റോട്ടര്‍ഡാം: യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യസെമിയില്‍ ആതിഥേയരായ നെതര്‍ലന്‍ഡ്സും ഖത്തര്‍ ലോകകപ്പ് മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യയും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മത്സരം.
ഇരുഭാഗത്തും പ്രതിഭയാര്‍ന്ന താരങ്ങളും മികച്ച കളിശൈലിയുമുണ്ട്. ആതിഥേയരെന്ന മുന്‍ഗണന ഓറഞ്ച് പടയായ നെതര്‍ലന്‍ഡ്സിനാണ്.
ഇരുടീമുകളും ഇതിന് മുമ്പ് രണ്ട് തവണ മാത്രമാണ് നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. അതില്‍ ഒരു തവണ ക്രൊയേഷ്യയും മറ്റൊന്നില്‍ നെതര്‍ലന്‍ഡ്സും ജയിച്ചു. ഫ്രാന്‍സ് ആതിഥേയരായ 1998 ലോകകപ്പ് ഫുട്ബോളിലെ മൂന്നാം സ്ഥാനമത്സരമായിരുന്നു ആദ്യ പോരാട്ടം. അന്ന് നെതര്‍ലന്‍ഡ്സിനെ തോല്‍പ്പിച്ച് ക്രൊയേഷ്യ മൂന്നാം സ്ഥാനം നേടി. പിന്നീട് ഇരുവരും നേര്‍ക്കുനേര്‍ കണ്ടുമുട്ടിയത് 2008ലാണ്. രാജ്യാന്തര സൗഹൃദമത്സരമായിരുന്ന ആ കളിയില്‍ നെതര്‍ലന്‍ഡ്സ് 3-0ന് ജയിച്ചു.
സ്ലാട്കോ ഡാലിച്ച് എന്ന ക്രൊയേഷ്യന്‍ പരിശീലകന് കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും തന്റെ ടീമിനെ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിച്ചതിന്റെ മികവുണ്ട്. റയല്‍ മാഡ്രിഡ് മദ്ധ്യനിരയിലെ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ച് അടക്കമുള്ള സുവര്‍ണ തലമുറ ഒരു കിരീടം അര്‍ഹിച്ചവരാണ്. അതിനാല്‍ ക്രൊയേഷ്യ എന്തുവിലകൊടുത്തും ജയത്തിനായി ശ്രമിക്കുമെന്ന് തന്നെ കണക്കാക്കാം. ഇന്ന് കരുത്തരായ നെതര്‍ലന്‍ഡ്സിനെതിരെ അവരുടെ നാട്ടില്‍ ഇറങ്ങുന്നു എന്നതാണ് ഈ ടീം നേരിടുന്ന കനത്ത വെല്ലുവിളി. ഡെന്മാര്ക്കിലും, ഫ്രാന്‍സിലും, വിയെന്നയിലും ജയിച്ച് മുന്നേറിയ അനുഭവം മോഡ്രിച്ചിനും സംഘത്തിനുമുണ്ടെന്നത് മറന്നുകൂട.
ഇടക്കാലത്ത് ബാഴ്സലോണയില്‍ വന്‍ പരാജയമായതിന് പിന്നാലെയാണ് ഡച്ച് പരിശീലക സ്ഥാനം റൊണാള്‍ഡ് കോമാന് ഏറ്റെടുക്കുന്നത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കെതിരെ കളിക്കുമുമ്പേ നടന്ന വാക്പോരും തുടര്‍ന്നുള്ള തോല്‍വിയും കോമാന് കനത്ത തിരിച്ചടിയായിരുന്നു. ആ കുറവ് പരിഹരിക്കാന്‍ ഒരു കിരീടമെങ്കിലും ഓറഞ്ച് പടയ്ക്ക് നേടിക്കൊടുക്കണം എന്ന സമ്മര്‍ദ്ദത്തിലാണ് കോമാന്. കഴിഞ്ഞ 35 വര്‍ഷമായി ഡച്ച് ടീമിന് ഒരു കിരീടം പോലും നേടാനായിട്ടില്ലെന്നതാണ് വാസ്തവം. 1988ലെ യൂറോ ചാമ്പ്യന്‍ഷിപ്പ് ആണ് നെതര്‍ലന്‍ഡ്സ് ഏറ്റവും ഒടുവിലായി നേടിയത്.
നാളെ നടക്കുന്ന രണ്ടാം സെമിയില്‍ സ്പെയിന് ഇറ്റലിയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: