റിയാദ്: സ്വദേശിവത്കരണത്തിന് കൂടുതൽ പ്രാമുഖ്യം കൊടുത്ത് സൗദി ഭരണകൂടം. രാജ്യത്തെ കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നിലവിൽ വന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് അറിയിച്ചു. സൗദി അറേബ്യയിലെ മോട്ടോർ വെഹിക്കിൾ പീരിയോഡിക് ഇൻസ്‌പെക്ഷൻ മേഖലയിലും ഏഴ് വാണിജ്യ പ്രവർത്തന മേഖലകളിലെ വില്പനശാലകളിലുമാണ് ജൂൺ 12 മുതൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഈ തീരുമാനം സൗദി അറേബ്യയുടെ എല്ലാ പ്രദേശങ്ങളിലും പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ നടപടിയിലൂടെ സൗദി പൗരന്മാർക്കായി ഏതാണ്ട് പതിനേഴായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് മാന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിൽ മോട്ടോർ മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടമാണ് നടപ്പിലാക്കിയിരിക്കുന്നത്. മോട്ടോർ വെഹിക്കിൾ പീരിയോഡിക് ഇൻസ്‌പെക്ഷൻ മേഖലയിലെ സ്വദേശിവത്കരണം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടത്തിൽ അമ്പത് ശതമാനം തൊഴിലുകളിലും, രണ്ടാം ഘട്ടത്തിൽ ഈ മേഖലയിലെ മുഴുവൻ തൊഴിൽ പദവികളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്.
മോട്ടോർ വെഹിക്കിൾ പീരിയോഡിക് ഇൻസ്‌പെക്ഷൻ മേഖലയിലെ സൈറ്റ് മാനേജർ, അസിസ്റ്റന്റ് മാനേജർ, ക്വാളിറ്റി മാനേജർ, ഫിനാൻഷ്യൽ സൂപ്പർവൈസർ, സൈറ്റ് സൂപ്പർവൈസർ, ട്രാക്ക് ഹെഡ്, ഇൻസ്‌പെക്ഷൻ ടെക്‌നീഷ്യൻ, അസിസ്റ്റന്റ് ഇൻസ്‌പെക്ഷൻ ടെക്‌നീഷ്യൻ, മെയിന്റനൻസ് ടെക്‌നീഷ്യൻ, ഇൻഫർമേഷൻ ടെക്‌നീഷ്യൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തൊഴിൽ പദവികളിലാണ് സ്വദേശിവത്കരണം പ്രാബല്യത്തിൽ വരുന്നത്.
ഇതിന് പുറമെ സെക്യൂരിറ്റി, സുരക്ഷാ ഉപകരണങ്ങളുടെ വില്പനശാലകൾ, എലവേറ്ററുകൾ, സ്റ്റെയർസ്, കൺവെയർ ബെൽറ്റ് എന്നിവ വിൽക്കുന്ന വ്യാപാരശാലകൾ, ആർട്ടിഫിഷ്യൽ ടർഫ്, സ്വിമ്മിങ്ങ് പൂൾ എന്നിവ വിൽക്കുന്ന വ്യാപാരശാലകൾ, വാട്ടർ പ്യൂരിഫിക്കേഷൻ ഉപകരണങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ എന്നിവ വിൽക്കുന്ന വ്യാപാരശാലകൾ, കാറ്ററിംഗ് ഉപകരണങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ വില്പനശാലകൾ, ഹണ്ടിങ്ങ്, ട്രിപ്പ് ഉപകരണങ്ങളുടെ വ്യാപാരശാലകൾ, പാക്കേജിങ്ങ് ഉപകരണങ്ങൾ, ടൂൾസ് എന്നിവ വിൽക്കുന്ന വ്യാപാരശാലകൾ തുടങ്ങിയ വ്യാപാരശാലകളിലെ 70 ശതമാനം തൊഴിലുകളിലാണ് ജൂൺ 12 മുതൽ സ്വദേശിവത്കരണം നടപ്പിലാക്കിയിരിക്കുന്നത്.
ഇത്തരം സ്ഥാപനങ്ങളിലെ ബ്രാഞ്ച് മാനേജർ, സൂപ്പർവൈസർ, കാഷ്യർ, കസ്റ്റമർ അക്കൗണ്ടന്റ്, കസ്റ്റമർ സർവീസ് തുടങ്ങിയ തൊഴിൽ പദവികളിലാണ് ഇത് നടപ്പിലാക്കുന്നത്. ക്രമേണ രാജ്യത്തിന്റെ വിവിധ തൊഴിൽ മേഖലകളിൽ ഘട്ടം ഘട്ടമായി സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: