ഭീമാദ്യുപാപാഖ്യാനം
വസിഷ്ഠന്‍ പറഞ്ഞു, ‘ആത്മാവില്‍ വര്‍ത്തിച്ചിടുന്ന സകലവും സര്‍വ്വാത്മകനായീടുന്ന ആത്മാവുതന്നെയാണ്. അങ്ങനെയായിരിക്കെ തന്റെ ദൗര്‍ഭാഗ്യദൈന്യതകൊണ്ട് നന്ദനന്‍ വേണം, തന്റെ ഇപ്പോഴത്തെ കൃഷിയൊന്നു നേടണം എന്നേവമുള്ള ഒരു ബുദ്ധിയുണ്ടാകുന്നുവെന്ന് ധന്യമൗലേ നീ നന്നായി വിചാരിക്കുക. സത്യം പ്രകാശിച്ചിടാതെയിരിക്കുന്നത് ഈ ബുദ്ധിയുള്ളതുകൊണ്ടാണ്. ഈ മൂന്നുലോകങ്ങളെയും ഉള്ളില്‍ തൃണംപോലെ ഓര്‍ക്കുന്നതാരാണോ, യാതൊരാപത്തും അവനെ തൊടുകയില്ലെന്നതില്‍ അല്പംപോലും സംശയമില്ല. നിത്യവും ഏതൊരുത്തന്റെ ചിത്തത്തിങ്കല്‍ സത്യത്തിന്റെ ചമല്‍ക്കൃതിയുണ്ടായിടുന്നുവോ അവനെ ലോകേശന്മാര്‍ അഖണ്ഡമാകുന്ന ബ്രഹ്മാണ്ഡമെന്നതുപോലെ കാക്കുമെന്നോര്‍ക്കുക.
രാഘവ! ഗുണങ്ങളില്‍ മോദമാര്‍ക്കാണ്, അര്‍ക്കാണോ ശ്രവണത്തില്‍ താല്പര്യമുണ്ടായിടുന്നത്, സത്യത്തെക്കുറിച്ച് വ്യസനിക്കുന്ന അവരാണു മനുഷ്യര്‍. അല്ലാത്തവരൊക്കെയും മാടുകള്‍. ദുരന്തമായീടുന്ന ആപത്തിലും അക്രമം അല്‍പ്പവും ചെയ്യരുതെന്നോര്‍ക്കുക. നല്ല ഗുണങ്ങളെക്കൊണ്ട് ഈ ഭൂമിയില്‍ ആരാണ് കീര്‍ത്തിയെ വളരെയധികം നേടിയവര്‍, വശ്യരല്ലാത്തവരായവര്‍ക്കേറ്റവും വശ്യരായി വന്നീടും, അത്രയുമല്ല, ആപത്തുകള്‍ മുഴുവനും ക്ഷയിച്ചില്ലാതെയാകുകയും അക്ഷയമായ ഐശ്വര്യമുണ്ടാവുകയും ചെയ്യും. ഉള്ളില്‍ ഉത്സാഹമാര്‍ന്ന് പുരുഷപ്രയത്‌നവും നല്ലവണ്ണമുള്‍ക്കൊണ്ട്, മങ്ങാതെ, ശാസ്ത്രപ്രകാരം നടക്കുന്ന മുഷ്യനു സിദ്ധിച്ചിടാത്തതായി എന്തോന്നുള്ളു? ശാസ്ത്രപ്രകാരം നടന്നുകൊണ്ടീടണം. സിദ്ധികളില്‍ താല്പര്യം ഒട്ടുമുണ്ടാകരുത്. വളരെക്കാലംകൊണ്ട് പക്വമാകുന്ന സിദ്ധി പുഷ്ടഫലമായി പരയായി ഭവിച്ചീടുന്നു.
ദുഃഖം, ആയാസം, ഭയം, കാംക്ഷ, കൗടില്യം എന്നിവയൊന്നുമേ ഉള്‍ക്കാമ്പില്‍ പറ്റാതെ, വ്യവഹാരമെല്ലാം യഥാശാസ്ത്രം ചെയ്തുകൊണ്ടീടുക, നീ നശിച്ചുപോകരുത്. അര്‍ത്ഥം അനര്‍ത്ഥത്തെ ഉണ്ടാക്കുന്നതാണെന്നോര്‍ക്കുക. ഭവരോഗം ഭോഗങ്ങള്‍ സൃഷ്ടിക്കുന്നുവെന്നു മനസ്സിലാക്കുക. സമ്പത്തു സര്‍വ്വവും ആപത്തുതന്നെയെന്നു സംശയമില്ല. നല്ലതു രാമ! നിരാശയാണ്. രാമ! സദാചാരപരനായി ചാരുചരിതനായി ദുഃഖമായിട്ടുള്ള സംസാരസൗഖ്യത്തില്‍ ആഗ്രഹംകൂടാതെവാഴുന്ന വിവിക്ത വ്യക്തിക്ക് ആയുസ്സും സത്ഗുണജാലവും ശ്രേയസ്സും ലക്ഷ്മിയോടുകൂടി, നല്ല ഫലത്തിന് വസന്തത്തില്‍ ഉല്ലസിച്ചുനില്‍ക്കുന്ന വല്ലികളെന്നപോലെ, വിളങ്ങിടും. തീര്‍ത്ഥങ്ങള്‍, നല്ല തപസ്സുകള്‍, ശാസ്ത്രങ്ങള്‍ എന്നിവകൊണ്ട് എന്താണു ഫലം? സംസാരസിന്ധുവില്‍നിന്നു കരേറുവാന്‍ സത്സേവകൊണ്ടേ കഴിയുകയുള്ളൂ എന്നത് നിശ്ചിതമാണ്. ലോഭവും മോഹവും ക്രോധവും ഏതൊരുത്തന്നു നാള്‍ക്കുനാള്‍ കുറയുന്നുവോ, ശാസ്ത്രപ്രകാരം സ്വകര്‍മ്മവും ചെയ്യുന്നവനാര് അവന്‍ സജ്ജനമാകുന്നു. ഞാനെന്നതിന് ഒരര്‍ത്ഥം ഗ്രഹിക്കിലോ നിശ്ചയമായും ചിദംബരമായി ഭവിക്കും. (ചിത്ത്+അംബരം=ചിദംബരം. അംബരമെന്നാല്‍ ആകാശം. തമിഴരുടെ പ്രശസ്തമായ ശൈവസിദ്ധാന്തമനുസരിച്ച് അംബരമെന്നാല്‍ തുറന്ന സ്ഥലം). നീരജലോചന! ചിച്ചന്ദ്രിക അഹങ്കാരമാകുന്ന മേഘത്താല്‍ ആവൃതമായിരിക്കുന്ന കാലത്തില്‍ തെല്ലും പരമാര്‍ത്ഥമായ ആമ്പല്‍പ്പൊയ്ക ഉല്ലസിക്കുകയില്ലെന്നു നീ ഓര്‍ക്കുക. ഞാനെന്ന ഭാവമാണ് അക്ഷയമായ സംസാരമാകുന്ന വന്‍വൃക്ഷങ്ങളള്‍ക്ക് മുളയായീടുന്നതെന്നോര്‍ക്കുക. എന്നുടേതാകുന്നതെന്നുള്ളതു ദുഃഖമാകുന്ന കായുള്ള അതിന്റെ ശാഖകളാകുന്നു.’
കോമളാകാരന്‍ രഘുകുലനായകന്‍ മാമുനിയോടു ചോദിച്ചു, ‘കാരുണ്യവാരിധേ! അഹങ്കാരം എന്താകാരമാര്‍ന്നുള്ളതാകുന്നു? ഇതിനെ എങ്ങനെ നീക്കാം? അത് ദേഹത്തോടുകൂടിയതോ ദേഹമില്ലാത്തതോ? തള്ളിക്കളഞ്ഞീടില്‍ എന്തു ഭവിക്കുമെന്ന് ഉള്ളില്‍ കൃപയോടെ അരുളിച്ചെയ്യണം.’ ശ്രീരാമചന്ദ്രന്റെ വാക്യം കേട്ട് വളരെ സന്തോഷത്തോടെ മാമുനി പറഞ്ഞു, ‘മാന്യബുദ്ധേ രാമചന്ദ്ര! ജഗത്രയത്തില്‍ അഹങ്കാരം മൂന്നു വിധത്തിലുണ്ടെന്നോര്‍ക്കുക. അതില്‍ രണ്ടെണ്ണം നന്നെന്നറിയുക. ഒന്നാശു ദൂരെക്കളയേണ്ടതാകുന്നു. നിന്നോടതു മൂന്നും ഞാന്‍ സകൗതുകം പറയാം. ഓര്‍ത്താല്‍ ഞാനാണഖിലവും, അച്യുതനായി വിളങ്ങുന്ന ഞാന്‍ പരമാത്മാവാണ്. ഞാനൊഴിഞ്ഞൊന്നുമില്ലെന്നുള്ള ബോധംതന്നെ അത്യുല്‍ക്കൃഷ്ടമാകുന്ന അഹങ്കാരം. അതു ബന്ധമുണ്ടാക്കില്ലെന്നോര്‍ക്കുക. ഏഅത് ജീവന്മുക്തനുള്ളതാകുന്നു. ഞാനല്ല ഇക്കാണുന്നതൊന്നുമെന്നും, ഞാനൊരു നെല്ലിന്റെ വാലിന്മുനയേക്കാള്‍ പാരം ചെറിയതാണെന്നുമുള്ള ബോധം ഗുണം ചേരുന്ന രണ്ടാമഹങ്കാരമാകുന്നു. ഇതു ബന്ധമുണ്ടാക്കില്ല; മോക്ഷദായകമാണ്, ജീവന്മുക്തനുള്ളതാണിത്. പാണിപാദാദികളുള്ള ദേഹമീഞാനെന്നുറച്ചു വാണീടുന്നതുതന്നെ മൂന്നാമതായുള്ള അഹങ്കാരം. അതു നിന്ദ്യവും ലൗകികവുമാണെന്നോര്‍ക്കുക. സംസാരസന്തതിക്കുളള കിഴങ്ങാണിതെന്നു കരുതി പെട്ടെന്ന് ദൂരെക്കളഞ്ഞീടേണ്ടതാകുന്നു. ഈ അഹങ്കാരം നിമിത്തം ജന്തുക്കള്‍ കീഴ്‌പ്പോട്ടു പതിക്കുന്നു. ശങ്കകൂടാതെ ഈ ദുരഹങ്കാരം ഏറ്റവും ദൂരെക്കളഞ്ഞ് ശിഷ്ടാഹങ്കാരവാനായവന്‍ മുക്തനായീടുന്നുവെന്നു ധരിക്കുക. തുംഗബുദ്ധേ! അതിലൗകികങ്ങളാകുന്ന ആദ്യത്തെ രണ്ടഹങ്കാരങ്ങള്‍കൊണ്ട് ലൗകികമായി ദുഃഖപ്രദമായ മുന്നാമഹങ്കാരം ത്യജിക്കണം. പെട്ടെന്നു ദൂരെ പരിത്യജിക്കേണ്ടതും ദുഃഖപ്രദവുമായ ഈ അഹങ്കാരത്തെ എത്രമാത്രം വിട്ടു പുമാന്‍ വാഴുന്നുവോ അത്രമാത്രം അവന്‍ പരത്തെ പ്രാപിക്കുന്നു.
ഹേ രാമ! ആദ്യമായി പറഞ്ഞ രണ്ടഹങ്കാരങ്ങളെ നല്ലവണ്ണം ഭാവിച്ചിരിക്കുന്ന സല്‍പ്പുമാനായവന്‍ അത്യുത്തമമായ തല്‍പ്പദം പ്രാപിക്കും, യാതൊരു സംശയവുമില്ല. പിന്നെ, ആ രണ്ടഹങ്കാരങ്ങളും വെടിഞ്ഞ് എന്നും അഹങ്കാരം ഒന്നും കൂടാതെ വര്‍ത്തിക്കുന്നവന്‍ അത്യുച്ചമായ പദത്തിലെത്തിയ സല്‍പ്പുമാനെന്നു നീ അറിയുക. ഈ ദേഹമാണ് ഞാനെന്നുള്ള ഭാവമില്ലാതെകണ്ടുള്ള ദേഹാവസ്ഥ, ഓര്‍ക്കുകില്‍ രാമ! മഹാപുണ്യഹേതുവാം ശ്രേയസ്സുമാകും. ആയതുതന്നെ ഏറ്റവും പരമപദം. ഹേ രാഘവ! ഇനി ‘ഭീമഭാസദൃഢസ്ഥിതി’ നന്നായി പറയാം, നീ കേള്‍ക്കുക. ദാമാദികളുടെ വര്‍ത്തമാനം മഹാകേമനാം ശംബരന്‍ കേട്ട്, പെട്ടെന്നു കോപമാര്‍ന്ന് വൃന്ദാരകന്മാരെയെല്ലാം ഒടുക്കുവാന്‍ പിന്നെയും ഓരോ വഴികളോര്‍ത്തു. ഞാന്‍ മുമ്പ് മായയാല്‍ സൃഷ്ടിചെയ്ത ദാമാദികള്‍ക്ക് ആത്മബോധമില്ലായ്കയാല്‍ കഷ്ടം! അഹങ്കാരമുണ്ടായിവന്നിട്ട് എല്ലാവരും കെട്ടുപോയി. അതുകൊണ്ട് ഇനി അദ്ധ്യാത്മശാസ്ത്രമറിഞ്ഞ്, വിവേകമാര്‍ന്ന് ഉത്തമമന്മാരായ ദൈത്യന്മാരെ മായയാല്‍ ഞാന്‍ സൃഷ്ടിചെയ്യുന്നുണ്ട്. അവര്‍ വളരെ നന്നായി തത്ത്വം ഗ്രഹിക്കനിമിത്തം മിത്ഥ്യയായുള്ള അഹങ്കാരം അല്പവും ഉള്ളില്‍ ഉദിച്ചീടുകയില്ല. അവരിങ്ങ് വൃന്ദാരകന്മാരെയൊക്കെ ഒടുക്കീടുമെന്നതില്‍ സംശയം വേണ്ട. മനസ്സില്‍ ഇപ്രകാരമോര്‍ത്ത് ഇന്ദ്രാരി മായയാല്‍ ഒരേപോലുള്ള മൂന്നു അസ്സുരന്മാരെ, സമുദ്രം കുമിളകളെയെന്നപോലെ, സൃഷ്ടിചെയ്തു. അറിയേണ്ടതെല്ലാം നന്നായി അറിഞ്ഞവര്‍, അവര്‍ക്ക് അറിവില്ലാത്തതായി യാതൊന്നുമില്ല. രാഗവും ദ്വേഷവും അവര്‍ക്കൊന്നിലുമില്ല. അവര്‍ക്ക് അല്പവും ദുഃഖവുമില്ല. മുമ്പെന്നും പിമ്പെന്നും വിചാരിക്കുകയില്ല. സംഭവിക്കുന്നതുപോലെ പ്രവര്‍ത്തിക്കും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: