മങ്കൊമ്പ്: കുട്ടനാട്ടില്‍ കര്‍ഷകര്‍ രണ്ടാംകൃഷിയുടെ വിത ആരംഭിച്ചു. എടത്വാ, മുട്ടാര്‍, തകഴി, അമ്പലപ്പുഴ തെക്ക്, കരുവാറ്റ, പുന്നപ്ര തെക്ക് എന്നീ പഞ്ചായത്തുകളിലെ 16 പാടശേഖരങ്ങളിലായി 750.524 ഹെക്ടര്‍ നിലത്താണ് വിത പൂര്‍ത്തിയായി വരുന്നത്.
കുട്ടനാട്ടിലേയും കരിനിലങ്ങളിലേയും കര്‍ഷകര്‍ വിതയ്‌ക്കുള്ള ഒരുക്കത്തിലാണ്. കാലവര്‍ഷവും വെള്ളപ്പൊക്കവും ഉയര്‍ത്തുന്ന ഭീഷണിയെ അതിജീവിച്ച് പതിനായിരം ഹെക്ടറില്‍ ഇത്തവണ രണ്ടാംകൃഷി ഇറക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ആദ്യ വിളവെടുപ്പ് വൈകിയതിനാലാണ് ഇത്തവണ രണ്ടാംവിത താമസിച്ചത്. കാലാവസ്ഥാവ്യതിയാനം കാരണം കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ഹ്രസ്വകാല വിളവുള്ള വിത്തിനങ്ങളാണ് വിതയ്‌ക്കുന്നത്.
100 മുതല്‍ 120 ദിവസത്തിനുള്ളില്‍ വിളവെടുക്കാന്‍ കഴിയുന്ന ജ്യോതി, മനുരത്നം, ത്രിവേണി, മകം തുടങ്ങിയ വിത്തുകള്‍ക്കാണ് കര്‍ഷകര്‍ക്കിടയില്‍ പ്രിയം. ഉമയും മനു
രത്നവുമാണ് രണ്ടാംകൃഷിക്കായി ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ തെരഞ്ഞെടുക്കുന്നത്.
കാലവര്‍ഷം കണക്കിലെടുത്ത് 1അധികജലം കടലിലേക്ക് ഒഴുക്കി വിടുന്നതിനുള്ള നടപടികള്‍ ജലസേചന വകുപ്പ് ആരംഭിച്ചിട്ടുണ്ട്. തണ്ണീര്‍മുക്കം, തോട്ടപ്പള്ളി സ്പില്‍വേ, കായംകുളം കായല്‍ എന്നിവിടങ്ങളിലൂടെയാണ് പ്രധാനമായും അധികജലം ഒഴുക്കിവിടുന്നത്. തോട്ടപ്പള്ളി പൊഴിമുഖം തുറക്കുന്ന ജോലികളും ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: