വാഷിംഗ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി 20 പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ വ്യവസായ പ്രമുഖരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. കൂടാതെ വാഷിംഗ്ടണിലെ ജോണ്‍ എഫ് കെന്നഡി സെന്ററില്‍ 1,500ലധികം പ്രവാസികളെയും വ്യവസായ പ്രമുഖരെയും അദേഹം അഭിസംബോധന ചെയ്യും.
മാസ്റ്റര്‍കാര്‍ഡ്, ആക്സെഞ്ചര്‍, കൊക്കകോള കമ്പനി, അഡോബ് സിസ്റ്റംസ്, വിസ എന്നിവയുള്‍പ്പെടെ യുഎസിലെ മികച്ച 20 കമ്പനികളുടെ തലവന്മാരും വ്യവസായിക നേതാക്കളും പ്രധാനമന്ത്രിയുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേശീയമാധ്യമമായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഡോ മുകേഷ് അഗിയുടെ നേതൃത്വത്തിലുള്ള ബിസിനസ് അഡ്വക്കസി ഗ്രൂപ്പായ യുഎസ്ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം (യുഎസ്ഐഎസ്പിഎഫ്) അഡോബ് സിസ്റ്റംസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശന്തനു നാരായണ്‍, ആക്സെഞ്ചറിന്റെ സിഇഒ ജൂലി സ്വീറ്റ്, വിസ ഇന്കോര്പറേറ്റിവിന്റെ സിഇഒ റയാന് മക്കിനേര്ണി, മാസ്റ്റര്‍കാര്‍ഡ് സിഇഒ മൈക്കല്‍ മൈബാക്ക്, കോക്ക് കോള സിഇഒ ജെയിംസ് ക്വിന്‍സി ഉള്‍പ്പെടെയുള്ള പ്രമുഖരുമായി അദേഹം കൂടിക്കാഴ്ച നടത്തും.
ഐടി, ടെലികോം, എഫ്എംസിജി, ലോജിസ്റ്റിക്സ്, ഇന്‍ഡസ്ട്രിയല്‍സ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള വ്യവസായ പ്രമുഖര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസ് സ്റ്റേറ്റ് ഡിന്നറില്‍ പങ്കെടുത്തതിനുശേഷവും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുടെ ക്ഷണപ്രകാരം കെയ്റോയിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിന് പോകുന്നതിനുമുമ്പായിരിക്കും ഈ കൂടിക്കാഴ്ച നടത്തുക.
പരിപാടിയില്‍ വ്യവസായ പ്രമുഖര്‍ക്കു പുറമെ ബൈഡന് ഭരണകൂടത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരും ഭാഗമാകും. കെന്നഡി സെന്റര്‍ ഇവന്റിനായി 1,500ലധികം ക്ഷണങ്ങള്‍ അയച്ചിട്ടുണ്ട്. ഇതില്‍ ചില മുന്‍നിര സിഇഒമാരും ബിസിനസ്സ് നേതാക്കളും ഉള്‍പ്പെടുന്നു. ഇന്ത്യയും യുഎസും തമ്മില്‍ കൂടുതല്‍ ശക്തനും ആഴമേറിയതും വിശാലവുമായ ബന്ധത്തിനാണ് നാം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മുകേഷ് ആഗി പറഞ്ഞു.
അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ സ്വതന്ത്രമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ആഗി പറഞ്ഞു. എന്നാല്‍, അമേരിക്കയുടെ നിലപാടിനെ ഇന്ത്യയും പിന്തുണയ്ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുവേദികളില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗവും അദ്ദേഹം അനുസ്മരിച്ചു.
ഇന്ന് സാങ്കേതികവിദ്യകള്‍ ഇന്ത്യയിലേക്ക് ചേക്കേറുന്നത് നമ്മള് കാണുന്നുണ്ട്. ഇന്ത്യ അന്താരാഷ്ട്ര ഫോറത്തില്‍ ചുവടുവെക്കുന്നതും ഒരു സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതും നമ്മള് കാണുന്നു. എന്നാല്‍ യുഎസ് നിലപാടിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അതിനാല്‍, കൂടുതല്‍ ശക്തവും ആഴമേറിയതും വിശാലവുമായ ഒരു ബന്ധം നാം കാണുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 21ന് യുഎന്‍ ആസ്ഥാനത്തെ യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കിയതിന് ശേഷമാകും പ്രധാനമന്ത്രി മോദി ന്യൂയോര്‍ക്കില്‍ എത്തുക. നരേന്ദ്രമോദി തന്റെ സന്ദര്‍ശനത്തിന്റെ ഉഭയകക്ഷി പാദം ആരംഭിക്കുന്നതിനായി ജൂണ്‍ 21ന് ന്യൂയോര്‍ക്കില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസിയിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രസിഡന്റ് ജോ ബൈഡന് ജൂണ്‍ 22ന് അദേഹത്തെ സ്വീകരിക്കും. തുടര്‍ന്ന് വൈറ്റ് ഹൗസില്‍ ആചാരപരമായ സ്വാഗതത്തിനും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും ശേഷം വൈസ് പ്രസിഡന്റ് കമലാ ഹാരിസും സെക്രട്ടറി ബ്ലിങ്കെനും ആതിഥേയത്തില്‍ ഉച്ചഭക്ഷണം കഴിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി ബൈഡന് ഭരണകൂടത്തിലെ ക്യാബിനറ്റ് മന്ത്രിമാരും പ്രധാന നേതാക്കളും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചകള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: