Categories: Kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതിയുടെ കാറും വീട്ടുപകരണങ്ങളും ജപ്തി ചെയ്തു

125 കോടിയോളം രൂപ ബാങ്കിലെ വിവിധ ഭരണസമിതി അംഗങ്ങളില്‍ നിന്നും കേസിലെ പ്രതികളില്‍ നിന്നും തിരിച്ചുപിടിക്കാനുള്ള നടപടികളാണ് നിലവില്‍ പുരോഗമിക്കുന്നത്. തൃശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജയുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍.

Published by

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസ് പ്രതിയുടെ കാര്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ ജപ്തി ചെയ്തു. കമ്മീഷന്‍ ഏജന്റായ ബിജോയിയുടെ വസ്തുവകകളാണ് ജപ്തി ചെയ്തത്. ബാങ്കിന് 22 ലക്ഷം രൂപയുടെ ബാധ്യത വരുത്തിയ കേസിലാണ് നടപടി. 125 കോടിയോളം രൂപ ബാങ്കിലെ വിവിധ ഭരണസമിതി അംഗങ്ങളില്‍ നിന്നും കേസിലെ പ്രതികളില്‍ നിന്നും തിരിച്ചുപിടിക്കാനുള്ള നടപടികളാണ് നിലവില്‍ പുരോഗമിക്കുന്നത്. തൃശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജയുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍.

റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ക്കാണ് ചുമതല. ബാങ്ക് ഡയറക്ടര്‍മാര്‍ ഉള്‍പ്പടെ 25 പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ജില്ലാ കളക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഡെപ്യൂട്ടി കളക്ടര്‍ നേരിട്ടെത്തി കരുവന്നൂര്‍ സഹകരണ ബാങ്കിലെ മുന്‍ കമ്മീഷന്‍ ഏജന്റായിരുന്ന ബിജോയിയുടെ ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി ആഡംബര കാര്‍ ജപ്തി ചെയ്തത്. 15-20 ലക്ഷത്തിന് ഇടയില്‍ വിലയുള്ള കാറാണ് ജപ്തി ചെയ്ത്. ബിജോയിയുടെ പേരില്‍ 22 ലക്ഷം രൂപയുടെ ബാധ്യത ബാങ്കിലുണ്ട്.

വീട്ടുപകരണങ്ങളും ജപ്തി ചെയ്തുവെന്നാണ് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചത്. ഇവ ലേലത്തില്‍ വയ്‌ക്കും. ലേലത്തില്‍ ബിജോയ് വരുത്തിയ ബാധ്യത തിരിച്ചുപിടിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കും. മറ്റ് ഭരണസമിതി അംഗങ്ങളുടേയും വീടും വസ്തുക്കളുമടക്കം ജപ്തി ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി മറ്റു പ്രതികള്‍ക്കെതിരെ റവന്യൂ റിക്കവറി നടന്നുവരികയാണ്. ഇതാദ്യമായാണ് ഈ കേസിന്റെ ഭാഗമായി ഒരു കാര്‍ ജപ്തി ചെയ്തത്.

സിപിഎം നിയന്ത്രണത്തില്‍ ഭരണം നടത്തിയിരുന്ന കരുവന്നൂര്‍ ബാങ്കില്‍ 300 കോടിയില്‍പരം രൂപയുടെ അഴിമതിയാണ് നടന്നത്. ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്നാണ് ഈ വന്‍ തട്ടിപ്പ് നടത്തിയത്. ജീവനക്കാരടക്കമുള്ള അഞ്ചു പേരാണ് മുഖ്യപ്രതികള്‍. തട്ടിപ്പിന് സഹായം നല്കിയെന്ന് കണ്ടെത്തിയ സിപിഎം നേതാക്കളടക്കമുള്ള 11 ഭരണസമിതി അംഗങ്ങളെയും കേസില്‍ പ്രതിയാക്കിയിരുന്നു.

2021 ജൂലൈയിലാണ് ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. തുടര്‍ന്ന് ഇ ഡിയും അന്വേഷണം തുടങ്ങി. മുഖ്യപ്രതികളായ അഞ്ചു പേരുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി. നിക്ഷേപം തിരികെ നല്കാത്തതിനാല്‍ പ്രതിഷേധം ശക്തമാണ്. നിക്ഷേപങ്ങള്‍ തിരികെ നല്കാന്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും നടന്നില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക