കൊച്ചി:പെണ്‍കെണിയില്‍ പെടുത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതിയടക്കം മൂന്ന് പേരെ പൊലീസ് പിടികൂടി.തൃശൂര്‍ സ്വദേശികളായ പ്രിന്‍സ്, പങ്കാളി അശ്വതി, സുഹൃത്ത് അനുപ് എന്നിവരെയാണ് പുത്തന്‍ കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളത്തുള്ള സ്വകാര്യ കമ്പനിയിലെ ജീവനക്കാരനെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പണം കവര്‍ന്നത്. ഡേറ്റിംഗ് ആപ്പിലൂടെയാണ് യുവാവ് അശ്വതിയുമായി പരിചയപ്പെട്ടത്. അനു എന്ന വ്യാജ പേരിലാണ് യുവതി യുവാവിനെ പരിചയപ്പെട്ടത്. കോലഞ്ചേരി സ്വദേശിനിയാണെന്നും ബാംഗ്ലൂരില്‍ പഠിക്കുകയാണെന്നും ഇപ്പോള്‍ നാട്ടിലുണ്ടെന്നും വന്നാല്‍ കാണാമെന്നും യുവാവിന് സന്ദേശം അയച്ചു.
ഇതനുസരിച്ച് കോലഞ്ചേരിയിലെ ബസ് സ്റ്റോപ്പിലെത്തിയ യുവാവിനെ സമീപിച്ച പ്രിന്‍സും അനൂപും പെണ്‍കുട്ടിയുടെ സഹോദരന്മാര് ആണെന്നും തങ്ങള്‍ക്ക് പരാതിയുണ്ടെന്നും പറഞ്ഞ് യുവാവിനെ വാഹനത്തില്‍ നിര്‍ബന്ധിച്ച് കയറ്റി. പെണ്‍കുട്ടിക്ക് സന്ദേശം അയച്ചതിന് പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദ്ദിക്കുകയും യുവാവിന്റെ പക്കല്‍ നിന്നും 23000 രൂപ അക്കൗണ്ടിലൂടെയും പേഴ്സിലെ പണവും കവര്‍ന്ന ശേഷം ഇയാളെ റോഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
ഭയന്ന യുവാവ് സുഹൃത്തുക്കളോട് കാര്യം പറയുകയും സുഹൃത്തുക്കള്‍ വഴി പരാതിനല്‍കുകയുമായിരുന്നു.ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പുത്തന്‍കുരിശ് ഡി.വൈ.എസ്.പി ടി.പി.വിജയന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. നഗരത്തിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് നടന്ന അന്വേഷണത്തില്‍ പ്രതികള്‍ എത്തിയ വാഹനം തിരിച്ചറിഞ്ഞു.എന്നാല്‍ പ്രതികള്‍ കോട്ടയത്തേക്ക് പോയതായി മനസിലാക്കി പുത്തന്‍കുരിശ് പൊലീസ് അവിടെ എത്തിയെങ്കിലും പ്രതികള്‍ സംസ്ഥാനം വിടാന്‍ ലക്ഷ്യമിട്ട് വീണ്ടും കോലഞ്ചേരിയിലേക്ക് തിരികെ എത്തി. പിന്തുടര്ന്നെത്തിയ പൊലീസ് കോലഞ്ചേരി ടൗണില്‍ വാഹനം തടഞ്ഞ് പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും പ്രതികള്‍ വാഹനം വെട്ടിച്ച് രാമമംഗലം ഭാഗത്തേക്ക് കടന്നു. പിന്നീട് പൊലീസ് രാമമംഗലം പാലത്തില്‍ സമീപം സാഹസികമായി പ്രതികളെ കീഴടക്കുകയായിരുന്നു.
പ്രതികള്‍ വര്‍ഷങ്ങളായി ബാംഗ്ലൂരിലും ഗോവയിലുമായി താമസിച്ചു വരികയാണ്. സാമൂഹ്യ മാധ്യമങ്ങല്‍ വഴി പരിചയപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പണം കവരുന്ന രീതി ഏറെക്കാലമായി പ്രതികള്‍ നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: