തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം നിയന്ത്രിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് തദ്ദേശ മന്ത്രി എം.ബി. രാജേഷ്. സപ്തംബറില്‍ തുടങ്ങിയ തീവ്രയത്നത്തില്‍ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉദാസീനത കാട്ടി. അപകടകാരികളായ തെരുവുനായ്ക്കളെ ഉപാധികളോടെ കൊല്ലാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ 11 വയസുകാരനായ നിഹാല്‍ നൗഷാദ് മരണമടഞ്ഞ സംഭവം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും ജാഗ്രതയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും പറഞ്ഞ മന്ത്രി, കുറ്റം കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനും ശ്രമം തുടങ്ങി. തെരുവുനായ ശല്യം പൂര്‍ണമായും ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയെന്നത് കേന്ദ്ര നിയമത്തിലെ ചില വ്യവസ്ഥകള്‍ മൂലം ഇപ്പോള്‍ ഏറെ ബുദ്ധിമുട്ടാണെന്നാണ് മന്ത്രിയുടെ നിലപാട്.
മാലിന്യങ്ങള്‍ കൂടുന്നതാണ് തെരുവുനായ ശല്യം കൂടാന്‍ കാരണമെന്ന് സമ്മതിക്കുന്ന മന്ത്രി, നിലവിലുള്ള കേന്ദ്ര വ്യവസ്ഥകള്‍ പ്രകാരം തെരുവുനായ ശല്യം നിയന്ത്രിക്കുക ദുഷ്കരമാണെന്ന വ്യാജപ്രചരണവും നടത്തുന്നു. എബിസി കേന്ദ്രങ്ങള്‍ കൂടുതല്‍ ആരംഭിക്കാതെയും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് പരിഹാരം കാണാതെയും കുറ്റം കേന്ദ്ര സര്‍ക്കാരിന്റെ ചുമലില്‍ കെട്ടിവയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: