ന് നിരവധി മുസ്ലീം നാമധാരികള്‍ക്ക് കടുത്ത സര്‍ക്കാര്‍ നടപടികള്‍ നേരിടേണ്ടി വന്നു. അത് മുസ്ലീം എന്ന നിലയ്ക്കല്ലായിരുന്നു; സമരക്കാര്‍ എന്ന അടിസ്ഥാനത്തില്‍ മറ്റുള്ള സമരക്കാരോടൊപ്പമായിരുന്നു. ഭാരതീയര്‍ മതത്തിനതീതമായി ദേശീയ ബോധത്തിന്റെ അടിസ്ഥാനത്തില്‍, ഏതാണ്ടെല്ലാ പ്രവിശ്യകളും ഏതെങ്കിലും തരത്തില്‍ പ്രതിനിധീകരിച്ച യുദ്ധമായിരുന്നു 1857ലേത്. ഈ ദേശീയബോധത്തെ ദുര്‍ബലപ്പെടുത്തിയാലല്ലാതെ ബ്രിട്ടീഷ് ഭരണം തുടരാന്‍ കഴിയില്ലെന്ന് അവര്‍ക്കു ബോദ്ധ്യപ്പെട്ടു. അതിനു മൂന്നു പദ്ധതികള്‍ അവര്‍ തയ്യാറാക്കി.
ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായി ചിന്തിക്കുന്ന സമൂഹത്തിലെ മാന്യന്മാരും വിദ്യാസമ്പന്നരുമായവരെ ചേര്‍ത്ത് ബ്രിട്ടീഷുകാരുടെതന്നെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നൊരു വേദിയുണ്ടാക്കി. ആദ്യകാല കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാരില് പലരും ബ്രിട്ടീഷ് ഉദ്യോഗസ്ഥരായിരുന്നു. ബാലഗംഗാധര തിലകനാണ് അതിന്റെ മുഖഛായ മാറ്റിയത്. രണ്ടാമത്, ബ്രിട്ടീഷ് ഉദ്യോഗസ്ഥനും അവരുടെ സുഹൃത്തുമായ സര് സയ്യദ് അഹമ്മദ് ഖാനെ മുന്നില്‍ നിര്‍ത്തി അലിഗഡ് വിദ്യാഭ്യാസ പ്രസ്ഥാനം ആരംഭിച്ചു. 1857ലെ സമരകാലത്ത് അദ്ദേഹം ബിജനൂരില്‍ ബ്രിട്ടീഷ് ജഡ്ജിയായിരുന്നു. ‘ആള് ഇന്ത്യ മുഹമ്മദന്‍ എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സ്’ എന്നാണ് പദ്ധതിയുടെ പേര്. വിദ്യാസമ്പന്നരായ മുസ്ലീങ്ങള്‍ സ്വാതന്ത്ര്യ സമരത്തില്‍നിന്നു വിട്ടുനില്‍ക്കണമെന്നതായിരുന്നു മുഖ്യപാഠം. പലപ്പോഴും അലിഗഡ് വിദ്യാലയങ്ങളുടെ പ്രിന്‍സിപ്പല്‍മാര്‍ ബ്രിട്ടീഷുകാരായിരുന്നു. മൂന്നാമത്, സാമാന്യ മുസ്ലീംങ്ങളില്‍ നിന്ന് ദേശീയ ബോധത്തെ പിഴുതുകളയുന്നതിനു കണക്കാക്കി ബ്രിട്ടീഷുകാര്‍ തന്നെ തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തില്‍ മുസ്ലീം ലീഗ് എന്ന മതരാഷ്ട്രീയ പാര്‍ട്ടിയെ സൃഷ്ടിച്ചു. ആദ്യം തങ്ങളെല്ലാവരും മുസ്ലീങ്ങളാണ്; രണ്ടാമതേ മറ്റെന്തുമായി കണക്കാക്കേണ്ടതുള്ളൂ എന്നതായിരുന്നു ലീഗിന്റെ പ്രഖ്യാപനം.
1906 ഒക്ടോബര്‍ ഒന്നാം തീയതി ‘യൂറോപ്യന്മാര്ക്ക് ഏറ്റവും പരിചിതമായ ഒരു മുസ്ലീം നേതാവായ ആഗാഖാന്റെ’ നേതൃത്വത്തില്‍ 35 മതനേതാക്കള്‍ സിംലയില്‍ ഉണ്ടായിരുന്ന വൈസ്രോയി മിന്റോ പ്രഭുവിനെ സന്ദര്‍ശിച്ചു നിവേദനം നല്‍കിയതാണ് ആദ്യ കാല്‍വെപ്പ് (മുന്‍കൂട്ടി നിശ്ചയിച്ച ഒരു നിവേദന നാടകമായിരുന്നു അത്). ‘സിംല ഡെപ്യൂട്ടേഷന്’ എന്ന് ഈ പ്രഹസനം അറിയപ്പെടുന്നു. അവിടെ വച്ച് എടുത്ത തീരുമാനമാണ് മുസ്ലീംങ്ങള്‍ക്കുവേണ്ടി മാത്രം വാദിക്കുന്ന ഒരു പാര്‍ട്ടിയുടെ രൂപീകരണം എന്ന ആശയം. ‘മുസ്ലിം സമുദായത്തെപ്പറ്റി ഗവണ്മെന്റിനുള്ള തെറ്റായ ധാരണകള്‍ നീക്കാനും… ഇസ്ലാം എന്ന പൊതു ലക്ഷ്യത്തിനുവേണ്ടി അവരെ ഏകോപിപ്പിച്ചുകൊണ്ടുമുള്ള ഇന്ത്യന്‍ മുസ്ലീങ്ങളുടെ പൊതുവേദി’, അതാണ് മുസ്ലീം ലീഗ്.
അലിഗഢ് വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ ഇരുപതാം വാര്‍ഷിക സമ്മേളനത്തിലാണ് പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടായത്. അലിഗഢ് പദ്ധതിയുടെ പ്രയോഗവല്‍ക്കരണത്തിനാണ് രാഷ്ട്രീയ പാര്‍ട്ടി. 1906ലെ രൂപീകരണ സമ്മേളനത്തിലെ ആദ്യ പ്രമേയത്തില്‍ പറഞ്ഞ പ്രധാന കാര്യം, ‘ഇന്ത്യയിലെ മുസല്മാന്മാരില് ബ്രിട്ടീഷ് ഗവണ്മെന്റിനോടുള്ള കൂറ് വളര്‍ത്തിയെടുക്കുകയും ഏതെങ്കിലും വിഷയത്തില്‍ ഗവണ്മെന്റ് കൈക്കൊള്ളുന്ന നപടികളുടെ ഉദ്ദേശ്യത്തെപ്പറ്റി അവര്‍ക്കിടയില്‍ ഉളവാക്കിയേക്കാവുന്ന തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുകയും ചെയ്യുക’ എന്നതായിരുന്നു. മറ്റൊരു പ്രമേയം, 1905 ലെ ബംഗാള്‍ വിഭജനത്തെ തുടര്‍ന്ന് നടന്നുവരുന്ന പ്രക്ഷോഭത്തെ അപലപിക്കുന്നതിനു വേണ്ടിയായിരുന്നു. സര്‍വ്വോപരി ലീഗിന്റെ ലക്ഷ്യമായി പറഞ്ഞത് ‘മുസ്ലീം ഇന്ത്യയെ’ സൃഷ്ടിക്കുക എന്നതുമായിരുന്നു.
ഭാരതത്തിലെ മുസ്ലീങ്ങളും ഹിന്ദുക്കളും ഒരിക്കലും ഒരു രാഷ്ട്രമാവുക സാദ്ധ്യമല്ല. രാഷ്ട്രത്തെ സംബന്ധിച്ച ഏതു നിര്‍വ്വചനം എടുത്താലും മുസ്ലീങ്ങള്‍ വേറെ രാഷ്ട്രമാണ്. ഇതു മനസ്സിലാക്കുന്നതില്‍ ഹിന്ദുക്കള്‍ എന്തുകൊണ്ടാണ് പരാജയപ്പെടുന്നത് എന്നായിരുന്നു ജിന്നയുടെ ചോദ്യം. രണ്ടു മതദര്‍ശനങ്ങള്‍, രണ്ട് സാമൂഹികാചാരങ്ങള്‍, രണ്ട് സാഹിത്യം, ജീവിതത്തെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ ഒക്കെ രണ്ടാണ്. പ്രചോദനം നേടുന്ന ചരിത്രവും വ്യത്യസ്തം. അവര്‍ക്ക് രണ്ടു തരം ഇതിഹാസങ്ങള്‍, രണ്ടു തരം നായകര്‍. ഏതര്‍ത്ഥത്തില്‍ എടുത്താലും ഹിന്ദുക്കളും മുസ്ലീങ്ങളും ഒരു രാഷ്ട്രമല്ല. വേര്‍പിരിഞ്ഞേ മതിയാകൂ എന്നായിരുന്നു ലീഗിന്റെ ലാഹോര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ മുഹമ്മദലി ജിന്ന പ്രഖ്യാപിച്ചത്.”Muslims are a nation” എന്നതായിരുന്നു ആ പ്രസംഗത്തിന്റെ കാതല്‍.
അലിഗഢിലെ പ്രൊഫസര്‍മാരായ സയ്യിദ് സഫ്രുല്‍ ഹസ്സനും മുഹമ്മദ് അഫ്സല് ഹുസൈന് ഖദ്രിയും ചേര്‍ന്നു തയ്യാറാക്കി പ്രചരിപ്പിച്ച ലഘുലേഖയില്‍ പറയുന്നത്, മുസ്ലീങ്ങള്‍ എക്കാലവും ഒരു പ്രത്യേക രാഷ്ട്രമാണ് എന്നാണ്. ഒരുതരത്തിലും ബ്രിട്ടീഷുകാരുടെ കീഴില്‍ ഹിന്ദുക്കളോടൊത്ത് പൊറുക്കുവാന്‍ കഴിയില്ല. മീനിംഗ് ഓഫ് പാക്കിസ്ഥാന് എന്ന പുസ്തകത്തില്‍ എഫ്.കെ.ഖാന് ദുരാനി പറയുന്നത്, ‘ഇസ്ലാം ആന്റ് ദ മുസ്ലീം നേഷന്‍ ഫസ്റ്റ് ആന്റ് എവരിതിംഗ് എല്‍സ് ആഫ്റ്റര്‍വാര്‍ഡ്സ്’ എന്നാണ്. ഇസ്ലാമിലൂടെയല്ലാതെ ഇന്ത്യയ്ക്ക് ഒരിക്കലും യഥാര്‍ത്ഥ സ്വാതന്ത്ര്യം കിട്ടുകയുമില്ല എന്ന് അദ്ദേഹം കടത്തിപ്പറയുകയും ചെയ്യുന്നു. മുഴുവന്‍ ഭാരതവും ഇസ്ലാമിന്റേതാണ്. അതു വീണ്ടും കീഴടക്കണം. ഇസ്ലാമിന്റെ കീഴില്‍ മതപരമായും രാഷ്ട്രീയമായും ഭാരതത്തെ സംഘടിപ്പിച്ച് അന്തിമ വിജയം നേടണം. ഇതായിരുന്നു ദുരാണിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം.
എല്ലാ അര്‍ത്ഥത്തിലും മുസല്മാന് ഭാരതത്തില്‍, ഇതര മതങ്ങളോടൊപ്പം ജീവിക്കുക സാദ്ധ്യമല്ല എന്നു പറഞ്ഞു കൊണ്ടായിരുന്നു പാക്കിസ്ഥാനുവേണ്ടി മുസ്ലീം ലീഗ് വാദിച്ചത്. അത് കോണ്‍ഗ്രസ് അംഗീകരിച്ചു കൊടുക്കുകയും മുസ്ലീം രാജ്യം സൃഷ്ടിക്കുകയും ശേഷിച്ച അധികാരം കൈക്കലാക്കുകയും ചെയ്തു. എന്നാല്‍ വിഭജനത്തോടെ മുസ്ലീംലീഗ് ഇവിടുത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ മുഴുവന്‍ പാക്കിസ്ഥാന് വാദികളും അവിടേക്കു പോവുകയോ ചെയ്തില്ല. വിഭജനാനന്തരം 1947 ഡിസംബര്‍ 14, 15 തീയതികളില്‍ പാക്കിസ്ഥാനില്‍ മുസ്ലീം ലീഗിന്റെ ഗവേണിംഗ് കൗണ്‍സില്‍ യോഗം നടന്നു. ആകെ പങ്കെടുത്ത 300 പേരില്‍ 160 പേരും ഭാരതത്തില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു. സമ്മേളനശേഷം അവര്‍ മടങ്ങിപ്പോന്നു. പിന്നീട് ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് എന്ന പേരില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 1906ല്‍ തുടങ്ങിയ മുസ്ലീം ലീഗിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുക എന്നതാണ് അവരുടെ ദൗത്യം. അതുകൊണ്ടാണ് മുസ്ലീം ലീഗിന്റെ ‘നൂറുവര്‍ഷ’ത്തില്‍ അവര്‍ അഭിമാനം കൊള്ളുന്നത്. വിഭജനത്തിനു മുമ്പ് അവര്‍ പറഞ്ഞുകൊണ്ടിരുന്ന അതേ രാഷ്ട്രീയമാണ് ഇപ്പോഴും പറയുന്നത്. ശരീയത്ത് നിയമത്തിലാണ് അവര്‍ക്കു വിശ്വാസം. ഹിന്ദുക്കള്‍ അവര്‍ക്കു ഭീഷണിയാണ്. മതത്തിന്റെ അടിസ്ഥാനത്തിലേ തങ്ങളെ പരിഗണിക്കാന്‍ പാടുള്ളു. ആനുകൂല്യങ്ങള്‍ മതാടിസ്ഥാനത്തില്‍ വേണം. ഭരണപങ്കാളിത്തം എണ്ണത്തിന്റെ കണക്കില്‍ വേണം. പൊതുനിയമം തങ്ങള്‍ക്കു സമ്മതമല്ല. മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. ഇങ്ങനെ 1947നു മുമ്പു പറഞ്ഞതെല്ലാം അവര്‍ ആവര്‍ത്തിക്കുന്നു. മുമ്പു സഹായിച്ച കോണ്‍ഗ്രസ്-കമ്മ്യൂണ്റ്റ് പാര്‍ട്ടികള്‍ പിന്തുണ കൊടുക്കുന്നു. വീണ്ടും വിഭജനത്തിലേക്ക് ഭാരതത്തെ നയിക്കുന്നു.
ഈ ചതി വിഭജന ശേഷം നെഹ്റു അനുഭവിച്ചറിഞ്ഞതാണ്. അതുകൊണ്ട് ഒരു കാരണവശാലും മേലില്‍ ഇവരെ കൂടെ കൂട്ടരുതെന്ന് നെഹ്രു ശഠിക്കുകയും ആട്ടിയകറ്റുകയും ചെയ്തു. ദേശീയ മുസ്ലീങ്ങളെ മാത്രമേ ഒപ്പം ചേര്‍ക്കാവൂ എന്നും പ്രഖ്യാപിച്ചു. പക്ഷെ കേരളത്തിലെ ഹീനമസ്ക്കരായ കോണ്‍ഗ്രസ് നേതാക്കള്‍ വര്‍ഗീയ വാദികളുടെ പിന്നാലെ കൂടി. അതിനെതിരെ ദേശീയ മുസ്ലീങ്ങള്‍ എന്ന് സ്വയം വിശേഷിപ്പിച്ച മൊയ്തു മൗലവി അടക്കമുള്ളവര്‍ പ്രതിഷേധിക്കുകയും കോണ്‍ഗ്രസില്‍ നിന്ന് പലരും രാജി വയ്ക്കുകയും ചെയ്തു. അധികാരത്തിലായിരുന്നു കോണ്‍ഗ്രസ്സിനു താല്‍പ്പര്യം. നെഹ്രുവിനു പറ്റിയതും അതായിരുന്നു.
1957ലെ ഇഎംഎസ് മന്ത്രിസഭ അഴിമതിയും അക്രമവും ഗുണ്ടായിസവും മൂലം രണ്ടു കൊല്ലം കഴിഞ്ഞ് പിരിച്ചുവിടപ്പെട്ടു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ഏതു ചെകുത്താനെ കൂട്ടുപിടിച്ചും അധികാരം നേടണമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. ദേശീയ നേതൃത്വത്തെ അറിയിക്കാതെ സംഘടിത വോട്ട് കൈയിലുള്ള മുസ്ലീം ലീഗിനെത്തന്നെ കൂടെക്കൂട്ടി, ജയം നേടി. അവരെ മന്ത്രിസഭയിലെടുക്കാന്‍ അനുവദിക്കണമെന്ന് നെഹ്രുവിനോട് അഭ്യര്‍ത്ഥിച്ചു. അദ്ദേഹം കഠിനമായി എതിര്‍ത്തു. സ്പീക്കറായി എങ്കിലും സമ്മതിക്കണമെന്ന് സമ്മര്‍ദ്ദം. എങ്കില്‍ ലീഗില്‍ നിന്നും രാജിവയ്ക്കട്ടെയെന്ന് നെഹ്രു. ഒടുവില്‍ മുസ്ലീം ലീഗില്‍ നിന്നും രാജി വയ്പ്പിച്ച് സീതി ഹാജിയെ സ്പീക്കറാക്കി.(തൊപ്പിയൂരിച്ചെന്നും കേട്ടിട്ടുണ്ട്) അദ്ദേഹം മരിച്ചപ്പോള്‍ സി.എച്ച്.മുഹമ്മദ് കോയയെ രാജി വയ്പ്പിച്ച് സ്പീക്കറാക്കി.
മുസ്ലീം ലീഗെന്നാല്‍ അത്രയും അപകടകാരികളെന്ന് നെഹ്റു സ്വന്തം അനുഭവംകൊണ്ട് തിരിച്ചറിഞ്ഞതാണ്. അതൊരു മുഖംമൂടി മാത്രം. സന്ദര്‍ഭം വരുമ്പോള്‍ ദംഷ്ട്ര പുറത്തെടുക്കുന്ന മതരാഷ്ട്രവാദികള്‍! ഇന്ന് ഭാരതം വിഭജിച്ച അതേ ആള്ക്കാര് വീണ്ടും ഒന്നിക്കുന്നു, ലീഗും കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും. ഫലം പുതിയ വിഭജനമോ? അമേരിക്കയില്‍ പോയി രാഹുല്‍ പ്രഖ്യാപിച്ചത് പുതിയ വിഭജനപദ്ധതിയായിരിക്കുമോ? മതേതരപ്പട്ടത്തിന്റെ മറയില്‍ വിഭജനത്തിന്റെ വിഷവിത്താണോ മുളപ്പിച്ചെടുക്കുന്നത്? ദേശസ്നേഹികളായ എല്ലാവരും രാഷ്ട്രീയ പ്രബുദ്ധതയും കറകളഞ്ഞ ദേശീയബോധവും ജാഗ്രതയും പാലിച്ചില്ലെങ്കില്‍ പുതിയൊരു വിഭജനവും കൂടി നാം അനുഭവിക്കേണ്ടി വരും. ചരിത്രം പഠിക്കുന്നത് അതില്‍നിന്ന് പാഠം പഠിക്കാനാണ്!
(വിശദവായനയ്ക്ക്: മുസ്ലീം രാഷ്ട്രീയത്തിന്റെ നൂറു വര്‍ഷങ്ങള്‍, പാക്കിസ്ഥാന് അഥവാ ഇന്ത്യാ വിഭജനം,The Man Who Divided India, Pakistan Examined, India Divided, The Meaning of Pakistan etc)
പ്രതികരിക്കാൻ ഇവിടെ എഴുതുക: