മുംബൈ: അറബിക്കടലില്‍ നാവികസേനയുടെ വിപുലമായ അഭ്യാസ പ്രകടനം. ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് വിക്രമാദിത്യ എന്നീ വിമാനവാഹിനികളും 35ലേറെ വിമാനങ്ങളും ഉപയോഗിച്ചുള്ള പ്രകടനം ഏറ്റവും വലിയ സൈനികാഭ്യാസങ്ങളില്‍ ഒന്നാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന സായുധ ബലം കൂട്ടുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ നാവികസേനയുടെ ഈ നീക്കം.
വിമാനവാഹിനികള്ക്കു പുറമേ ഇതര യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും എല്ലാം ഇതില്‍ പങ്കെടുത്തു. രാജ്യത്തിന്റെ കടല്‍ സുരക്ഷ വര്‍ധിപ്പിക്കുകയാണ് നാവികസേനയുടെ ലക്ഷ്യമെന്ന് നാവികസേനാ വക്താവ് കമാന്‍ഡര്‍ വിവേക് മാധ്വാള്‍ പറഞ്ഞു. രണ്ട് വിമാനവാഹിനികള്‍ ഉള്‍പ്പെടുത്തിയുള്ള ആദ്യത്തെ കൂറ്റന്‍ അഭ്യാസ പ്രകടനമായിരുന്നു ഇന്നലെ. സപ്തംബറില്‍ ഐഎന്‍എസ് വിക്രാന്ത് സേനയില്‍ ഉള്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ ദൗത്യവും. വിമാനവാഹിനികളില്‍ നിന്ന് വിമാനങ്ങളും കോപ്ടറുകളും പറന്നുയര്‍ന്നു, പറന്നിറങ്ങി. എവിടെയും ഇവ താവളമാക്കി നാവികസേനയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഇതോടെ ഉറപ്പായി.
ആഗോള വെല്ലുവിളികള്‍ക്കിടയില്‍ രാജ്യ താത്പര്യം സംരക്ഷിക്കാന്‍ ഇത് ഉപകരിക്കും. ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് വിക്രാന്തില്‍ യുദ്ധവിമാനത്തിന്റെ രാത്രി ലാന്‍ഡിങ് വിജയകരമായി നടത്തിയത്. മിഗ് 29 ആണ് ഇറക്കിയത്. അടുത്ത വര്‍ഷത്തോടെ 45,000 ടണ്‍ ഭാരമുള്ള വിക്രാന്തിലെ വിമാന വിഭാഗം പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകും. എംഎച്ച് 60 റോമിയോ ഹെലിക്കോപ്ടറും കഴിഞ്ഞ ദിവസം വിക്രാന്തില്‍ ഇറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: