ന്യൂദല്ഹി: പാരീസ് ഡയമണ്ട് ലീഗില് വെങ്കലം നേടിയ ലോങ്ജംപ് താരം ശ്രീശങ്കര് മുരളിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. പാരീസ് ഡയമണ്ട് ലീഗിലെ മികച്ച പ്രകടനത്തിലൂടെ ശ്രീശങ്കര് മുരളി ചരിത്രം രചിച്ചു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കുതിപ്പ് അഭിമാനകരമായ വെങ്കല മെഡലും ഡയമണ്ട് ലീഗിലെ ലോംഗ് ജമ്പില് ഇന്ത്യക്ക് ആദ്യ മെഡലും ഉറപ്പിച്ചു. അദ്ദേഹത്തിന് അഭിനന്ദനങ്ങളും വരാനിരിക്കുന്ന ശ്രമങ്ങള്ക്ക് ആശംസകളെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോംഗ് ജമ്പിലാണ് മലയാളികൂടിയായ എം. ശ്രീശങ്കറിന് വെങ്കലം നേടിയത്. 8.09 മീറ്റര് ചാടിയാണ് ശ്രീശങ്കര് വെങ്കല നേട്ടത്തിനുടമയായത്. ഗ്രീസിന്റെ മില്ത്തിയാദിസ് തെന്റഗ്ലൂവിനാണ് സ്വര്ണം. 8.13 മീറ്ററാണ് മില്ത്തിയാദിസ് തെന്റഗ്ലൂ ചാടിയത്. സ്വിറ്റ്സര്ലന്ഡിന്റെ സൈമണ് ഇഹാമര് വെളളി നേടി.
വികാസ് ഗൗഡയ്ക്കും നീരജ് ചോപ്രയ്ക്കും ശേഷം ഡയമണ്ട് ലീഗില് ആദ്യ മൂന്ന് സ്ഥാനങ്ങളില് എത്തിയ മൂന്നാമത്തെ ഇന്ത്യന് താരമാണ് ശ്രീശങ്കര്. മൂന്നാം ശ്രമത്തില് 8.09 മീറ്റര് ചാടിയതോടെ ശ്രീശങ്കര് രണ്ടാമത് എത്തിയിരുന്നു. എന്നാല്, നാലാമത്തെ ശ്രമം ഫൗളായി. ഈ ശ്രമത്തില് സൈമണ് ഇഹാമര് 8.11 മീറ്റര് ചാടി. അഞ്ചാം ശ്രമത്തില് ശ്രീശങ്കര് 7.99 മീറ്ററാണ് ചാടിയത്. ആറാം ശ്രമവും ഫൗളായി. കഴിഞ്ഞ തവണ ഡയമണ്ട് ലീഗില് ശ്രീശങ്കര് ആറാമതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: