ന്യൂദല്‍ഹി: ഇന്ത്യയ്‌ക്ക് ആശ്വാസമായി പണപ്പെരുപ്പം കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറവില്‍പന പണപ്പെരുപ്പം(റീട്ടെയ്ല്‍ ഇന്‍ഫ്ളേഷന്‍) രണ്ടുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്ഥാനും ശ്രീലങ്കയും കോവിഡിന് ശേഷം പണപ്പെരുപ്പത്താല്‍ ശ്വാസംമുട്ടിയാണ് ആഭ്യന്തരകലാപത്തിലേക്ക് നീങ്ങിയത്. ആഗോള തലത്തിൽ പണപ്പെരുപ്പം വെല്ലുവിളിയായി തുടരുമ്പോഴാണ് ഇന്ത്യയുടെ നേട്ടം എന്നതും ശ്രദ്ധേയം തന്നെ.
കോവിഡ് മഹാമാരി, റഷ്യ-ഉക്രൈന്‍ യുദ്ധം എന്നീ രണ്ട് പ്രതിസന്ധികളെ അതിജീവിച്ച് ഇന്ത്യ ഇത്രയും ഭദ്രമായ നിലയില്‍ എത്തിയത് തികച്ചും ആശ്വാസകരമാണ്. കഴിഞ്ഞ മാസത്തെ പണപ്പെരുപ്പ തോതാണ് 4.25 ശതമാനമായി രേഖപ്പെടുത്തിയിരിക്കുന്നത്. റിസര്‍വ്വ് ബാങ്ക് പണപ്പെരുപ്പത്തിന് നിശ്ചയിച്ചിരിക്കുന്ന സഹനപരിധി 6 ശതമാനമാണ്. അതിനേക്കാള്‍ താഴേക്ക് വന്നു എന്നാല്‍ ഇന്ത്യയുടെ സമ്പദ് രംഗം സുരക്ഷിതമാണെന്നാണ് അര്‍ത്ഥം. അതേ സമയം, ചില്ലറ വില്‍പന പണപ്പെരുപ്പം നാലു ശതമാനത്തിനേക്കാള്‍ താഴേയ്‌ക്ക് കൊണ്ടുവരണമെന്നാണ് റിസര്‍വ്വ് ബാങ്കിന് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കുകയെന്ന ഭാരിച്ച ചുമതലയാണ് ആർബിഐയ്‌ക്കുള്ളത്.ഏപ്രിലിൽ റീട്ടെയിൽ പണപ്പെരുപ്പം 4.7 ശതമാനവും, 2022 മെയിൽ 7.04 ശതമാനവുമായിരുന്നു.
പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ അടുത്ത ധനനയത്തിൽ ആർബിഐ റിപ്പോ നിരക്ക് കുറച്ചേക്കും. ബാങ്കുകളിൽ നിന്നും ഭവനവായ്‌പയെടുത്തവർക്ക് ഇത് വലിയ ആശ്വാസമാകും.
തുടർച്ചയായി നാലാം മാസവും റീട്ടെയിൽ പണപ്പെരുപ്പം കുറഞ്ഞത് രാജ്യത്ത് ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കളുടെ വില കുറയാൻ വഴിവയ്‌ക്കും. നിലവിലെ സാഹചര്യം ആഗോള റേറ്റിംഗ് സ്ഥാപനങ്ങളെ ഇന്ത്യയുടെ വളർച്ച പ്രതീക്ഷകൾ ഉയർത്തുന്നതിലേയ്‌ക്കു നയിച്ചേക്കാം.
ഇക്കഴിഞ്ഞ നാലാം പാദത്തിൽ ഇന്ത്യ പ്രവചനങ്ങളേക്കാള്‍ മികച്ച പ്രകടനം കഴ്ചവച്ചിരുന്നു. ഇന്ത്യയിലെ കമ്പനികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മികച്ച നാലം പാദത്തിന്റെ പിൻബലത്തിൽ വാർഷിക വളർച്ചയിലും ഇന്ത്യ മികച്ചു നിന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: