തിരുവനന്തപുരം: കേരളത്തിന്റെ കരകൗശല ഉത്പന്നങ്ങള്‍ക്ക് പശ്ചിമ ബംഗാളില്‍ വിപണി കണ്ടെത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ്. കരകൗശല വികസന കോര്പ്പറേഷന് ആസ്ഥാനം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാള്‍-കേരള സാംസ്കാരിക വിനിമയ പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ ആര്ട്ടിസാന്മാര്ക്ക് ബംഗാളിലേക്കും ബംഗാളിലെ ആര്ട്ടിസാന്മാര്ക്ക് കേരളത്തിലേക്കും കരകൗശല ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി വേദി ഒരുക്കും. ചെയര്‍മാനും മാനേജിങ് ഡയറക്ടറും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരും കരകൗശല വിദഗ്ധരും അടങ്ങുന്നവരെ കൊല്‍ക്കത്ത രാജ്ഭവനിലേയ്ക്ക് ഗവര്‍ണര്‍ ക്ഷണിച്ചു. അവിടെ താമസിച്ച് കരകൗശല വിദഗ്ധര്‍ക്ക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് സൗകര്യം ചെയ്ത് തരാമെന്നും അവിടെ വച്ചു തന്നെ വില്‍പ്പന നടത്താമെന്നും ഗവര്‍ണര്‍ പറഞ്ഞു.
പശ്ചിമ ബംഗാളില്‍ മൂന്ന് രാജ്ഭവനുകളുണ്ട്, കൊല്‍ക്കത്ത, ഭാരത്പൂര്‍, ഡാര്‍ജിലിങ്. ഭാരത്പൂരില്‍ ഗംഗയുടെ തീരത്തുള്ള രാജ്ഭവനില്‍ ആര്ട്ടിസാന്മാര്ക്ക് താമസിച്ച് കരകൗശല ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സൗകര്യം ഒരുക്കിത്തരാം. ഡാര്‍ജിലിങ്ങിലും ഇതേ സൗകര്യം ചെയ്തു തരാന്‍ സാധിക്കും. എക്സിബിഷന് കം സെയില്‍സ് രാജ്ഭവനില്‍ നടത്തുന്നതിന് അവസരം ഒരുക്കും. അര്‍ഹരായ കരകൗശല കലാകാരന്മാര്ക്ക് രാജ്ഭവനില്‍ നിന്ന് 50,000 രൂപ അവാര്‍ഡ് നല്‍കാമെന്നും ആനന്ദബോസ് അറിയിച്ചു. കരകൗശല വികസന കോര്പ്പറേഷന് ചെയര്മാന് പി. രാമഭദ്രന്, മാനേജിങ് ഡയറക്ടര്‍ കെ.എസ്. അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: