ജയപാലന് ചിറയിന്‍കീഴ്
ചിറയിന്‍കീഴ്: വിവാദങ്ങള്‍ക്കൊടുവില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസിന്റെ റെസ്ക്യൂ ബോട്ട് വീണ്ടും കട്ടപ്പുറത്ത്. ഇതോടെ മുതലപ്പൊഴിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കോസ്റ്റല്‍ പോലീസിന് വീണ്ടും മത്സ്യത്തൊഴിലാളികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
എഞ്ചിന് സംബന്ധമായ തകരാറുകളാണ് ബോട്ട് വീണ്ടും കട്ടപ്പുറത്താകാന്‍ കാരണം. കൃത്യമായ ഇടവേളകളില്‍ എഞ്ചിന് ഓയില്‍ മാറ്റാത്തതാണ് നിലവിലെ തകരാറിന് കാരണമെന്നാണ് സൂചന. ആറുമാസമോ അല്ലെങ്കില്‍ 250 മണിക്കൂറോ സര്‍വീസ് നടത്തിയാല്‍ എഞ്ചിന് ഓയില്‍ മാറ്റണമെന്നാണ് വ്യവസ്ഥ. കാലാവധി കഴിയാറായപ്പോള്‍ തന്നെ എന്ജിന് ഓയില്‍ മറ്റണമെന്നുള്ള വിവരം കോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് അറിയിച്ചിരുന്നത്രെ. എന്നാല്‍ കോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് ഇതിനായുള്ള കരാര്‍ നല്‍കിയിട്ടുള്ളത് കൊച്ചിന് ഷിപ്പിയാര്ഡിനാണ്. ഓരോ ബോട്ടുകള്‍ക്കും ഏകദേശം 20,000 രൂപയോളമാണ് ഇതിനായുള്ള കരാര്തുകയെന്നാണ് സൂചന. കോസ്റ്റല്‍ പോലീസിന്റെ സംസ്ഥാനത്തെ എല്ലാ റെസ്ക്യൂബോട്ടുകള്ക്കും കൃത്യമായ ഇടവേളകളില്‍ എഞ്ചിന് ഓയില്‍ ഉള്‍പ്പെടെയുള്ളവ മാറ്റി അറ്റകുറ്റപ്പണി തീര്‍ക്കുന്നതിനായി കരാര്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ഇതിന്റെ കാലാവധി കഴിഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും പറയുന്നു.
ഇനി പുതിയ കരാര്‍ നല്കിയാല് മാത്രമേ, ബോട്ടിന് വീണ്ടും സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുകയുള്ളു. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കരാര്‍ പുതുക്കുന്നതിനുള്ള പ്രധാന തടസ്സമെന്നാണ് സൂചന. നിലവില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് ബോട്ടും കടലില്‍ ഇറക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അഴിമുഖചാല് മണല്‍ മൂടിയതോടെ ആവശ്യത്തിന് ആഴമില്ലാതായതാണ് വലുപ്പകൂടുതലുള്ള മറൈന്‍ എന്‍ഫോഴ്സ്മെന്റ് ബോട്ട് സര്‍വീസിന് തടസ്സമായത്.
മാത്രമല്ല ട്രോളിംഗ് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയൊരു ബോട്ട് കൂടി എത്തുമെന്നും പറയപ്പെടുന്നു. എന്നാല്‍ ഈ ബോട്ടിനും നിലവിലെ സാഹചര്യത്തില്‍ സര്‍വീസ് നടത്താന്‍ സാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇതോടെ മുതലപ്പൊഴിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയ അവസ്ഥയിലാണ്. ഇത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: