അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റ് നേരിടാന്‍ തയാറെടുത്ത് ഇന്ത്യയും പാകിസ്ഥാനും. ചുഴലിക്കാറ്റ് ഇന്ത്യയിലെ കച്ചിന് സമീപം കര തൊടുകയും ശേഷം പാകിസ്ഥാനിലേക്ക് നീങ്ങുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
തീവ്ര ചുഴലിക്കാറ്റായി ബിപോര്‍ജോയ് ദുര്‍ബലമാവുകയും വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ചെയ്യുകയാണ്. നാളെ ഗുജറാത്ത് തീരത്ത് 125-135 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഗുജറാത്തില്‍ 50000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ഓട് മേഞ്ഞ വീടുകള്‍ തകരുമെന്നും വൈദ്യുതി, വാര്‍ത്താവിനിമയ ലൈനുകളുടെ തൂണുകളും മരങ്ങളും നിലം പതിച്ചേക്കുമെന്നാണ് കരുതുന്നത്. ട്രെയിന്‍ സര്‍വീസുകളെയും റോഡ് ഗതാഗതത്തെയും ബാധിക്കും. സൈന്യവും ദുരന്തപ്രതികരണ സേനയും തയാറെടുപ്പുകള്‍ നടത്തി.
ചുഴലിക്കാറ്റ് മൂലം ഗുജറാത്തിലെ കച്ച്, ദ്വാരക, ജാംനഗര്‍, പോര്‍ബന്തര്‍, രാജ്കോട്ട്, മോര്‍ബി, ജുനഗര്‍ ജില്ലകളുടെ ചില ഭാഗങ്ങളില്‍ ബുധനാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഏകദേശം 65,000 പേരെ പാകിസ്ഥാന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി പാക് അധികൃതര്‍ അറിയിച്ചു. 75 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: