ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് രണ്ടാം പതിപ്പ് പരിസമാപ്തമായിരിക്കുന്നു. ഇന്ത്യയ്ക്ക് കപ്പില്ലെന്ന യാഥാര്‍ത്ഥം ഒരു ഫൈനല്‍ കൂടി അറിയിച്ചു. മുന്‍വിധിയോടെ കണക്കുകൂട്ടലുകള്‍ നടത്തിയത് ഇന്ത്യയെ കുഴിയില്‍ ചാടിക്കുകയായിരുന്നു.
ഫൈനല്‍ തുടങ്ങും വരെ ഓവലിലെ ആകാശം മങ്ങിയ നിലയിലായിരുന്നു. ഈ മങ്ങലാണ് ഇന്ത്യന്‍ ക്യാമ്പിനെ അബദ്ധ തീരുമാനത്തിലേക്ക് തള്ളിവിട്ടത്. രവിചന്ദ്രന്‍ അശ്വിനെ പുറത്തിരുത്തിയത് ആദ്യ പിഴ. വെയിലേറ്റ് പിച്ച് നന്നായി വരളാത്ത സാഹചര്യമുണ്ടെങ്കില്‍ പേസ് ബോളിങ്ങിന് വിചാരിക്കുന്ന വേഗത ഉണ്ടാകില്ല. ഇത് ബാറ്റര്‍മാരെ കുഴയ്ക്കും. ഈ കണക്കുകൂട്ടലിലാണ്. ഇന്ത്യന്‍ ബോളിങ് കോച്ച് പരസ് മാംേ്രബ അടക്കമുള്ളവര്‍ അശ്വിന് പകരം ഉമേഷ് യാദവ് എന്ന നാലാം പേസറെ കളത്തിലിറക്കാന്‍ തീരുമാനിച്ചത്.
ടോസ് നേടിയിട്ടും രോഹിത് ഫില്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത് രണ്ടാമത്തെ വിനയായിരുന്നു. രാവിലെ കണ്ട ആകാശത്തിന്റെ കീഴില്‍ കളിക്കുകയാണെങ്കില്‍ ഓസീസ് താരങ്ങളെ ബാറ്റിങ്ങിനയച്ചാലും കാര്യമായൊന്നും ചെയ്യാനാവില്ല. പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് വീഴും എന്നതായിരുന്നു കണക്കുകൂട്ടല്‍.
കളി തുടങ്ങി, ഓവലിന് മീതെ ആകാശം വെട്ടിത്തിളങ്ങാനും തുടങ്ങി. തെളിഞ്ഞ വെയിലില്‍ പിച്ച് മെല്ലെ ബൗണ്‍സും വേഗവും നല്‍കിയതോടെ ബാറ്റര്‍മാര്‍ക്ക് എളുപ്പമായി. ഈ സമയത്താണ് ആദ്യ ഇന്നിങ്സില്‍ ഓസീസിനായി സ്റ്റീവ് സ്മിത്ത്-ട്രാവിസ് ഹെഡ്ഡ് സഖ്യം നിറഞ്ഞാടിയത്. പിന്നെ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രവീന്ദ്ര ജഡേജയ്ക്കൊപ്പം അശ്വിനെ ചേര്‍ക്കാത്തതിന്റെ നഷ്ടം ശരിക്കും അറിഞ്ഞ മണിക്കൂറുകളായിരുന്നു അത്. മുന്‍ സാഹചര്യങ്ങളില്‍ സ്പിന്‍ ബോള്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ബോളര്‍മാര്‍ ഇന്ത്യയ്ക്കുണ്ടായിരുന്നു. ഇന്നത്തെ ടീമില്‍ അങ്ങനെ ആരുമില്ല. അതിന്റെ വേദന കൂടിയാണ് ഓവലിലേത്.
469 റണ്‍സ് എന്ന വന്‍ ടോട്ടലിനെതിരെ ഇന്ത്യ ബാറ്റിങ് ആരംഭിക്കുമ്പോള്‍ ഏവരും പ്രതീക്ഷിച്ചത് പിച്ച് ബാറ്റിങ്ങിനനുകൂലമായ സ്ഥിതിക്ക് ഇന്ത്യയും അതേ തരത്തില്‍ തിരിച്ചടിക്കുമെന്നാണ്. പക്ഷെ അതുണ്ടായില്ല. അജിങ്ക്യ രഹാനെ മാത്രമാണ് പിടിച്ചുനിന്നത്. പൂജാരയും ഷര്‍ദൂല്‍ ഠാക്കൂറും ചേര്‍ന്ന് ചെറിയ പിന്തുണ നല്കിയതിനാല് പെട്ടെന്നുള്ളതോല്വിയില് നിന്നും രക്ഷപെടാന്‍ സാധിച്ചെന്നു മാത്രം. ടോപ്പ് ഓര്‍ഡറില്‍ ഒരാള്‍ക്ക് പോലും പിടിച്ചുനില്‍ക്കാനായില്ലെന്നത് വരും കാലത്ത് പരിശോധിക്കപ്പെടേണ്ടതു തന്നെ.
ആദ്യ ഇന്നിങ്സില്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ രഹാനെ നെടുന്തൂണായി നിന്നതാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് നേരീയ പ്രതീക്ഷയെങ്കിലും നല്‍കിയത്. അഞ്ചാം ദിനം ക്രീസിലെത്തിയ വിരാട് കോലി നേരത്തെ തന്നെ സ്കോട്ട് ബോളന്‍ഡിന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ തന്നെ എല്ലാം തീരുമാനമായിക്കഴിഞ്ഞു. അവിടെ ഇന്ത്യയുടെ ആത്മവിശ്വാസമാകെ ആടിയുലഞ്ഞു. പിന്നീട് അവശേഷിച്ചത് ചടങ്ങുകള്‍ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: