കൊച്ചി : നിയമപ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. 17 വര്‍ഷമായി ലിവിങ് ടുഗതറായി ഒരുമിച്ച് താമസിക്കുകയായിരുന്നവരുടെ വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബകോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്കിയ അപ്പീല്‍ പരിഗണിക്കവേയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
സ്പെഷ്യല്‍ മാര്യേജ് ആക്ടോ അല്ലെങ്കില്‍ വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങള്‍ക്ക് മാത്രമേ നിയമ പ്രകാരം സാധ്യതയുണ്ടാകൂ. ലിവിങ് ടുഗതറായി ഒരുമിച്ച് ജീവിക്കുന്ന പങ്കാളികള്‍ക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാന്‍ സാധിക്കില്ല. ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു.
2006 മുതല്‍ ഒന്നിച്ച് താമസിക്കുന്ന ഹിന്ദു ക്രിസ്ത്യന്‍ സമുദായക്കാരാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഉഭയകക്ഷി സമ്മതപ്രകാരം ഹര്‍ജി നല്‍കിയത്. കരാര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നത്. ഈ ബന്ധത്തില്‍ 16 വയസ്സുള്ള കുട്ടിയും ഉണ്ട്. എന്നാല്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹമോചനത്തിനായി ഹര്‍ജി നല്‍കിയെങ്കിലും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടന്നിട്ടില്ലാത്തതിനാല്‍ കുടുംബകോടതി അത് തള്ളി. ഇതിനെതിരെ ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ജീവിക്കുന്നവരെ വിവാഹിതരായി കാണാന്‍ സാധിക്കില്ല. ലിവിങ് ടുഗതറിനെ നിയമപ്രകാരമുള്ള വിവാഹമായി അംഗീകരിച്ചിട്ടില്ല. വ്യക്തിനിയമ പ്രകാരമോ സ്പെഷ്യല്‍ മാര്യേജ് ആക്ട് പോലുള്ള സെക്കുലര്‍ നിയമപ്രകാരമോ നടത്തുന്ന വിവാഹം മാത്രമേ നിയമം അംഗീകരിക്കുന്നുള്ളു. ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ ഒന്നിച്ചുജീവിക്കാന്‍ തീരുമാനിക്കുന്നതിനെ വിവാഹമായി കാണാനാകില്ല. ചില സമുദായങ്ങളുടെ കോടതിക്കുപുറത്തുള്ള വിവാഹമോചനത്തിനും നിയമപരമായ അംഗീകാരമുണ്ട്. പക്ഷേ ലിവിങ് ടുഗതറിന്റെ വിവാഹമോചന ഹര്‍ജി പരിഗണിക്കാനാകില്ല.
ഹര്‍ജിക്കാരുടെ വിവാഹമോചന ഹര്‍ജി കുടുംബകോടതി തന്നെ മടക്കുകയായിരുന്നു വേണ്ടത്. അതിനായി ഹര്‍ജി കുടുംബകോടതിയിലേക്ക് വീണ്ടും നല്‍കാനും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഹര്‍ജിക്കാര്‍ക്ക് പ്രശ്നപരിഹാരത്തിനായി മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: