എറണാകുളം : എഴുതാത്ത പരീക്ഷ ജയിച്ചതായി കാട്ടിയുളള മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരാതിയില്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. എന്നാല്‍ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്ന് കേസിലെ രണ്ടാം പ്രതി കൂടിയായ പ്രിന്‍സിപ്പല്‍ മൊഴി നല്കി.
സാങ്കേതികപ്പിഴവാണ് സംഭവിച്ചതെന്ന് പ്രിന്‍സിപ്പല്‍ മൊഴി നല്കി. ഇത് സാധൂകരിക്കാന്‍ ചില രേഖകളും പ്രിന്‍സിപ്പല്‍ അന്വേഷണസംഘത്തിന് കൈമാറിയെന്നാണ് വിവരം. ജില്ലാ ക്രൈംബ്രാഞ്ച് എ സി പി പയസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം കോളേജിലാണ് പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തത്.
ആര്‍ഷോയുടെ പരാതിയില്‍ ആര്‍ക്കിയോളജി വിഭാഗം അധ്യാപകനായ വിനോദ് കുമാറിനെയും ചോദ്യം ചെയ്യും. കേസില്‍ അഞ്ചു പ്രതികളാണുളളത്.
ജൂനിയര്‍ വിദ്യാര്‍ഥികളുടെ ഫലത്തിനൊപ്പം തന്റെ പേര് ഉള്‍പ്പെട്ടതില്‍ ഗൂഡാലോചനയുണ്ടെന്നാണ് ആര്‍ഷോയുടെ പരാതി. ആര്‍ക്കിയോളജി വകുപ്പ് മേധാവിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നും ആരോപണമുന്നയിച്ചു.
അതേസമയം മാര്‍ക്ക് ലിസ്റ്റില്‍ വിവാദത്തില്‍ ആര്‍ഷോയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുളളത്. ആര്‍ഷോ നല്കിയ പരാതിയും കെ വിദ്യക്കെതിരായ വ്യാജരേഖ കേസും രണ്ടും രണ്ടാണെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: